Ashutosh Sharma: വിഷാദത്തോട് പടപൊരുതിയവന്‍, പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയവന്‍; അശുതോഷ് നമ്മള്‍ വിചാരിച്ചയാളല്ല സര്‍
Ashutosh Sharma Cricket Journey: ഒരിക്കല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥാനം നഷ്ടപ്പെട്ടവനായിരുന്നു അശുതോഷ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശ് ടീമില്‍ നിന്ന് ഒരിക്കല്‍ താരം പുറത്താക്കപ്പെട്ടു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥാനം നഷ്ടപ്പെടുന്നത് അശുതോഷിനെ നോവിച്ചു. അശുതോഷ് പതുക്കെ വിഷാദത്തിലേക്ക് വഴിമാറി

210 ആണ് വിജയലക്ഷ്യം. ഡു പ്ലെസിസും സ്റ്റബ്‌സും അടക്കമുള്ള വമ്പന്‍മാരെല്ലാം മടങ്ങി. 12.3 ഓവറില്‍ ആറു വിക്കറ്റിന് 113 എന്ന നിലയില്‍ ഡല്‍ഹി പതറുന്നു. ഇനി ഒരു കാരണവശാലും ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിക്കില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉറപ്പിച്ച മത്സരം. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഭാവത്തില്‍ ഡല്‍ഹി ആരാധകരും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുന്നത് അവിടം മുതലായിരുന്നു. അശുതോഷ് ശര്‍മയും (പുറത്താകാതെ 31 പന്തില്‍ 66) വിപ്രജ് നിഗമും (15 പന്തില്‍ 39) ആളിക്കത്തിയപ്പോള്‍ വെറും മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റിന് ഡല്‍ഹി അത്ഭുതജയം സ്വന്തമാക്കി. ഈ സീസണിലെ ഇതുവരെ നടന്നതിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ‘ഔട്ട് ഓഫ് സിലബസാ’യി ക്രീസിലെത്തിയ അശുതോഷ് ശര്‍മ ലഖ്‌നൗവിനെ ഞെട്ടിക്കുകയായിരുന്നു. ഇമ്പാക്ട് പ്ലയറായി ക്രീസിലെത്തിയ അശുതോഷ് ശരിക്കും ഇമ്പാക്ടായി മാറിയ നിമിഷം.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനായും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അശുതോഷ്, താനൊരു ‘വണ്‍ ടൈം വണ്ടറ’ല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഇനിയും തന്റെ ബാറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാമെന്ന് ക്രിക്കറ്റ് ലോകത്തോട് വിളിച്ചുപറയുകയാണ് താരം. പ്രതിസന്ധികള്‍ ഏറെ അതിജീവിച്ചായിരുന്നു അശുതോഷിന്റെ യാത്ര. അശുതോഷ് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അറിഞ്ഞെങ്കില്‍ മാത്രമേ, താരത്തിന്റെ പോരാട്ടവീര്യം എത്രത്തോളം പവര്‍ഫുളാണെന്ന് അറിയാനാകൂ.
വിഷാദത്തോട് പടപൊരുതി
ഒരിക്കല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും സ്ഥാനം നഷ്ടപ്പെട്ടവനായിരുന്നു അശുതോഷ് എന്ന 26കാരന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശ് ടീമില്‍ നിന്ന് ഒരിക്കല്‍ അശുതോഷ് പുറത്താക്കപ്പെട്ടു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥാനം നഷ്ടപ്പെടുന്നത് അശുതോഷിനെ നോവിച്ചു. താരം പതുക്കെ വിഷാദത്തിലേക്ക് വഴിമാറി. ക്രിക്കറ്റ് ഗ്രൗണ്ട് അനുഭവിക്കാൻ പോലും തനിക്ക് അനുവാദമില്ലാത്ത കാലമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം അശുതോഷ് വെളിപ്പെടുത്തിയിരുന്നു.




താന്‍ വിഷാദത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ചെയ്ത തെറ്റ് എന്താണെന്ന് ആരും പറഞ്ഞുതന്നില്ല. ട്രയല്‍ മത്സരത്തില്‍ 45 പന്തില്‍ 90 റണ്‍സ് നേടിയിട്ടും ഒരു പരിശീലകന്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കി. ആ പരിശീലകന്റെ പേര് പറയാതെയായിരുന്നു അശുതോഷിന്റെ ഈ വെളിപ്പെടുത്തല്‍. അതിന് മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. എന്നിട്ടും ഗ്രൗണ്ടിലേക്ക് ചെല്ലാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും അശുതോഷ് വെളിപ്പെടുത്തിയിരുന്നു.
ബാറ്റ് ചെയ്യാന്‍ അറിയാത്തവന്‍
ആഭ്യന്തര ക്രിക്കറ്റില്‍ പിന്നീട് റെയില്‍വേസിന് വേണ്ടിയാണ് അശുതോഷ് കളിച്ചത്. എന്നാല്‍ ബാറ്റ് ചെയ്യാന്‍ അറിയാത്തവനാണെന്നും പറഞ്ഞ് സെലക്ടർമാർ അശുതോഷിനെ രഞ്ജി ട്രോഫിക്കുള്ള റെയിൽവേസ് ടീമിൽ ഉൾപ്പെടുത്താൻ തയ്യാറായിരുന്നില്ലെന്ന് റെയിൽവേസ് ഹെഡ് കോച്ച് നിഖിൽ ഡോറു പറഞ്ഞു. അശുതോഷിന് ബാറ്റ് ചെയ്യാൻ അറിയില്ല. വലിയ ഷോട്ടുകൾ മാത്രമേ അദ്ദേഹത്തിന് അടിക്കാൻ കഴിയൂ എന്നായിരുന്നു സെലക്ടര്‍മാരുടെ നിരീക്ഷണം.
എന്നാല്‍ അദ്ദേഹം ഗെയിം ചേഞ്ചറാണെന്നും, അതുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും താന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചുകൊണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് അശുതോഷ് രഞ്ജി ട്രോഫി കളിച്ചു. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി. എല്ലാവരുടെയും വിലയിരുത്തലുകള്‍ തെറ്റാണെന്ന് ശക്തമായ മാനസിക കരുത്തിലൂടെയും, ദൃഢനിശ്ചയത്തിലൂടെയും പോരാട്ടമികവിലൂടെയും തെളിയിച്ച അശുതോഷിനെ നിഖിൽ ഡോറു പ്രശംസിച്ചു.
ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന റെക്കോർഡ് അശുതോഷ് ശർമ്മയുടെ പേരിലാണ്. 2023 ഒക്ടോബറിൽ അരുണാചൽ പ്രദേശിനെതിരായ റെയിൽവേസിന്റെ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ വെറും 11 പന്തിൽ നിന്നാണ് താരം അര്‍ധ ശതകം തികച്ചത്.