India vs England 2nd T20 : അവസാന ഓവര്‍ വരെ ആവേശം; തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് നിഷ്പ്രഭം
India beat England by two wickets : ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. പുറത്താകാതെ 55 പന്തില്‍ 72 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാല് ഫോറും, അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്
ചെന്നൈ: അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് കീഴടക്കി ഇന്ത്യ ടി20 പരമ്പരയില്‍ മുന്നിലെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. പുറത്താകാതെ 55 പന്തില്‍ 72 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാല് ഫോറും, അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തിലാണ് യാതൊരു പതര്‍ച്ചയുമില്ലാതെ തിലക് ഒറ്റയ്ക്ക് പോരാടിയത്.
166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആറു പന്തില്‍ 12 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം വീണത്. മാര്‍ക്ക് വുഡിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. തൊട്ടുപിന്നാലെ ജോഫ്ര ആര്‍ച്ചര്‍ സഞ്ജുവിനെ വീഴ്ത്തി. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. കൊല്‍ക്കത്തയിലും സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത് ആര്‍ച്ചറായിരുന്നു.
ധ്രുവ് ജൂറലിനും തിളങ്ങാനായില്ല. അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ജൂറലിന് നേടാനായത്. ഹാര്‍ദ്ദിക് പാണ്ഡ്യ ഏഴ് പന്തില്‍ ആറു റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ച അഭിമുഖീകരിച്ചു. 19 പന്തില്‍ 26 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്റെ പോരാട്ടം ഇന്ത്യയ്ക്ക് നിര്‍ണായകമായി. എന്നാല്‍ വാഷിംഗ്ടണിനെ ക്ലീന്‍ ബൗള്‍ഡാക്കി ബ്രൈഡണ്‍ കാര്‍സെ ആ ചെറുത്തുനില്‍പും അവസാനിപ്പിച്ചു.
Read Also : 2024ലെ ടി20 ടീം, ഐസിസിയുടെ പ്രഖ്യാപനമെത്തി; രോഹിത് ക്യാപ്റ്റന്‍
അക്‌സര്‍ പട്ടേല്‍-2, അര്‍ഷ്ദീപ് സിംഗ്-6 എന്നിവരും നിരാശപ്പെടുത്തി. രവി ബിഷ്‌ണോയിയുമായുള്ള എട്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ബിഷ്‌ണോയ് ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി കാര്‍സെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ച്ചര്‍, വുഡ്, ആദില്‍ റഷീദ്, ജാമി ഒവര്‍ട്ടണ്‍, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
30 പന്തില്‍ 45 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 17 പന്തില്‍ 31 റണ്‍സെടുത്ത കാര്‍സെ എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരം 28ന് രാജ്‌കോട്ടില്‍ നടക്കും.