India Women vs Ireland Women: പുരുഷ – വനിതാ ഏകദിനത്തിലെ റെക്കോർഡ് സ്കോർ; അയർലൻഡിനെ തുരത്തി ഇന്ത്യ
India Women Record Score In ODI History: തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോറുമായി ഇന്ത്യൻ വനിതാ ടീം. അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ വനിതാ ടീം റെക്കോർഡ് കുറിച്ചത്. പുരുഷ - വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്.
അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 435 റൺസാണ് നേടിയത്. ഇന്ത്യയുടെ പുരുഷ – വനിതാ ഏകദിന ചരിത്രത്തിലെ തന്നെ റെക്കോർഡ് സ്കോർ ആണ് ഇത്. ഇന്ത്യക്കായി ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദനയും സെഞ്ചുറികൾ നേടി. 154 റൺസ് നേടിയ പ്രതികയാണ് ടോപ്പ് സ്കോറർ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു.
ഷഫാലി വർമ്മയ്ക്ക് പകരം ഇന്ത്യ പരീക്ഷിച്ച പുതിയ ഓപ്പണർ പ്രതിക റാവൽ സ്മൃതി മന്ദനയ്ക്കൊപ്പം ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകുന്നത് ഈ കളിയും തുടർന്നു. ഇരുവരും അനായാസം ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ കുതിച്ചുയർന്നു. സ്മൃതിയായിരുന്നു കൂടുതൽ അപകടകാരിയെങ്കിലും പ്രതികയും ഒപ്പം പിടിച്ചു. വെറും 70 പന്തിൽ സ്മൃതി തൻ്റെ സെഞ്ചുറി തികച്ചു. ഏകദിനത്തിൽ തൻ്റെ പത്താം സെഞ്ചുറിയാണ് സ്മൃതി തികച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി കൂടിയായിരുന്നു ഇത്. സെഞ്ചുറിക്ക് പിന്നാലെ ആക്രമണം കടുപ്പിച്ച സ്മൃതി 135 റൺസിൽ വീണു. വെറും 80 പന്തുകൾ നേരിട്ടായിരുന്നു സ്മൃതിയുടെ സ്കോർ. ഇതോടെ 233 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടും അവസാനിച്ചു.
സ്മൃതി മടങ്ങിയതോടെ റിച്ച ഘോഷ് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തി. റിച്ചയും ആക്രമണ മൂഡിലായിരുന്നു. ഇതിനിടെ പ്രതിക റാവൽ കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി തികച്ചു. 100 പന്തിൽ നിന്നായിരുന്നു പ്രതികയുടെ കന്നി സെഞ്ചുറി. സെഞ്ചുറിയ്ക്ക് പിന്നാലെ താരവും ആക്രമണം വർധിപ്പിച്ചു. മറുവശത്ത് തുടക്കം മുതൽ ആക്രമിച്ചുകളിച്ച റിച്ച ഘോഷ് 37 പന്തിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ റിച്ച മടങ്ങി. 42 പന്തിൽ 59 റൺസ് നേടിയ റിച്ച രണ്ടാം വിക്കറ്റിൽ 104 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളിയായത്. അഞ്ചാം നമ്പറിലെത്തിയ തേജൽ ഹസ്ബനിസ് (25 പന്തിൽ 28), ഹർലീൻ ഡിയോൾ (10 പന്തിൽ നാല്), ദീപ്തി ശർമ്മ (8 പന്തിൽ 11 നോട്ടൗട്ട്) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് സംഭാവന നൽകി. മൂന്നാം വിക്കറ്റായാണ് പ്രതിക റാവൽ പുറത്തായത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. മലയാളിയായ മിന്നു മണിയും തനുജ കൻവറും ടീമിലെത്തി. പ്രിയ മിശ്രയും സൈമ താക്കൂറും പുറത്താവുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 116 റൺസിന് വിജയിച്ചു. സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീതിന് പകരം സ്മൃതി മന്ദനയാണ് ടീമിലെ നയിച്ചത്. മൂന്ന് മത്സരങ്ങളിൽ പ്രതിക റാവൽ ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും നേടിയപ്പോൾ മന്ദന ഓരോ സെഞ്ചുറിയും ഫിഫ്റ്റിയും നേടി.