Indw vs Ausw : മിന്നു മണിയുടെ ഓൾറൗണ്ട് പ്രകടനം വിഫലം; ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ പരാജയം
Indw vs Ausw Australia Wins Against India : ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 122 റൺസിന് വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കായി രണ്ട് താരങ്ങൾ സെഞ്ചുറി നേടി.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ പരാജയം. 122 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 371 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 249 റൺസ് നേടുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ഓസ്ട്രേലിയക്കായി ജോർജിയ വോളും എലിസ് പെറിയും സെഞ്ചുറിയടിച്ചു.
ജോർജിയ വോളും ഫീബി ലിച്ച്ഫീൽഡും ചേർന്ന ആദ്യ വിക്കറ്റിൽ തന്നെ ഇന്ത്യ കളി തോറ്റിരുന്നു. ആക്രമിച്ചുകളിച്ച സഖ്യം വെറും 19 ഓവറിൽ 130 റൺസാണ് അടിച്ചുകൂട്ടിയത്. ഫീബിയെ (60) സൈമ താക്കൂർ മടക്കിയപ്പോൾ എലിസ് പെറി ക്രീസിലെത്തി. ഈ കൂട്ടുകെട്ടും അനായാസം മുന്നോട്ടുനീങ്ങി. ഇതിനിടെ വെറും 84 പന്തിൽ ജോർജിയ വോൾ തൻ്റെ കന്നി ഏകദിന സെഞ്ചുറി തികച്ചു. ഇന്ത്യക്കെതിരായ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായിരുന്നു ഇത്. 101 റൺസ് നേടിയ വോളിനെ സൈമ താക്കൂർ തന്നെ മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ പെറിയുമൊത്ത് 92 റൺസാണ് താരം കണ്ടെത്തിയത്.
Also Read : Ind vs Aus : മൈറ്റി ഓസീസ് റിട്ടേൺസ്, അഡ്‌ലെയ്ഡിൽ ഇന്ത്യ അടപടലം ! തോറ്റത് 10 വിക്കറ്റിന്
നാലാം നമ്പറിലെത്തിയ ബെത്ത് മൂണിയും ആക്രമിച്ചുകളിച്ചു. ഇതിനിടെ വെറും 72 പന്തിൽ സെഞ്ചുറി തികച്ച പെറി ജോർജിയ വോളിൻ്റെ റെക്കോർഡ് തകർത്തു. സെഞ്ചുറിക്ക് പിന്നാലെ 75 പന്തിൽ 107 റൺസ് നേടിയ പെറിയെ ദീപ്തി ശർമ്മയാണ് മടക്കിയത്. മൂന്നാം വിക്കറ്റിൽ 98 റൺസാണ് പെറിയും മൂണിയും ചേർന്ന് കൂട്ടിച്ചേർത്തത്. പിന്നീട് ക്രീസിലെത്തിയവർക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 44 പന്തിൽ 56 റൺസ് നേടിയ ബെത്ത് മൂണിയെ മിന്നു മണി മടക്കി. 12 പന്തിൽ 20 റൺസ് നേടി ക്യാപ്റ്റൻ തഹ്‌ലിയ മഗ്രാത്ത് നോട്ടൗട്ടാണ്.
മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഓസ്ട്രേലിയയ്ക്ക് ഭീഷണിയാവാൻ ഇന്ത്യക്ക് സാധിച്ചില്ല. പ്രിയ പുനിയയ്ക്ക് പരിക്കേറ്റതിനാൽ റിച്ച ഘോഷ് ആണ് സ്മൃതി മന്ദനയ്ക്കൊപ്പം ഓപ്പൺ ചെയ്തത്. കേവലം 9 റൺസ് നേടി സ്മൃതി മടങ്ങി. ഹർലീൻ ഡിയോൾ (12) വേഗം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ റിച്ച ഘോഷിനൊപ്പം ചേർന്ന് 66 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും സാവധാനത്തിലാണ് സ്കോർ ചെയ്തത്. 72 പന്തിൽ 54 റൺസ് നേടി റിച്ച ഘോഷും 42 പന്തിൽ 38 റൺസ് നേടി ഹർമനും പുറത്തായതിന് പിന്നാലെ ജെമീമ റോഡ്രിഗസും (39 പന്തിൽ 43) മിന്നു മണിയും (45 പന്തിൽ 46 നോട്ടൗട്ട്) പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ദീപ്തി ശർമ്മ (10), സെയ്മ താക്കൂർ (7), രേണുക സിംഗ് (1), പ്രിയ മിശ്ര (5) എന്നിവരൊക്കെ നിരാശപ്പെടുത്തി.
ആദ്യ മത്സരത്തിനിറങ്ങിയ മിന്നു മണി ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. ബൗളിംഗിൽ ബെത്ത് മൂണിയെയും സോഫി മോളിന്യുവിനെയും പുറത്താക്കിയ മിന്നു ബാറ്റിംഗിൽ 45 പന്ത് നേരിട്ട് നാല് ബൗണ്ടറി സഹിതം 46 റൺസുമായി പുറത്താവാതെ നിന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.