BCCI : തന്നിഷ്ടം വേണ്ട, തക്കതായ കാരണം വേണം; ദ്വിരാഷ്ട്ര പരമ്പരകളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് താരങ്ങളോട് ബിസിസിഐ
BCCI Instruction to Players : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് വിശ്രമം അനുവദിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. ചാമ്പ്യന്‍സ് ട്രോഫി കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കളിക്കണമെന്ന് രാഹുലിന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി
മുംബൈ: ദ്വിരാഷ്ട്ര പരമ്പരകളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് താരങ്ങള്‍ക്ക് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ വ്യക്തമായ മെഡിക്കല്‍ കാരണങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. താരങ്ങള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പരമ്പരകള്‍ ഒഴിവാക്കാന്‍ അനുദിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. പ്രത്യേകിച്ചും, ദ്വിരാഷ്ട്ര പരമ്പരകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താരങ്ങള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ തക്കതായ മെഡിക്കല്‍ കാരണങ്ങള്‍ ഇല്ലാതെ അനുമതി നല്‍കേണ്ടെന്ന് ബിസിസഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിരാശജനകമായ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ യോഗം ചേര്‍ന്നു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് വിശ്രമം അനുവദിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. ചാമ്പ്യന്‍സ് ട്രോഫി കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കളിക്കണമെന്ന് രാഹുലിന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ട്രോഫി
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പായാണ് ഇന്ത്യന്‍ ടീം കാണുന്നത്. മിക്ക സീനിയര്‍ താരങ്ങളും ടീമിലുണ്ടാകും. പരിക്ക് മൂലം ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് പരമ്പരയിലുണ്ടാകില്ലെന്നാണ് വിവരം.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും, ഏകദിന ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. എന്നാല്‍ ടീം പ്രഖ്യാപനത്തിന് ഐസിസിയോട് ബിസിസിഐ സമയം നീട്ടി ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐസിസി സമയപരിധി നീട്ടി നല്‍കിയില്ലെങ്കില്‍ ബിസിസിഐക്ക് ഇന്ന് തന്നെ ടീം പ്രഖ്യാപനം നടത്തേണ്ടി വരും.
Read Also : രാഹുലിനോട് ‘വിശ്രമിക്കേണ്ടെ’ന്ന് ബിസിസിഐ; ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും; സഞ്ജുവിന് പണിയാകുമോ ?
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. ജനുവരി 22, 25, 28, 31, ഫെബ്രുവരി രണ്ട് തീയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് നയിക്കും. അക്‌സര്‍ പട്ടേലാണ് ഉപനായകന്‍. മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മലയാളിതാരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ഫെബ്രുവരി 6, 9, 12 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
ടി20 ഇന്ത്യന്‍ ടീം
- സൂര്യകുമാർ യാദവ്
- സഞ്ജു സാംസൺ
- അഭിഷേക് ശർമ്മ
- തിലക് വർമ്മ
- ഹാർദിക് പാണ്ഡ്യ
- റിങ്കു സിംഗ്
- നിതീഷ് കുമാർ റെഡ്ഡി
- അക്സർ പട്ടേൽ
- ഹർഷിത് റാണ
- അർഷ്ദീപ് സിംഗ്
- മുഹമ്മദ് ഷമി
- വരുൺ ചക്രവർത്തി
- രവി ബിഷ്ണോയ്
- വാഷിംഗ്ടൺ സുന്ദർ
- ധ്രുവ് ജുറെൽ
ഇംഗ്ലണ്ട് ടീം : ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.