IPL 2024 : ഡാ മോനേ സുജിത്തെ! കമൻ്റുമായി സഞ്ജു സാംസൺ; ഭീമൻ പെയ്ൻ്റിങ് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം
IPL 2024 : പാലക്കാട് സ്വദേശി വരിച്ച റൂഫ് ടോപ് പെയ്ൻ്റിങ്ങിൻ്റെ വീഡിയോ സഞ്ജു സാംസണിൻ്റെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസും പങ്കുവെച്ചിട്ടുണ്ട്
വീടിൻ്റെ ടെറസിൽ മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്യാപ്റ്റനുമായി സഞ്ജു സാംസണിൻ്റെ ഭീമൻ ചിത്രം പെയ്ൻ്റ് ചെയ്ത് പാലക്കാട് ഒറ്റപ്പാലം സ്വദേശി സുജിത്ത്. സുജിത്ത് ചെയ്ത ഭീമൻ പെയ്ൻ്റിങ്ങിൻ്റെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവെക്കുകയും ചെയ്തു. ഇതോടെ വീഡിയോ വൈറലായി. പിന്നാലെ കമൻ്റുമായി സുജിത്ത് പെയിൻ്റ് ചെയ്ത സഞ്ജു സാംസണുമെത്തി.
“ഡാ മോനേ സുജിത്തേ” എന്നാണ് വീഡിയോയ്ക്ക് താഴെയായി സഞ്ജു കമൻ്റ് ചെയ്തത്. പിന്നാലെ വീഡിയോ പിടിച്ചാൽ കിട്ടാത്ത രീതിയിൽ വൈറലായി മാറി. ഇതിനോടകം തന്നെ വീഡിയെ 3.2 മില്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ആറ് ലക്ഷത്തിൽ അധികം പേരും വീഡിയോയ്ക്ക് ലൈക്കും നൽകിട്ടുണ്ട്.
ALSO READ : IPL 2024 : വിവാദങ്ങൾ അവസാനിപ്പിക്കാം; സഞ്ജുവിൻ്റേത് ഔട്ടാണ്; പുതിയ വീഡിയോ പുറത്ത്
ഇൻ്റീരിയർ ഡിസൈനറായ സുജിത്ത് ഇതിന് മുമ്പും സമാനമായ ഭീമൻ റൂഫ് പെയ്ൻ്റിങ് ചെയ്തിട്ടുണ്ട്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്, നടന്മാരായ മമ്മൂട്ടി, ടൊവീനോ തോമസ് എന്നിവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. നേരത്തെ അന്തരിച്ച കന്നഡ നടൻ പൂനിത് രാജ്കുമാറിൻ്റെ ഭീമൻ ചിത്രം ബെംഗളൂരുവിൽ മാളിൻ്റ് ടെറിസിൽ പെയ്ൻ്റ് ചെയ്തതിലൂടെ സുജിത്ത് കൂടുതൽ ശ്രദ്ധേയനായിരുന്നു.
അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. ഇന്നലെ മെയ് 14-ാം തീയതി നടന്ന ഡൽഹി ക്യാപിറ്റൽസ് ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് മത്സരത്തിൽ ഡൽഹി ജയിച്ചതോടെ രാജസ്ഥാൻ പ്ലേഓഫിലേക്ക് യോഗ്യത നേടി. ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കാൻ രാജസ്ഥാന് ശേഷിക്കുന്ന രണ്ട് മത്സരളിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ മൂന്ന് തുടർ തോൽവി നേരിട്ട ടീം ഇന്ന് തിരിച്ചു വരാനുള്ള തയ്യാറേടുപ്പിലാണ്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള പഞ്ചാബ് കിങ്സ് സീസണിൻ്റെ പ്ലേഓഫ് കാണാതെ നേരത്തെ പുറത്തായി.