IPL 2024 : രാജസ്ഥാനിൽ ഷെയ്ൻ വോണിനൊപ്പമെത്തി സഞ്ജു; നേട്ടം ആർസിബിയെ തകർത്തുകൊണ്ട്
Rajasthan Royals Most Winning Captains : നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡും സഞ്ജു സാംസണിനൊപ്പമാണ്.
ഐപിഎൽ 2024 എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചതോടെ പുതിയ റെക്കോർഡ് സ്ഥാപിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയം സമ്മാനിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനോടൊപ്പമെത്തി. നിലവിൽ രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരിങ്ങളിൽ നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് ഇതിഹാസം കുറിച്ച റെക്കോർഡിനൊപ്പം മലയാളി താരമെത്തിയത്.
രാജസ്ഥാന് വേണ്ടി 31 മത്സരങ്ങളിൽ ഷെയ്ൻ വോൺ കണ്ടെത്തിയ വിജയമെന്ന് റെക്കോർഡിനൊപ്പമാണ് സഞ്ജു എത്തിച്ചേർന്നത്. നാല് സീസണുകളിൽ നിന്നും 56 മത്സരങ്ങളിൽ നിന്നുമാണ് വോൺ 31 ജയങ്ങൾ സ്വന്തമാക്കിയത്. സഞ്ജുവാകട്ടെ നാല് സീസണുകളിൽ 60 മത്സരങ്ങളിൽ നിന്നുമാണ് വോണിൻ്റെ നേട്ടത്തിനൊപ്പമെത്തിയത്. നിലവിൽ ഇരുവർക്കും താഴെയായി ഇന്ത്യ ക്രിക്കറ്റ് ടീമിൻ്റെ കോച്ച് രാഹുൽ ദ്രാവിഡാണുള്ളത്. 23 ജയങ്ങളാണ് രാജസ്ഥാന് വേണ്ടി ദ്രാവിഡിന് നേടാൻ സാധിച്ചത്.
അതേസമയം കഴിഞ്ഞ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന എലിമിനേറ്റർ മത്സരത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ ആർസിബിയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ടീം എട്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാനെതിരെ 171 റൺസ് വിജയലക്ഷ്യമൊരുക്കി. 19 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ആർ അശ്വിനും 16 റൺസ് മാത്രം വിട്ട് നൽകിയ ട്രെൻ്റ് ബോൾട്ടുമാണ് ആർസിബിയുടെ ബാറ്റിങ് നിരയെ തകർത്തത്.
ഇതും വായിക്കൂ
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിർത്തികൊണ്ടാണ് മറികടന്നത്. ഓപ്പണർ യശ്വസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ഷിമ്രോൺ ഹെത്മയർ എന്നിവരുടെ പ്രകടനങ്ങൾ രാജസ്ഥൻ്റെ അനായാസമാക്കി. അശ്വിനാണ് പ്ലേയർ ഓഫർ ദി മാച്ച്.
നാളെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ 2024ൻ്റെ ഫൈനലിൽ പ്രവേശിച്ചിരുന്നു, രാജസ്ഥാൻ-ഹൈദരാബാദ് മത്സരത്തിലെ വിജയിയാകും ഫൈനലിൽ കെകെആറിൻ്റെ എതിരാളി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഐപിഎൽ 2024 സീസണിൻ്റെ അവസാന മത്സരങ്ങൾ അരങ്ങേറുക.