IPL 2024 : ഹൈദരാബാദ് ഗുജറാത്ത് മത്സരം മഴ കൊണ്ടുപോയി; ഇനി ബാക്കിയുള്ളവരുടെ പ്ലേഓഫ് സാധ്യത എങ്ങനെ?
IPL 2024 Playoffs Qualification : സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ എസ്ആർഎച്ച് പ്ലേഓഫിലേക്ക് യോഗ്യത നേടി. ഇനി നാലാം സ്ഥാനത്തേക്ക് ആരെത്തുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൻ്റെ പ്ലേഓഫിലേക്കെത്തുന്ന മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ ദിവസം ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് എസ്ആർഎച്ചിന് പ്ലേഓഫിലേക്ക് യോഗ്യത നേടാനായത്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാൻ റോയൽസിനും ശേഷം ഐപിഎൽ 2024 സീസണിൻ്റെ പ്ലേഓഫിലേക്കെത്തുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്. പ്ലേഓഫിനായി ഇനി ഒരു സ്ഥാനം മാത്രമാണ് ബാക്കിയുള്ളത്. അതിനായി നാല് ടീമുകളാണ് സാധ്യത നിലനിർത്തുന്നത്.
നിലവിൽ പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ്, അഞ്ചാാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസ്, ആറാമതുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒപ്പം ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് എന്നീ ടീമുകൾക്കാണ് പ്ലേഓഫ് സാധ്യതയുള്ളത്. ഇതിൽ ഡൽഹിക്കും ലഖ്നൗവിനും വളരെ വിരളമായ സാധ്യതയാണ് പ്ലേഓഫിലേക്കുള്ളത്. ചെന്നൈയുടെയും ആർസിബിയുടെ പ്ലേഓഫ് ഒരു വിജയത്തിൽ തീരുമാനമാകുക. ഓരോ ടീമിൻ്റെ പ്ലേഓഫ് സാധ്യത എന്തെല്ലാമെന്ന് പരിശോധിക്കാം.
ALSO READ : IPL 2024 : ഡാ മോനേ സുജിത്തെ! കമൻ്റുമായി സഞ്ജു സാംസൺ; ഭീമൻ പെയ്ൻ്റിങ് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം
ചെന്നൈ സൂപ്പർ കിങ്സ്
ഒരു മത്സരം മാത്രം ബാക്കിയുള്ള ചെന്നൈ സൂപ്പർ കിങ്സ് 14 പോയിൻ്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. +0.528 ആണ് ചെന്നൈയുടെ നെറ്റ് റൺ റേറ്റ്. നിലവിലെ സാഹചര്യത്തിൽ ഐപിഎൽ 2024ൻ്റെ പ്ലേഓഫിലേക്കെത്താൻ സാധ്യത ഏറ്റവും കൂടുതൽ ഉള്ള ടീമാണ് റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സിഎസ്കെ. ആർസിബിക്കെതിരെയുള്ള അവസാന മത്സരമാണ് ചെന്നൈയുടെ പ്ലേഓഫിലേക്കുള്ള വിധി എഴുതുന്നത്. ബെംഗളൂരുവിനെതിര ചെറിയ മാർജിനിൽ തോറ്റാൽ പോലും ചെന്നൈക്ക് നെറ്റ് റൺ റേറ്റിൻ്റെ ബലത്തിൽ പോയിൻ്റ് പട്ടികയിലെ ആദ്യ നാലിൽ എത്താം.
എന്നാൽ ഒഴിവാക്കേണ്ടത് ആർസിബിക്കെതിരെ വലിയ മാർജിനിൽ ഉള്ള തോൽവിയാണ്. കൂടാതെ ആർസിബിക്കെതിരെയുള്ള മത്സരത്തിൽ ജയിക്കുകയും രാജസ്ഥാനും ഹൈദരാബാദും തങ്ങളുടെ അവസാന മത്സരത്തിൽ തോൽക്കുകയും ചെയ്താൽ സിഎസ്കെയ്ക്ക് പോയിൻ്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് എത്താൻ സാധിക്കുന്നതുമാണ്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ആർസിബിക്കും ഒരു മത്സരമാണ് ബാക്കിയുള്ളത്. നെറ്റ് റൺ റേറ്റ് +0.387. ബെംഗളൂരുവിൻ്റെ ആകെ പ്രതീക്ഷ മെയ് 18ന് നാളെ ചെന്നൈക്കെതിരെ നടക്കുന്ന മത്സരം. സിഎസ്കെയെ വൻ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമാണ് ഫാഫ് ഡ്യു പ്ലെസിസിനും സംഘത്തിനും പ്ലേഓഫിലേക്കെത്താൻ സാധിക്കൂ. അതേസമയം മഴ ചതിച്ചാൽ ചെന്നൈ പ്ലേ ഓഫിലെത്തും.
ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്
ലഖ്നൗവിനും ഒരു മത്സരമാണ് കൈയ്യിൽ ബാക്കിയുള്ളത്. എന്നാലും സാധ്യത വളരെ വിരളമാണ്. കെ.എൽ രാഹുലിനും സംഘത്തിനും പ്ലേഓഫിലേക്ക് പ്രവേശനത്തിന് വിലങ്ങ് തടിയാകുന്നത് കുറഞ്ഞ നെറ്റ് റൺ റേറ്റാണ്. നിലവിൽ 12 പോയിൻ്റുള്ള ലഖ്നൗവിൻ്റെ നെറ്റ് റൺ റേറ്റ് -0.787 ആണ്.
എന്നിരുന്നാലും ലഖ്നൗവിൻ്റെ സാധ്യത പൂർണ്ണമായിട്ടും തള്ളിക്കളയാനാകില്ല. ഇന്ന് മെയ് 17ന് മുംബൈ ഇന്ത്യൻസിനെതിരെയുള്ള അവസാന മത്സരത്തിൽ വൻ മാർജിനിൽ ജയിച്ച് ലഖ്നൗ തങ്ങളുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തണം. അതോടൊപ്പം നാളെ നടക്കുന്ന ആർസിബി ചെന്നൈ മത്സരത്തിൽ ബെംഗളൂരു കുറഞ്ഞ മാർജിനിൽ ജയിച്ചാൽ പ്ലേഓഫിലേക്കുള്ള വാതിൽ ലഖ്നൗവിന് തുറക്കപ്പെട്ടേക്കാം
ഡൽഹി ക്യാപിറ്റൽസ്
അക്ഷരാർഥത്തിൽ ഡൽഹി പുറത്തായ സ്ഥിതിയാണ്. 14 പോയിൻ്റുള്ള ഡൽഹിക്ക് തങ്ങളുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്താൻ ഇനി മത്സരങ്ങൾ ബാക്കിയില്ല.
ഐപിഎല്ലിൽ ഇന്ന് വൈകിട്ട് മുംബൈ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.