IPL 2024 : ബിസിസിഐക്കുള്ള മറുപടിയോ? കെ.എൽ രാഹുലിൻ്റെ ലഖ്നൗവിനെ തോൽപ്പിച്ചതിന് ശേഷമുള്ള സഞ്ജുവിൻ്റെ വിജയാഘോഷം
Sanju Samson IPL 2024 : സഞ്ജു സാംസൺ 33 പന്തിൽ നേടിയ 71 റൺസിൻ്റെ മികവിൽ രാജസ്ഥാൻ റോയൽസ് സീസണിലെ എട്ടാം ജയം സ്വന്തമാക്കിയത്
ഐപിഎല്ലിൽ സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് രാജകീയ പടയോട്ടം തുടരുകയാണ്. ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ജയം നേടി 16 പോയിൻ്റുമായി രാജസ്ഥാൻ ഐപിഎൽ 2024ൽ അപ്രമാദിത്വം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി രാജസ്ഥാന് ആറ് പോയിൻ്റിൻ്റെ മേൽക്കൈയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെ ഏഴ് വിക്കറ്റിനാണ് സഞ്ജുവും സംഘവും തകർത്തത്.
33 പന്തിൽ 71 റൺസെടുത്ത സഞ്ജുവിൻ്റ് പ്രകടന മികവിലാണ് രാജസ്ഥാന് ലഖ്നൗവിനെ അവരുടെ സ്വന്തം തട്ടകമായ ഏഖന സ്റ്റേഡിയത്തിൽ വെച്ച് തകർക്കാൻ സാധിച്ചത്. വിജയറൺസ് സിക്സറിലൂടെ നേടിയതിന് ശേഷം സഞ്ജുവിൻ്റെ വിജയാഘോഷത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുകയാണ്. യഷ് താക്കൂറിനെ സിക്ർ പറത്തിയതിന് ശേഷം തൻ്റെ അമർഷങ്ങൾ എല്ലാം പ്രകടമാക്കും വിധത്തിലായിരുന്നു സഞ്ജുവിൻ്റെ വിജയാഘോഷം.
പൊതുവെ ശാന്തസ്വഭാവം പ്രകടമാക്കുന്ന സഞ്ജുവിൽ നിന്നും ഇത്തരത്തിൽ ഒരു വിജയാഘോഷം പലരും ആദ്യമായിട്ടാണ് കാണുന്നത്. നേരത്തെ മറ്റൊരു മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ജയം സ്വന്തമാക്കിയതിന് ശേഷവും രാജസ്ഥാൻ റോയൽസ് നായകൻ സമാനമായ രീതിയിൽ വിജയാഘോഷം നടത്തിട്ടുണ്ടായിരുന്നു.
Best Sanju Samson celebration ever. 💗🔥 pic.twitter.com/AfHH2PI68u
— Rajasthan Royals (@rajasthanroyals) April 27, 2024
സഞ്ജുവിൻ്റെ വിജയാഘോഷം ബിസിസിഐക്ക് ഉള്ള മറുപടിയെന്ന് ആരാധകർ പറയുന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് സഞ്ജു സാംസൺ അവഗണന നേരിടാൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിഗമനങ്ങൾ ഉണ്ടാകുന്നത്. സഞ്ജുവിനെക്കാളും സെലക്ടർമാർ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കെത്തിക്കാൻ ശ്രമിക്കുന്നത് എൽഎസ്ജിയുടെ നായകൻ കെ.എൽ രാഹുലിനെയാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ആ രാഹുൽ നയിക്കുന്ന ലഖ്നൗ ടീമിനെ സ്വന്തം പ്രകടനം കൊണ്ട് തോൽപ്പിക്കാൻ സാധിച്ചൂ എന്ന് ബിസിസിഐക്ക് സഞ്ജു നൽകുന്ന മറുപടിയാണ് ഈ വിജയാഘോഷമെന്നാണ് ചില ആരാധകരുടെ നിഗമനം.
ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ ലഖ്നൗവിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ക്യാപ്റ്റൻ രാഹുലിൻ്റെയും ദീപക് ഹൂഡയുടെ അർധ സെഞ്ചുറിയുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കുകയായിരുന്നു. തുടരെ 200 റൺസ് പിറക്കുന്ന നിലവിലെ ഐപിഎൽ സീസണിൽ സഞ്ജുവിൻ്റെ ബോളർമാർക്ക് അത് പ്രതിരോധിക്കാൻ ഇന്നലെ സാധിച്ചു. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ടും ട്രെൻ്റ് ബോൾട്ടും ആവേശ് ഖാനും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശ്വസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രാജസ്ഥാൻ്റെ സ്കോർ ബോർഡ് 60ൽ എത്തി നിൽക്കുമ്പോൾ ഓപ്പണർമാർ രണ്ട് പേരും പുറത്തായി. പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച റിയാൻ പരാഗും പുറത്തായതോടെ രാജസ്ഥാൻ അൽപം സമ്മർദ്ദത്തിലായി. നാലാമനായി ക്രീസിലെത്തിയ ധ്രുവ് ജറെലുമായി മെല്ലെ കൂട്ടുകെട്ട് സ്ഥാപിച്ചാണ് സഞ്ജു രാജസ്ഥനെ വിജയത്തിലേക്കെത്തിച്ചത്.
സഞ്ജുവിനൊപ്പം ജുറെലും അർധസെഞ്ചുറി നേടി. ജുറെലിൻ്റെ കരിയറിലെ ആദ്യ ഐപിഎൽ ഫിഫ്റ്റി നേട്ടമാണിത്. ജയത്തോടെ 16 പോയിൻ്റമായി രാജസ്ഥാൻ രണ്ടാം സ്ഥാനക്കാരായ കെകെആറും ആറ് പോയിൻ്റിൻ്റെ വ്യത്യാസം ഉയർത്തി. ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.