India vs England: ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടി20 മത്സരം ഇന്ന്; എവിടെ, എങ്ങനെ, എപ്പോൾ കാണാം?
India vs England Live Streaming: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് ഈഡൻ ഗാർഡൻസിലാണ് നടക്കുക. രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. കളി എവിടെ, എങ്ങനെ കാണാമെന്ന് നോക്കാം.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പർ. സഞ്ജു തന്നെയാണ് ഓപ്പണിങ് ബാറ്ററും. ചാമ്പ്യൻസ് ട്രോഫി ടീമിലേക്കുള്ള അവസാന ഷോഡൗൺ കൂടിയായതിനാൽ സഞ്ജു, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവർക്ക് ഈ പരമ്പര വളരെ നിർണായകമാണ്.
മത്സരത്തെപ്പറ്റി
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ഈഡൻ ഗാർഡൻസിൽ നടക്കുക. ഗൗതം ഗംഭീർ – സൂര്യകുമാർ യാദവ് ലീഡർഷിപ്പിന് കീഴിൽ ഇന്ത്യയുടെ ടി20 ടീം കാഴ്ചവക്കുന്ന പുതിയ ബ്രാൻഡ് ഓഫ് ക്രിക്കറ്റ് എത്രത്തോളം വിജയിക്കുമെന്നത് കൂടി ഈ പരമ്പര തെളിയിക്കും. നേരത്തെ, ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ വിജയിച്ചെങ്കിലും ഫുൾ സ്ക്വാഡ് ഡെപ്തുമായെത്തുന്ന ഇംഗ്ലണ്ടിനെ മറികടക്കാനാവുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
മത്സരം എങ്ങനെ കാണാം?
സ്റ്റാർ ആണ് ഇന്ത്യയുടെ ഹോം മത്സരങ്ങളുടെയൊക്കെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരമ്പരയും സ്റ്റാറിൽ തന്നെ സംപ്രേഷണം ചെയ്യും. ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് ചാനലിലും ഒടിടിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻ്റെ ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
ഇംഗ്ലണ്ട് ടീം
മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസ് ബട്ട്ലർ ക്യാപ്റ്റനായ ടീമിൽ ഹാരി ബ്രൂക്ക് ആണ് വൈസ് ക്യാപ്റ്റൻ. ഇതാദ്യമായാണ് യുവതാരം ഇംഗ്ലണ്ടിൻ്റെ ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് വരുന്നത്. ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ തുടങ്ങി സ്ഥിരം പേരുകാർക്കൊപ്പം സമകാലിക ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവതാരം ജേക്കബ് ബെത്തലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐപിഎൽ ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇവരിൽ പലരുടെയും പ്രകടനം ഐപിഎൽ ടീമുകൾ കൂടി ശ്രദ്ധിക്കും. പ്ലേയിങ് ഇലവനിൽ രണ്ടോ മൂന്നോ പേരൊഴികെ ബാക്കിയെല്ലാവരും വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെത്തൽ, ജേമി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.
ഇന്ത്യൻ ടീം
ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ടോസിടുമ്പോഴാവും ടീം പ്രഖ്യാപിക്കുക. എങ്കിലും സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർ ഓപ്പണിംഗിൽ തുടരും. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ടീമിൽ തിരികെയെത്തും. നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി എന്നിവരും ഫൈനൽ ഇലവനിൽ കളിയ്ക്കും. വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല.