India vs USA : ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് യുഎസ്എയ്ക്കെതിരെ; ഇന്ത്യ ജയിച്ചാൽ ഗുണം പാകിസ്താനും
ndia vs USA Today T20 World Cup: ആതിഥേയരായ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മത്സരം ഇന്ന്. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരം ന്യൂയോർക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കും. ഇന്നത്തെ കളി ജയിച്ചാൽ ഇന്ത്യക്ക് അടുത്ത റൗണ്ട് ഉറപ്പിക്കാം,
ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് യുഎസ്എയ്ക്കെതിരെ. ന്യൂയോർക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയ്ക്കും യുഎസ്എയ്ക്കും ഇന്നത്തെ കളി ജയിച്ചാൽ അടുത്ത റൗണ്ട് ഉറപ്പിക്കാം. അതേസമയം, ഇന്നലെ കാനഡയ്ക്കെതിരെ ജയിച്ച് ടൂർണമെൻ്റിലെ ആദ്യ ജയം കുറിച്ച പാകിസ്താന് മുന്നോട്ടുള്ള യാത്രയിൽ ഈ മത്സരഫലം നിർണായകമാകും.
കാനഡയ്ക്കെതിരെ തകർപ്പൻ ജയം നേടിയും പാകിസ്താനെ അട്ടിമറിച്ചും ആതിഥേയരായ യുഎസ്എ ലോകകപ്പിൽ പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ ഇന്ന് വിജയിക്കാനായാൽ യുഎസ്എ അടുത്ത റൗണ്ട് ഉറപ്പിക്കും. പരാജയപ്പെടുകയാണെങ്കിലും പരാജയ മാർജിൻ കുറയ്ക്കാനായാലും യുഎസ്എയുടെ സാധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇത് തിരിച്ചടിയാവുന്നത് പാകിസ്താനാണ്. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയോ ഇന്ത്യയെ ഈ കളി അടക്കം രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടാലേ പാകിസ്താന് ഈ ഗ്രൂപ്പിൽ നിന്ന് കരകയറാനാവൂ. ഇന്ത്യ യുഎസ്എയ്ക്കും കാനഡയ്ക്കുമെതിരെ പരാജയപ്പെടുക എന്നതിനെക്കാൾ അമേരിക്ക ഇന്ത്യക്കും അയർലൻഡിനുമെതിരെ പരാജയപ്പെടുക എന്നതാണ് റിയലിസ്റ്റിക് എന്നതിനാൽ രണ്ടാമത്തെ ഓപ്ഷനാവും പാകിസ്താൻ പരിഗണിക്കുക. ഇന്നലെ കാനഡയ്ക്കെതിരെ വിജയിച്ചെങ്കിലും ഇപ്പോഴും യുഎസ്എയ്ക്ക് തന്നെയാണ് മികച്ച റൺ റേറ്റ്. അതുകൊണ്ട് അമേരിക്ക ഇന്നോ അടുത്ത കളിയിലോ ഒരു വമ്പൻ പരാജയം ഏറ്റുവാങ്ങുക എന്നതുകൂടി പാകിസ്താൻ്റെ ലക്ഷ്യമാണ്. അങ്ങനെയെങ്കിൽ അടുത്ത കളി വിജയിച്ച് പാകിസ്താന് അടുത്ത റൗണ്ടിലെത്താൻ അവസരം തുറക്കും.
കടലാസിൽ അമേരിക്ക ഇന്ത്യക്ക് എതിരാളികളേയല്ല. പക്ഷേ, അത് ഗ്യാരണ്ടിയായി എടുക്കാനും കഴിയില്ല. കാരണം, പാകിസ്താനെ വീഴ്ത്തിയ ടീമാണ് അമേരിക്ക. കഴിഞ്ഞ രണ്ട് കളിയിലും തിളങ്ങിയ ആരോൺ ജോൺസ് നയിക്കുന്ന ബാറ്റിംഗ് നിരയും പാകിസ്താനെതിരെ വിജയമൊരുക്കിയ സൗരഭ് നേത്രാവൽകറിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും മോശമല്ല. എന്നാൽ, ലോകോത്തര ബാറ്റർമാരും ബൗളർമാരും അണിനിരക്കുന്ന ഇന്ത്യൻ ടീമിന് ഇത് അത്ര വെല്ലവിളിയാവാനും ഇടയില്ല.
ഇന്ന് ജയിച്ച അടുത്ത റൗണ്ട് ഉറപ്പിക്കുക എന്നതാണ് ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. തകർപ്പൻ ഫോമിലുള്ള ബൗളിംഗ് നിരയിലാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റിംഗ് നിരയിൽ ഋഷഭ് പന്ത് സ്ഥിരതയോടെ കളിക്കുമ്പോൾ രോഹിത് ശർമയും ഒരു നല്ല ഇന്നിംഗ്സ് കളിച്ചു. വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ മോശം ഫോമിലാണെന്നത് ടൂർണമെൻ്റ് പുരോഗമിക്കുമ്പോൾ ഇന്ത്യയെ ബാധിക്കും. ഇന്ത്യൻ ടീമിൽ ഇന്ന് ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അണ്ടർഫയർ ചെയ്യുന്ന ശിവം ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും. അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാൾക്ക് പകരം കുൽദീപ് യാദവിനും സാധ്യതയുണ്ട്.