IPL 2024 : ‘രോഹിത് ശർമ ഐപിഎൽ ജയിച്ചിട്ട് 3 വർഷമാകുന്നു’ പാണ്ഡ്യക്ക് പിന്തുണയുമായി സേവാഗ്
Virender Sehwag On Hardik Pandya Captaincy : നിലവിലെ മുംബൈ ഇന്ത്യൻസ് നേരിടുന്ന പ്രതിസന്ധി കഴിഞ്ഞ മുന്ന് സീസണുകളിലായി രോഹിത് ശർമയുടെ നേതൃത്വത്തിലും നേരിടുന്നതാണെന്നാണ് വീരേന്ദർ സേവാഗ് അഭിപ്രായപ്പെട്ടത്
ഐപിഎല്ലിൽ ക്യാപ്റ്റൻസിയിലും പ്രകടനത്തിലും വിമർശനം നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിലും നിലവിലെ പ്രതിസന്ധി കഴിഞ്ഞ മൂന്ന് സീസണുകളിലായി നേരിട്ടിരുന്നുയെന്നാണ് വീരേന്ദ്ര സേവാഗ് അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സിന്റെ ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു ഷോയ്ക്കിടെയാണ് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടത്.
“ഹാർദിക് പാണ്ഡ്യ സമ്മർദ്ദത്തിലാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ചിലപ്പോൾ പാണ്ഡ്യയ്ക്ക് സ്വയമുള്ള പ്രതീക്ഷയിൽ ഉണ്ടാകുന്ന സമ്മർദ്ദം ഉണ്ടായേക്കാം. പക്ഷെ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണും അതിന് മുമ്പും ഇതെ പ്രതിസന്ധി നേരിട്ടിരുന്നു. രോഹിത് ശർമ ക്യാപ്റ്റനായിരുന്നപ്പോൾ റൺസെടുക്കാൻ ബുദ്ധിമുട്ടിയിരുന്നു.ക്യാപ്റ്റനായിരുന്ന രോഹിത് ശർമയ്ക്ക് കഴിഞ്ഞ സീസണുകളിൽ ഐപിഎൽ ജയിക്കാനും സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യൻസിന് അറിയാം അവർ ഇതിന് മുമ്പും ഇതെ അവസ്ഥയിൽ ആയിരുന്നുയെന്ന്” സേവാഗ് പറഞ്ഞു.
2020 സീസണിലാണ് മുംബൈ ഇന്ത്യൻസ് ഏറ്റവും അവസാനമായി ഐപിഎൽ കിരീടം ഉയർത്തിയത്. തുടർന്ന് അടുത്ത രണ്ട് സീസണുകളിലും മുംബൈക്ക് പ്ലേ ഓഫിൽ ഇടം നേടാൻ പോലും സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ രോഹിത് ശർമ മുംബൈയെ പ്ലേ ഓഫിൽ എത്തിച്ചിരുന്നു. എന്നാൽ നിലവിലെ സീസൺ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുംബൈ പാണ്ഡ്യയെ തങ്ങളുടെ ടീമിന്റെ നായകനാക്കി നിയമിച്ചത്.
നിലവിൽ സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് തൊട്ടുമുമ്പാണ് മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ ഒഴിവാക്കി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്നും പാണ്ഡ്യയെ തിരികെ എത്തിച്ചാണ് മുംബൈ ഫ്രാഞ്ചൈസി ക്യാപ്റ്റനായി ഹാർദിക്കിനെ ചുമതലപ്പെടുത്തിയത്. അതേസമയം ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായിട്ടാണ് ആരാധകർ പ്രതികരിച്ചത്. സീസൺ ആരംഭിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ലീഗ് ആരംഭിച്ചപ്പോൾ കാണികൾ പാണ്ഡ്യക്കെതിരെ കൂവി വിളിക്കുകയും ചെയ്തു.
എന്നാൽ പ്രതീക്ഷിച്ച പോലെ ഒരു പ്രകടനം മുംബൈ ഇന്ത്യൻസിന് പാണ്ഡ്യയുടെ കീഴിൽ കാഴ്ചവെക്കാൻ സാധിച്ചില്ല. സീസണിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ കളിച്ച മുംബൈ ആകെ നേടാൻ സാധിച്ചത് മൂന്ന് ജയം മാത്രമാണ്. ഏറ്റവും ഒടുവിൽ ഇന്നലെ തിങ്കളാഴ്ച സഞ്ജു സാംസണിന് രാജസ്ഥാൻ റോയൽസിനോട് ഒമ്പത് വിക്കറ്റിനാണ് മുംബൈ തോറ്റത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 180 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഇത് രാജസ്ഥാൻ എട്ട് പന്തുകൾ ബാക്കി നിർത്തികൊണ്ട് മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശർമയുടെയും സെഞ്ചുറി ഓപ്പണർ യശ്വസ്വി ജയ്സ്വാളിന്റെയും പ്രകടന മികവിലാണ് രാജസ്ഥാന്റെ ജയം.
ക്യാപ്റ്റൻസിയിൽ മാത്രമല്ല വ്യക്തിഗത പ്രകടനത്തിലും ഓൾറൗണ്ടർ താരത്തിന് ഈ സീസണിൽ ഇതുവരെ മികവ് പുലർത്താൻ സാധിച്ചിട്ടില്ല. സീസണിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്നും പാണ്ഡ്യക്ക് നേടാനായത് 151 റൺസ് മാത്രമാണ്. മുംബൈ ക്യാപ്റ്റന്റെ ബാറ്റിങ് ശരാശരി വെറും 21.57 മാത്രമാണ്. ബോളിങ്ങിൽ ഇതുവരെ പാണ്ഡ്യക്ക് നേടാനായിട്ടുള്ളത് വെറും നാല് വിക്കറ്റുകൾ മാത്രമാണ്. എക്കണോമി റേറ്റ് ഒരു ഓവറിൽ 11 റൺസിന് മുകളിലാണ്. എന്നാൽ ഈ പ്രകടനം ചില്ലപ്പോൾ പാണ്ഡ്യയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നതിനെ ബാധിച്ചേക്കാം. 27-ാം തീയതി ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.