IPL 2024 : ‘ഇതൊക്കെ നിയമവിരുദ്ധമാണ്’; ഐപിഎൽ ടീമുകൾ റൺസ് അടിച്ചു കൂട്ടന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പാക് ഇതിഹാസം പറഞ്ഞത്
IPL 2024 High Scores : നിലവിൽ പുരോഗമിക്കുന്ന ഐപിഎല്ലിൽ രണ്ട് തവണയാണ് ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്
ടീമുകൾ റൺസ് അടിച്ചു വാരി കൂട്ടുന്ന കാഴ്ചയാണ് ഇത്തവണ ഐപിഎല്ലിൽ ഉള്ളത്.നേരത്തെ രേഖപ്പെടുത്തിയ 265 എന്ന സ്കോറാണ് 2024 സീസൺ ആരംഭിച്ച നാല് ആഴ്ച കൊണ്ട് മറികടന്നത്. അതും രണ്ട് തവണയാണ് റെക്കോർഡ് സ്കോർ അടിച്ചു കൂട്ടി ചരിത്രം സൃഷ്ടിച്ചത്. ഇത് രണ്ടും നേടിയ സൺറൈസേഴ്സ് ഹൈദരാബാദാണ്. ഈ റെക്കോർഡുകൾക്ക് പുറമെ ഹൈദരാബാദ് 266 റൺസും നേടിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ പട്ടികയിൽ മറ്റൊരു കുറ്റനടിക്കാർ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ എസ്ആർഎച്ച് നേടിയ 287 റൺസാണ് ഈ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് എസ്ആർഎച്ച് തന്നെയുള്ളത്. മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. മൂന്നാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണുള്ളത്. ഡൽഹി ക്യാപിറ്റൽസിനെതിരെ കെകെആർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 272 റൺസാണ്.
ഡൽഹിക്കെതിരെ എസ്ആർഎച്ചും കുറ്റനടി നടത്തിയിരുന്നു. ആ മത്സരത്തിൽ ഹൈദരാബാദ് നേടിയത് 266 റൺസാണ്. ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ വെറും അഞ്ച് ഓവറുകൾ കൊണ്ടാണ് ഹൈദരാബാദ് ബാറ്റർമാർ തങ്ങളുടെ സ്കോർ ബോർഡ് 100 കടത്തിയത്. ആറ് ഓവറിൽ എസ്ആർഎച്ചിന്റെ ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് ഉയർത്തിയത് 125 റൺസായിരുന്നു.
അതേസമയം ഈ കുറ്റനടികൾ നിയവിരുദ്ധമാണെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസം വസീം അക്രം അഭിപ്രായപ്പെടുന്നത്. വെറും അഞ്ച് ഓവറിൽ 100 റൺസെടുക്കുകയെന്നത് നിയമവിരുദ്ധമാണ്. എല്ലാ പന്തും ഫുൾ ടോസ് എറിഞ്ഞാലും ഇങ്ങനെ സംഭവിക്കില്ല. ഇത് അടിവാങ്ങി കൂട്ടാൻ ബോളർമാർക്ക് പണം നൽകുന്നത് പോലെയാണ്. ഇതാണ് ഇപ്പോൾ തനിക്ക് ടി20 ഫോർമാറ്റിലെ ബോളർമാരെ കുറിച്ച് തോന്നുന്നതെന്ന് വസീം അക്രം കായിക മാധ്യമമായ സ്പോർട്സ്കീഡയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.
അതോടൊപ്പം അക്രം എസ്ആർഎച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയെ പ്രകീർത്തിക്കുകയും ചെയ്തു. ട്രാവിസ് ഹഡ്, എയ്ൻറിച്ച് ക്ലാസെൻ, അബ്ദുൽ സമദ് തുടങ്ങിയ താരങ്ങളെ ഒരു കുട കീഴിൽ കൃത്യമായി ഉപയോഗിക്കാൻ കമ്മിൻസിന് അറിയാം. അതുകൊണ്ട് ഹൈദരാബാദ് ഐപിഎൽ പോയിന്റ് രണ്ട് സ്ഥാനത്തെത്തി നിൽക്കുന്നതെന്ന് അക്രം പറഞ്ഞു.
“270തിൽ അധികം സ്കോർ ചെയ്യുന്നത് അൽപ്പം കടുപ്പമാണ്. ഇത് 50 ഓവറിൽ 500 റൺസെടുക്കുന്നതിന് തുല്യമാണ്. ദൈവത്തിന് നന്ദി പറയുന്നു, കാരണം ഞാൻ ഇപ്പോൾ പന്തെറിയുന്നില്ല. ക്രിക്കറ്റിന്റെ മാറ്റം എന്താണെന്ന് ഇത് വെളിവാക്കുന്നു” വസീം അക്രം പറഞ്ഞു.
ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. എസ്ആർഎച്ചിന്റെ തട്ടകത്തിൽ വെച്ചാണ് മത്സരം. സീസണിൽ ഇതിന് മുമ്പ് ഇരു ടീമുകൾ ഏറ്റു മുട്ടിയപ്പോഴാണ് എസ്ആർഎച്ച് 287 റൺസെന്ന് റെക്കോർഡ് സ്വന്തമാക്കിയത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.