5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

INDW vs SAW : അടിച്ചുകേറി ഇന്ത്യയും ദക്ഷിണാഫ്രിക്കയും; ഒടുവിൽ ഇന്ത്യക്ക് നാല് റൺസ് ജയം

INDW vs SAW India Won : നാല് സെഞ്ചുറികളും 600നു മുകളിൽ റൺസും കണ്ട മത്സരത്തിൽ ഇന്ത്യക്ക് നാല് റൺസിൻ്റെ ത്രസിപ്പിക്കുന്ന ജയം. ഇന്ത്യക്കായി സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ എന്നിവരും ദക്ഷിണാഫ്രിക്കക്കായി ലോറ വോൾവാർട്ട്, മരിസേൻ കാപ്പ് എന്നിവരും സെഞ്ചുറി നേടി.

INDW vs SAW : അടിച്ചുകേറി ഇന്ത്യയും ദക്ഷിണാഫ്രിക്കയും; ഒടുവിൽ ഇന്ത്യക്ക് നാല് റൺസ് ജയം
abdul-basith
Abdul Basith | Published: 19 Jun 2024 21:31 PM

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ഇരു ടീമുകളും ചേർന്ന് 600നു മുകളിൽ റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 326 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പ്രോട്ടീസിന് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 321 റൺസ് നേടാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ലോറ വോൾവാർട്ട് (135 നോട്ടൗട്ട്), മരിസാൻ കാപ്പ് (114) എന്നിവർ ദക്ഷിണാഫ്രിക്കക്കായി സെഞ്ചുറി നേടി. ആദ്യ കളി ഇന്ത്യ അനായാസം വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ സ്വന്തമാക്കി.

കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തസ്മിൻ ബിറ്റ്സിനെ (5) വേഗം നഷ്ടമായെങ്കിലും അന്നെകെ ബോഷിനൊപ്പം (18) ചേർന്ന് വോൾവാർട്ട് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ബോഷിനെയും സുനെ ലീസിനെയും (12) വേഗം നഷ്ടമായതോടെ ബാക്ക്ഫൂട്ടിലായ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാലാം വിക്കറ്റിൽ വോൾവാർട്ടിനൊപ്പം മരിസൻ കാപ്പ് ഒത്തുചേർന്നു. ശ്രദ്ധാപൂർവം തുടങ്ങിയ ഇരുവരും സാവധാനത്തിൽ കളി പിടിച്ചു. ഹർമൻപ്രീത് കൗർ ഏഴ് ബൗളർമാരെ പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 69 പന്തിൽ വോൾവാർട്ടും 53 പന്തിൽ കാപ്പും ഫിഫ്റ്റി തികച്ചു. 85 പന്തിൽ സെഞ്ചുറി തികച്ച കാപ്പാണ് ആദ്യം മൂന്നക്കം തികച്ചത്. സെഞ്ചുറിക്ക് പിന്നാലെ കാപ്പ് മടങ്ങി. 94 പന്തിൽ 114 റൺസെടുത്ത് താരം മടങ്ങുമ്പോൾ നാലാം വിക്കറ്റിൽ ലോറ വോൾവാർട്ടുമൊത്ത് 184 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.

Read Also: INDW vs RSAW : തുടരെ രണ്ടാം മത്സരത്തിലും സ്മൃതി മന്ദനയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

കാപ്പ് മടങ്ങിയതോടെ സ്കോറിംഗ് വേഗത അല്പം കുറഞ്ഞെങ്കിലും നദിൻ ഡി ക്ലെർക്കിനെ കൂട്ടുപിടിച്ച് വോൾവാർട്ട് പോരാട്ടം തുടർന്നു. 119 പന്തിൽ സെഞ്ചുറി തികച്ചതിനു ശേഷം വോൾവാർട്ട് ബൗണ്ടറി ഷോട്ടുകളുമായി ദക്ഷിണാഫ്രിക്കയെ നയിച്ചു. പൂജ വസ്ട്രക്കർ എറിഞ്ഞ അവസാന ഓവറിൽ 11 റൺസായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. ആദ്യ രണ്ട് പന്തിൽ അഞ്ച് റൺസ് നേടിയെങ്കിലും മൂന്നാം പന്തിൽ ഡി ക്ലെർക്ക് പുറത്തായി. അഞ്ചാം വിക്കറ്റിൽ 69 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം മടങ്ങിയത്. നാലാം പന്തിൽ ഷംഗാസെയും (0) പുറത്ത്. അടുത്ത പന്തിൽ റിഡ്ഡെർ ഒരു ബൈ ഓടിയതോടെ അവസാന പന്തിൽ വിജയലക്ഷ്യം 5 റൺസ്. ഈ പന്തിൽ റൺസൊന്നും നേടാൻ വോൾവാർട്ടിനു സാധിച്ചില്ല. ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 325 റൺസ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ സ്മൃതി മന്ദനയാണ് ടീമിൻ്റെ ടോപ്പ് സ്കോറർ. 120 പന്തിൽ 136 റൺസ് നേടി മന്ദന പുറത്തായി. 88 പന്തിൽ 103 റൺസ് നേടിയ ഹർമൻപ്രീത് കൗറും ഇന്ത്യക്കായി സെഞ്ചുറിയടിച്ചു.