India Women vs Ireland Women: അയർലൻഡിനെതിരെ സ്മൃതി മന്ദനയയ്ക്ക് നാല് റൺസ് ജയം; ഇന്ത്യയുടെ ജയം 304 റൺസിന്
INDW vs IREW Record Breaking Win For India: അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് വിജയവുമായി ഇന്ത്യ. 304 റൺസിന് അയർലൻഡിനെ തോല്പിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. റൺസ് പരിഗണിക്കുമ്പോൾ ഇത് ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന മത്സരവിജയമാണ്.
അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. മത്സരത്തിൽ 304 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 435 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 131 റൺസിന് ഓൾ ഔട്ടായി. ദീപ്തി ശർമ്മ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 41 റൺസ് നേടിയ സാറ ഫോബ്സ് ആണ് അയർലൻഡിൻ്റെ ടോപ്പ് സ്കോറർ. റൺസ് പരിഗണിക്കുമ്പോൾ ഇത് ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന മത്സരവിജയമാണ്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയ സ്കോർ പുരുഷ – വനിതാ ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ്.
പടുകൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയുയർത്താൻ കഴിഞ്ഞില്ല. മൂന്നാം വിക്കറ്റിൽ സാറ ഫോബ്സ് – ഓർല പ്രെൻഡർഗാസ്റ്റ് സഖ്യം പടുത്തുയർത്തിയ 64 റൺസ് കൂട്ടുകെട്ടാണ് അയർലൻഡ് ബാറ്റിംഗിലെ ഒരേയൊരു പോസിറ്റീവ്. ഓർല 36 റൺസ് നേടിയും സാറ ഫോബ്സ് 41 റൺസ് നേടിയും മടങ്ങിയതോടെ അയർലൻഡ് കൂട്ടത്തകർച്ചയിലേക്ക് വീണു. ആകെ നാല് താരങ്ങളാണ് ഐറിഷ് നിരയിൽ ഇരട്ടയക്കം കടന്നത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. ദീപ്തി മൂന്ന് വിക്കറ്റും തനുജ കൻവാർ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ മലയാളി താരം മിന്നു മണി ഉൾപ്പെടെ ബാക്കി താരങ്ങൾ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Also Read : India Women vs Ireland Women: പുരുഷ – വനിതാ ഏകദിനത്തിലെ റെക്കോർഡ് സ്കോർ; അയർലൻഡിനെ തുരത്തി ഇന്ത്യ
ഇന്ത്യയ്ക്കായി ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദനയും സെഞ്ചുറി നേടി. 154 റൺസ് നേടിയ പ്രതികയാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സ്മൃതി മന്ദന 135 റൺസിന് പുറത്തായി. 70 പന്തിൽ മൂന്നക്കം തികച്ച സ്മൃതി ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് സ്വന്തം പേരിലാക്കിയത്. 233 റൺസ് ആണ് ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ കണ്ടെത്തിയത്. മൂന്നാം നമ്പറിലെത്തിയ റിച്ച ഘോഷ് 37 പന്തിൽ ഫിഫ്റ്റി തികച്ചു. 42 പന്തിൽ 59 റൺസ് നേടിയാണ് റിച്ച മടങ്ങിയത്.
കഴിഞ്ഞ മത്സരങ്ങളിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പ്രിയ മിശ്രയും സൈമ താക്കൂറും പുറത്തിരുന്നപ്പോൾ മലയാളിയായ മിന്നു മണിയ്ക്കൊപ്പം തനുജ കൻവറും ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 116 റൺസിൻ്റെ കൂറ്റൻ വിജയം കുറിച്ചു. സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീതിന് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് ടീമിനെ നയിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് പ്രതിക റാവൽ ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും നേടിയപ്പോൾ മന്ദന ഓരോ സെഞ്ചുറിയും ഫിഫ്റ്റിയും നേടി. ജമീമ റോഡ്രിഗസ് കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയടിച്ചിരുന്നു.