5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2024 : പ്രിയം ഓറഞ്ച് ക്യാപ്പിനോട് മാത്രം! പവർപ്ലേയ്ക്ക് ശേഷം തുഴഞ്ഞ് വിരാട് കോലി

IPL 2024 Virat Kohli Performance : ഓപ്പണിങ്ങിന് ഇറങ്ങിയ വിരാട് കോലി 43 പന്തിലാണ് അർധ സെഞ്ചുറി നേടിയത്

IPL 2024 : പ്രിയം ഓറഞ്ച് ക്യാപ്പിനോട് മാത്രം! പവർപ്ലേയ്ക്ക് ശേഷം തുഴഞ്ഞ് വിരാട് കോലി
വിരാട് കോലി (Image Courtesy : Social Media)
jenish-thomas
Jenish Thomas | Published: 26 Apr 2024 12:04 PM

തുടർ തോൽവികൾക്ക് ശേഷം അവസാനം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ 2024 സീസണിലെ തങ്ങളുടെ രണ്ടാം ജയം കണ്ടെത്തിയിരിക്കുകയാണ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന ആർസിബിയുടെ ബോളർമാർ സീസണിൽ റൺസ് മല ഒരുക്കുന്ന സൺറൈസേഴ്സ് ഹൈദാരാബദിനെ തകർത്തതാണ് രണ്ടാം ജയം സ്വന്തമാക്കിയിരിക്കുന്നത്. ബോളങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ മികവ് പുലർത്തിയപ്പോൾ ആർസിബിക്ക് തങ്ങൾ സ്വപ്നം കണ്ട ജയം കണ്ടെത്താനായി.

ആർസിബി മികവ് പുലർത്തിയപ്പോൾ വിമർശനം നേരിടുന്നത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയാണ്. ആർസിബിക്കായി ഓപ്പണിങ്ങായി ഇറങ്ങിയ വിരാട് കോലി അർധ സെഞ്ചുറി നേടിയെങ്കിലും അതിനായി നിരവധി പന്തുകൾ താരം ചിലവഴിക്കേണ്ടി വന്നതാണ് വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. 43 പന്തുകൾ ചിലവഴിച്ചാണ് കോലി സീസണിലെ തന്റെ മൂന്നാമത്തെ അർധസെഞ്ചുറി സ്വന്തമാക്കിയത്. അതും സ്ട്രൈക്ക് റേറ്റ് വെറും 118.60 എന്ന നിരക്കിൽ.

കോലിക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലെസിസും ഇന്ത്യൻ താരം രജത് പാട്ടിധാറും കൂറ്റനടികൾ നടത്തിയതിനാൽ അത് ആർസിബിയുടെ സ്കോർ ബോർഡിനെ സാരമായി ബാധിച്ചില്ലെന്ന് പറയാം. എന്നാൽ ഇത്തരത്തിൽ പ്രകടനം പുറത്തെടുക്കുന്ന കോലിയെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് എന്തടിസ്ഥാനത്തിൽ ഉൾപ്പെടുത്തുമെന്നാണ് ഒരു വിഭാഗം ആരാധകർ ചോദ്യമായി ഉയർത്തുന്നത്.

പവർപ്ലേയ്ക്ക് ശേഷമാണ് വിരാട് കോലിയുടെ പ്രകടനം താഴേക്ക് പോയത്. പവർപ്ലേയിൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് നാല് ഫോറും ഒരു സിക്സറുമായി 150ന് മുകളിലായിരുന്നു. പവർപ്ലേയ്ക്ക് ശേഷം കോലി നേരിട്ടത് 22 പന്തുകളാണ്. അതിൽ ആകെ നേടിയത് 19 റൺസ് മാത്രം. ഈ വേളയിൽ താരത്തിന് ബൗണ്ടറി പോലും നേടാനായില്ല.

മികച്ച സ്ട്രൈക്ക് റേറ്റില്ലെങ്കിലും കോലി ഐപിഎൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളുമായി കോലി ഒമ്പത് മത്സരങ്ങളിൽ നിന്നും നേടിയത് 430 റൺസ്. താരത്തിന്റെ ശരാശരി സ്ട്രൈക്ക് റേറ്റ് 145.76 മാത്രമാണ്.

അതേസമയം ആർസിബി, യുവതാരം രജത് പാട്ടിധാറിന്റെ പ്രകടന മികവിൽ സൺറൈസേഴ്സിനെതിരെ 207 റൺസിന്റെ വിജയലക്ഷ്യം ഒരുക്കി. കൂറ്റനടിക്കാരായ എസ്ആർഎച്ചിന് ഇത് ചെറിയ ലക്ഷ്യമാണെന്ന് കരുതിയവരെഅക്ഷരാർഥത്തിൽ ഞെട്ടിക്കുകയായിരുന്നു ബെംഗളൂരുവിന്റെ ബോളർമാർ. തുടക്കത്തിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പുറത്താക്കികൊണ്ട് ആർസിബി ബോളർമാർ തങ്ങളുടെ വീര്യം നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കി. 35 റൺസിനാണ് ആർസിബി ഹൈദരാബാദിനെ തോൽപ്പിച്ചത്. ജയത്തോടെ ആർസിബി തങ്ങൾ സീസണിൽ നിന്നും പുറത്തായട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിങ്സിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.ഏഴ് കളിയിൽ നിന്നും അഞ്ച് ജയം നേടി പത്ത് പോയിന്റുമായി ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കെകെആർ. സീസണിൽ രണ്ട് ജയം മാത്രം നേടിയ പഞ്ചാബാകട്ടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.