IPL 2024: ഐപിഎല്‍ ഫൈനല്‍ ഇന്ന്; കിരീടം കൊല്‍ക്കത്തയിലേക്കോ ഹൈദരാബാദിലേക്കോ?
കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടത്തിന് ലക്ഷ്യമിടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബദ് ലക്ഷ്യമിടുന്നത് തങ്ങളുടെ രണ്ടാം കിരീടത്തിന് വേണ്ടിയാണ്. ലീഗ് റൗണ്ടില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ വന്നവരുമാണ് ഇരുകൂട്ടരും
ചെന്നൈ: വാശിയേറിയ മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 17ാം സീസണില്‍ ഇന്ന് കലാശപ്പോരാട്ടം. സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആവേശ പോരാട്ടം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. രാത്രി 7.30ന് നടക്കുന്ന മത്സരം തുല്യശക്തികള്‍ തമ്മിലുള്ളത് കൂടിയാണ്.
കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടത്തിന് ലക്ഷ്യമിടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ലക്ഷ്യമിടുന്നത് തങ്ങളുടെ രണ്ടാം കിരീടത്തിന് വേണ്ടിയാണ്. ലീഗ് റൗണ്ടില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ വന്നവരുമാണ് ഇരുകൂട്ടരും.
20 പോയിന്റുമായി ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത ക്വാളിഫയറിലേക്ക് പ്രവേശിച്ചത്. ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹൈദരാബാദ് ക്വാളിഫയര്‍ ഉറപ്പിച്ചത്. എന്നാല്‍ ഈ സീസണില്‍ 14 മത്സരങ്ങളില്‍ 9 ജയവും 3 തോല്‍വിയുമടക്കം 20 പോയിന്റുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫില്‍ എത്തിയത്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ലീഗ് ടോപ്പറായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്വാളിഫയറിലെത്തിയത്. ബാറ്റിങിലും ബോളിങിലും ഒരേ മികവ് പുലര്‍ത്തുന്നവരുമാണിവര്‍.
14 മത്സരങ്ങളില്‍ 8 ജയവും 5 തോല്‍വിയുമടക്കം 17 പോയിന്റുമായാണ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് കടന്നത്. ഈ സീസണില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ബാറ്റിങ് നിര തന്നെയായിരുന്നു അവരുടേത്. സ്പിന്‍ കരുത്ത് നോക്കിയാല്‍ ഹൈദരാബാദിനെക്കാള്‍ ഒരുപടി മുകളിലാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ബാറ്റിങില്‍ കൊല്‍ക്കത്തയ്ക്ക് ആശങ്കയില്ല. സുനില്‍ നരെയ്ന്‍, ശ്രയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ അണിനിരക്കുന്ന നിര മികവ് തുടരുന്നുണ്ട്. ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക് ഫോമിലേക്ക് മടങ്ങിയെത്തിയത് അവരുടെ ശക്തി വര്‍ധിപ്പിക്കുന്നുണ്ട്.
എന്നാല്‍, തുടക്കത്തിലെ ഫോം ആവര്‍ത്തിക്കാന്‍ ഹൈദരാബാദിന്റെ ടോപ് ഓഡറിന് കഴിയുന്നില്ല. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ് സഖ്യത്തിന്റെ ഓപ്പണിങ് കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി നിശ്ചലമായ അവസ്ഥയിലാണ്. ഫൈനലിലും സ്ഥിതി അതാണെങ്കില്‍ ഹൈദരാബാദ് അല്‍പം വിയര്‍ക്കും. എന്നാല്‍ ഏത് നിമിഷവും പഴയ ഫോമിലേക്കുയരാനുള്ള മികവ് അവരുടെ ബാറ്റര്‍മാര്‍ക്കുണ്ട് എന്നതാണ് പ്രത്യേകത. ഓപ്പണിംഗ് ജോഡിക്ക് പിന്നാലെയെത്തുന്ന എയ്ഡന്‍ മാര്‍ക്രം, ഹെയ്ന്റിച്ച് ക്ലാസന്‍, രാഹുല്‍ തൃപാഥി, നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ് മുതല്‍ വാലറ്റത്തില്‍ പാറ്റ് കമ്മിന്‍സ് വരെ കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നവരാണ്.
2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഐപിഎല്‍ ജേതാക്കളായപ്പോള്‍ സണ്‍റൈസേഴ്സിന് 2016ല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചു. 2009ല്‍ ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്സും കിരീടം ചൂടിയിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും ഐപിഎല്‍ ഫൈനലില്‍ തോല്‍വി അറിഞ്ഞതിന്റെ കഥയും പറയാനുണ്ട്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചപ്പോള്‍ സിഎസ്‌കെയോട് തന്നെയാണ് 2018ല്‍ ഹൈദരാബാദിന്റേയും ഫൈനലിലെ തോല്‍വി.