Rohit Sharma Son Name: ‘അഹാന്‍’, ആഹാ നല്ല പേര് ! രോഹിത് ശര്‍മയുടെ മകന്റെ പേര് പുറത്ത്
Rohit Sharma Ritika Sajdeh: അടുത്തിടെയാണ് രോഹിത് ശര്‍മയ്ക്കും, ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ, കുഞ്ഞിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ റിതികയാണ് പേര് വെളിപ്പെടുത്തിയത്
ചലച്ചിത്ര, കായിക മേഖലയിലെ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. താരങ്ങളുടെ കുടുംബവിശേഷങ്ങള്‍ അവര്‍ വിടാതെ പിന്തുടരും. വിവാഹമോ, കുഞ്ഞുങ്ങളുടെ ജനനമോ എന്തുമായിക്കോട്ടെ, ഏത് വിശേഷവും ആരാധകര്‍ ഉടനടി ഏറ്റെടുക്കും.
അടുത്തിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും, ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ, കുഞ്ഞിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ റിതികയാണ് പേര് വെളിപ്പെടുത്തിയത്. ‘അഹാന്‍’ എന്നാണ് കുഞ്ഞിന്റെ പേര്.
ഡിസംബര്‍ എന്ന അടിക്കുറിപ്പോടെയാണ് റിതിക പോസ്റ്റ് പങ്കുവച്ചത്. ഒരുമിച്ച് നില്‍ക്കുന്ന നാല് പാവങ്ങളുടെ ചിത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. രോഹിത് ശര്‍മയുടെ ചുരുക്കപ്പേരായ ‘റോ’, റിതികയുടെ ചുരുക്കപ്പേരായ ‘റിറ്റ്‌സ്’, മകള്‍ സമൈറയുടെ ചുരുക്കപ്പേരായ ‘സമി’, ‘അഹാന്‍’ എന്ന പേരുകളാണ് അതില്‍ എഴുതിയിരിക്കുന്നത്. അതില്‍ നിന്നാണ് രോഹിത് ശര്‍മയുടെ ആണ്‍കുഞ്ഞിന്റെ പേര് അഹാന്‍ എന്നാണെന്ന് ആരാധകര്‍ കണ്ടെത്തിയത്.
നവംബര്‍ 15നാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് പങ്കെടുത്തിരുന്നില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 295 റണ്‍സിന് തകര്‍ത്തിരുന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം മുതല്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനെ നയിക്കും. ഡിസംബര്‍ ആറു മുതല്‍ 10 വരെ അഡലെയ്ഡിലാണ് രണ്ടാം മത്സരം നടക്കുന്നത്. രണ്ടാം മത്സരത്തിന് മുന്നോടിയായി നടന്ന പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.
50 ഓവറായി പുതുക്കി നിശ്ചയിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സിന് പുറത്തായി. ഇന്ത്യ 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. യശ്വസി ജയ്‌സ്വാള്‍ (45), നിതീഷ് കുമാര്‍ റെഡ്ഡി (42), വാഷിങ്ടണ്‍ സുന്ദര്‍ (42 നോട്ടൗട്ട്) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. എന്നാല്‍ രോഹി ശര്‍മ നിരാശപ്പെടുത്തി. 11 പന്തില്‍ മൂന്ന് റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.