5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

P R Sreejesh: ‘പശുവിനെ വിറ്റാണ് പാഡ് വാങ്ങിയത്, സ്പോർട്സ് നിർത്തിയാലോ എന്ന് ആലോച്ചിട്ടുണ്ട്’: പി ആർ ശ്രീജേഷ്

P R Sreejesh About His Beginnings: എനിക്ക് ആകെ രണ്ട് ജേഴ്സിയാണുണ്ടായിരുന്നത്. അതും നാട്ടിൽ കളിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നത്. അന്ന് അഡിഡാസ് എന്താണെന്ന് പോലും എനിക്ക് അറിയുമായിരുന്നില്ല. ഇതെല്ലാം അവിടെയുള്ളവർക്ക് ചിരിക്കാനുള്ള ഒരു കാരണമായിരുന്നു.

P R Sreejesh: ‘പശുവിനെ വിറ്റാണ് പാഡ് വാങ്ങിയത്, സ്പോർട്സ് നിർത്തിയാലോ എന്ന് ആലോച്ചിട്ടുണ്ട്’: പി ആർ ശ്രീജേഷ്
P R Sreejesh. (Image credits: PTI)
neethu-vijayan
Neethu Vijayan | Updated On: 09 Aug 2024 20:24 PM

പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന പ്രഖ്യാപനവുമായി മലയാളിയായ ഇന്ത്യൻ ഹോക്കി ഇതിഹാസം പി ആർ ശ്രീജേഷ് (P R Sreejesh) രം​ഗത്തെത്തിയിരുന്നു. 2006ൽ ഇന്ത്യൻ സീനിയർ ടീമിലെത്തിയ ശ്രീജേഷ് 328 മൽസരങ്ങളിൽ രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്. വിരമിച്ച ഗോൾക്കീപ്പർ ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയർ ടീം മുഖ്യ പരിശീലകനായി ഹോക്കി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തമായി ശ്രീജേഷിനുമുണ്ടൊരു പഴയകാലം. വീട്ടിലെ വരുമാനമാർ​ഗമായ പശുവിനെ വിറ്റ് വരെ പാഡ് വാങ്ങിയ ആ വേദനിപ്പിക്കുന്ന കാലമാകാം അദ്ദേഹത്തെ ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗോൾക്കീപ്പറാക്കി മാറ്റിയതും.

ഒരുപാട് കഷ്ടപ്പെട്ടും പലരുടെയും മുന്നിൽ നാണം കെട്ടുമാണ് താൻ ഇവിടെവരെ എത്തിയതെന്നാണ് ശ്രീജേഷ് പറയുന്നത്. ഒരു ഓണക്കാലത്ത് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആളുകൾക്ക് അറിയാത്ത് തൻ്റെ മറ്റൊരു ജീവിതത്തെപ്പറ്റി അദ്ദേഹം തുറന്നുപറഞ്ഞത്.

ശ്രീജേഷിൻ്റെ വാക്കുകൾ ഇങ്ങനെ

“ക്യാമ്പിൻ്റെ തുടക്കത്തിൽ ഒരുപാട് നാണം കെട്ടിട്ടുണ്ട്. ഹോക്കിയിൽ കേരളത്തിന് ഒരു ചരിത്രമില്ല. അതിനാൽ തന്നെ നമുക്ക് ഇവിടെ അതിനുവേണ്ട ആവശ്യ സാധനങ്ങൾ അന്ന് ലഭ്യമായിരുന്നില്ല. ആദ്യമായി ക്യാമ്പിൽ ചെന്ന ഞാൻ പാഡിൽ കയറ് കെട്ടികൊണ്ടാണ് പോകുന്നത്. കാരണം പാഡിൻ്റെ സ്ട്രാപ്പ് കേരളത്തിൽ കിട്ടില്ല, മറ്റൊന്ന് അത് വാങ്ങണമെങ്കിൽ 300 രൂപയോളം ചിലവാക്കണം. ആ തുക ചിലവാക്കാൻ ഇല്ലാത്തതിനാലാണ് അന്ന് ഒരു പച്ച കയർ വാങ്ങി കെട്ടികൊണ്ട് പോയത്. അത് കണ്ട് അന്ന് അവിടെ ഉണ്ടായിരുന്നവർ എല്ലാം ചിരിച്ചു….

മറ്റൊരു കാര്യം എനിക്ക് ആകെ രണ്ട് ജേഴ്സിയാണുണ്ടായിരുന്നത്. അതും നാട്ടിൽ കളിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നത്. എന്നാൽ അവിടെ എത്തിയപ്പോളോ എല്ലാവരും അഡിഡാസും നൈക്കും പോലുള്ള വലിയ വിലയുള്ള ജേഴ്സികളാണ് ധരിച്ചിരുന്നത്. അന്ന് അഡിഡാസ് എന്താണെന്ന് പോലും എനിക്ക് അറിയുമായിരുന്നില്ല. ഇതെല്ലാം അവിടെയുള്ളവർക്ക് ചിരിക്കാനുള്ള ഒരു കാരണമായിരുന്നു. അതിനാൽ തന്നെ ആദ്യ കാലഘട്ടം വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു. സ്പോർട്സ് ചെയ്യണോ അതോ നിർത്തിയാലോ എന്ന് വരെ ആ സമയത്ത് ചിന്തിച്ചിട്ടുണ്ട്.

എന്നാൽ അവിടെയെത്തിയപ്പോൾ, എൻ്റെ പാഡല്ല എൻ്റെ കളിയുടെ ക്വാളിറ്റി നിശ്ചയിക്കുന്നതെന്ന തിരിച്ചറിവ് എനിക്കുണ്ടായി. പാഡ് നല്ലതല്ലെങ്കിലും എതിരാളിയുടെ ​ഗോൾ കയറില്ലെങ്കിൽ അവിടെ ഞാൻ തന്നെയാണ് മിടുക്കൻ. അങ്ങനെ ഒരു കഴിവ് ഉള്ളതുകൊണ്ട് തന്നെയാണ് ആദ്യത്തെ ക്യാമ്പ് കഴിഞ്ഞ് രണ്ടാമത്തേതിലും തിരഞ്ഞെടുക്കപ്പെട്ടത്. ഞാൻ പാഡ് വാങ്ങിയ വർഷം ഇൻ്റർനാഷണൽ ലെവലിൽ കളിക്കാൻ സാധിച്ചു. ആ പാഡ് വാങ്ങുന്നതിനായാണ് അന്ന് അച്ഛൻ വീട്ടിലെ വരുമാനമാർ​ഗമായ പശുവിനെ വിറ്റതും. ആ കളിയിൽ ജയിക്കുമോ എന്നുപോലും ഉറപ്പില്ലാതെയാണ് കുടുംബം അങ്ങനൊരു തീരുമാനമെടുത്തത്. ഒരുപക്ഷേ അതുതന്നെയാവാം എന്നെ ഇത്രയും വലിയ നിലയിൽ എത്തിച്ചതും.

എൻ്റെ മാതാപിതാക്കളോ കുടുംബത്തിലുള്ളവരോ ആരും ഹോക്കിക്ക് വേണ്ട് എന്നെ പിന്തുണച്ചിട്ടില്ല. എന്നോട് അവർ ചോദിച്ചത്, എന്തിനാണ് ഹോക്കി കളിക്കുന്നത്? ഇത് കളിച്ചാൽ ജോലി കിട്ടുമോ? നിനക്ക് കേരള ടീമിൽ കളിക്കാൻ പറ്റുമോ? ഇതൊന്നും വേണ്ട പകരം വോളി ബോളോ ഫുട്ബോളോ നിനക്ക് തിരഞ്ഞെടുത്തൂടെ… എന്നായിരുന്നു അവരുടെ ചോദ്യം. ഈ ചോദ്യങ്ങൾ ഉള്ളതുകൊണ്ടാവാം ഹോക്കിയിൽ വന്നതിന് ശേഷം ഞാൻ വോളി ബോളിലേക്ക് തിരികെ പോയി. എന്നാൽ അവിടെയൊന്നും എനിക്കെൻ്റെ കഴിവ് കണ്ടെത്താൻ കഴിഞ്ഞില്ല. “