Sunil Chhetri : സുനിൽ ഛേത്രി തൻ്റെ ഐതിഹാസിക കരിയറിൻ്റെ ബൂട്ടഴിക്കുന്നു; അവസാന മത്സരം കൊൽക്കത്തയിൽ വെച്ച്
Sunil Chhetri Retirement : സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലാണ് സുനിൽ ഛേത്രി തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ന്യൂ ഡൽഹി : ഇന്ത്യൻ ഫുട്ബോളിൻ്റെ ഐക്കൺ താരം സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. 19 വർഷത്തെ അന്തരാഷ്ട്ര കരിയറിനാണ് 39കാരനായ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ അവസാന വിസ്സിൽ മുഴക്കാൻ പോകുന്നത്. ജൂൺ ആറിന് കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ- കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരത്തിലാണ് സുനിൽ ഛേത്രി തൻ്റെ അവസാനത്തെ രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ പന്ത് തട്ടുക. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക വീഡിയയോയിലൂടെയാണ് ഛേത്രി തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
I’d like to say something… pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024
2005ലാണ് സുനിൽ ഛേത്രിയുടെ രാജ്യാന്തര കരിയറിന് തുടക്കമാകുന്നത്. 2005 ജൂൺ 12ന് പാകിസ്താനെതിരെ നടന്ന അരങ്ങേറ്റ മത്സരത്തിൽ ഛേത്രി തൻ്റെ അന്തരാഷ്ട്ര കരിയറിലെ ആദ്യ ഗോൾ കണ്ടെത്തുകയും ചെയ്തു. 19 വർഷം കൊണ്ട് 150 മത്സരങ്ങളിൽ നിന്നായി 94 രാജ്യാന്തര ഗോളുകളാണ് ഛേത്രി തൻ്റെ കരിയറിൽ ഇതുവരെയായി നേടിട്ടുള്ളത്. അന്തരാഷ്ട്ര മത്സരങ്ങളുടെ ഗോൾ വേട്ടിയിൽ മൂന്നാം സ്ഥാനാത്താണ് ഛേത്രി. ആ പട്ടികയിൽ ഛേത്രിക്ക് മുകളിലുള്ളത് ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും (128 ഗോളുകൾ) ലയണൽ മെസിയുമാണ് (106 ഗോളുകൾ).
ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞ താരമാണ് ഛേത്രി. ആറ് തവണ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ (എഐഎഫ്എഫ്) പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ രാജ്യം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തിന് 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും നൽകി ആദരിച്ചിരുന്നു.
Updating…