IPL 2025: ‘സഞ്ജുവുമായി ഇനി മത്സരിക്കേണ്ട’; ഋഷഭ് പന്ത് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളെന്ന് ആകാശ് ചോപ്ര
Rishabh Pant - Sanju Samson: ഈ ഐപിഎൽ സീസൺ ഋഷഭ് പന്തിന് വലിയ അവസരമാണെന്ന് ആകാശ് ചോപ്ര, സീസണിൽ റൺസ് സ്കോർ ചെയ്ത് ഇന്ത്യൻ ടീമിലേക്ക് തിരികെവരാൻ പന്തിന് ശ്രമിക്കാമെന്നും ചോപ്ര പറഞ്ഞു.

ഋഷഭ് പന്ത് ഇനി സഞ്ജു സാംസണുമായി മത്സരിക്കേണ്ടതില്ലെന്ന് മുൻ താരവും ക്രിക്കറ്റ് വിദഗ്ദനുമായ ആകാശ് ചോപ്ര. ടി20 ടീമിലേക്ക് തിരികെവരണമെങ്കിൽ ഐപിഎലിൽ മൂന്നാം നമ്പറിലിറങ്ങി റൺസ് നേടുകയാണ് ബേണ്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. 2024 ജൂലായ് മാസത്തിന് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടീമിനായി ഒരു ടി20 മത്സരം കളിച്ചിട്ടില്ല.
“ഋഷഭ് പന്തിന് ഇത് വലിയ അവസരമാണ്. നിലവിൽ അദ്ദേഹം ഇന്ത്യൻ ടി20 ടീമിൻ്റെ ഭാഗമല്ല. ടി20 പ്ലാനുകളിൽ പോലും പന്ത് ഇല്ല. ഇത്ര ഒരു ശക്തനായ കളിക്കാരന് എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നില്ല എന്നത് ആളുകൾക്ക് വലിയ അത്ഭുതമാണ്. ഇതാണ് തൻ്റെ സീസൺ. വന്ന് കുറേ റൺസടിയ്ക്കൂ. എല്ലാവരും ഞെട്ടട്ടെ. എവിടെയാവും അദ്ദേഹം ബാറ്റ് ചെയ്യുക എന്നതാണ് ചോദ്യം. കീപ്പർമാർ പൊതുവെ ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതുകൊണ്ട് അദ്ദേഹവും ഓപ്പൺ ചെയ്യണമെന്ന ആവശ്യമുയരുന്നുണ്ട്. പക്ഷേ, നിങ്ങൾ സഞ്ജുവുമായി ഇനി മത്സരിക്കേണ്ടതില്ല. താങ്കൾ സ്വയം ഒരു പൊസിഷൻ കണ്ടെത്തണം. മൂന്ന്, നാല് നമ്പരിന് മുകളിൽ ബാറ്റ് ചെയ്യേണ്ടതില്ല. നല്ല തുടക്കം കിട്ടിയാൽ മൂന്നാം നമ്പറിൽ വരാം. എല്ലാ ബൗളർമാർക്കെതിരെയും ആക്രമിച്ച് കളിക്കൂ.”- ആകാശ് ചോപ്ര പറഞ്ഞു.




“രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ടീമിനെ നയിക്കണം. എങ്കിലേ ഒരു ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കൂ. രണ്ടാമതായി, റൺസടിച്ചാലേ ടി20 ടീമിൽ തിരിച്ചെത്തൂ. ഇപ്പോൾ കളിക്കുന്ന ടീം തന്നെ വരുന്ന ടി20 ലോകകപ്പ് കളിക്കുമെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല. ടി20 അങ്ങനെയാണ്. അതുകൊണ്ട് തന്നെ ആര് അവസരം നേടുമെന്ന കാര്യത്തിൽ ഈ ഐപിഎൽ സീസൺ വലിയ പങ്ക് വഹിക്കും. അതിനാൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഋഷഭ് പന്തിന് വലിയ അവസരമാണിത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 22നാണ് ഇക്കൊല്ലത്തെ ഐപിഎൽ സീസൺ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഋഷഭ് പന്തിൻ്റെ നായകത്വത്തിന് കീഴിൽ ഇറങ്ങുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഈ മാസം 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് തങ്ങളുടെ ആദ്യ മത്സരം കളിക്കുക.