5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England 1st T20 : ആ റെക്കോഡ് ഇനി അര്‍ഷ്ദീപിന് സ്വന്തം; ഈഡനില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തവിടുപൊടി, തിളങ്ങിയത് ‘ജോസേട്ടന്‍’ മാത്രം

India vs England 1st T20 Updates : ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പൂജ്യത്തിന് മടക്കി അര്‍ഷ്ദീപ് സിംഗാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം സമ്മാനിച്ചത്. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട സാള്‍ട്ട് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ രവി ബിഷ്‌ണോയിക്ക് മാത്രമാണ് വിക്കറ്റ് നേടാനാകാത്തത്. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി

India vs England 1st T20 : ആ റെക്കോഡ് ഇനി അര്‍ഷ്ദീപിന് സ്വന്തം; ഈഡനില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തവിടുപൊടി, തിളങ്ങിയത് ‘ജോസേട്ടന്‍’ മാത്രം
Ind Vs Eng: 1st T20i MatchImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 22 Jan 2025 20:57 PM

കൊല്‍ക്കത്ത: ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ച മത്സരത്തില്‍ ആതിഥേയരുടെ വിജയലക്ഷ്യം 133 റണ്‍സ് മാത്രം. 44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. മറ്റ് ബാറ്റര്‍മാര്‍ വന്ന പോലെ മടങ്ങി.

ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പൂജ്യത്തിന് മടക്കി അര്‍ഷ്ദീപ് സിംഗാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം സമ്മാനിച്ചത്. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട സാള്‍ട്ട് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. തൊട്ടുപിന്നാലെ നാല് പന്തില്‍ നാല് റണ്‍സെടുത്ത ബെന്‍ ഡക്കറ്റും പുറത്ത്. ഇത്തവണയും വിക്കറ്റ് വീഴ്ത്തിയത് അര്‍ഷ്ദീപ്. ക്യാച്ചെടുത്തത് റിങ്കു സിംഗാണെന്ന വ്യത്യാസം മാത്രം. ഇതോടെ ഇന്ത്യയ്ക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന നേട്ടം അര്‍ഷ്ദീപ് സ്വന്തമാക്കി. 61 മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 96 വിക്കറ്റുകള്‍ അക്കൗണ്ടിലുള്ള യുസ്‌വേന്ദ്ര ചഹലിന്റെ റെക്കോഡാണ് അര്‍ഷ്ദീപ് പഴങ്കഥയാക്കിയത്.

അര്‍ഷ്ദീപ് തുടങ്ങിവച്ച പ്രഹരം തുടര്‍ന്ന് വരുണ്‍ ചക്രവര്‍ത്തി ഏറ്റെടുക്കുന്നതാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. 14 പന്തില്‍ 17 വിക്കറ്റെടുത്ത ഹാരി ബ്രൂക്കിന്റെ കുറ്റി ചക്രവര്‍ത്തി പിഴുതു. തൊട്ടുപിന്നാലെ ലിയാം ലിവിംഗ്സ്റ്റണെ സംപൂജ്യനാക്കി താരം മടക്കി. ഇതോടെ നാലു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് പരുങ്ങിയെങ്കിലും ഒരു വശത്ത് ജോസ് ബട്ട്‌ലര്‍ പാറപോലെ ഉറച്ചുനിന്നു.

Read Also : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു

തുടക്കത്തില്‍ ധാരാളം റണ്‍സ് വഴങ്ങിയെങ്കിലും ജേക്കബ് ബെഥേലിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ താളം കണ്ടെത്തി. 14 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് ബെഥേല്‍ നേടിയത്. ഉടന്‍ തന്നെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ നിതീഷ് റെഡി ക്യാച്ചെടുത്ത് ജാമി ഓവര്‍ട്ടണും മടങ്ങി. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് ഓവര്‍ട്ടണ്‍ നേടിയത്. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സണെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ സ്റ്റമ്പ് ചെയ്ത് സഞ്ജു സാംസണ്‍ പുറത്താക്കി. അതുവരെ ഇംഗ്ലണ്ടിന് പ്രതീക്ഷ പകര്‍ന്ന ജോസ് ബട്ട്‌ലറാണ് പിന്നീട് പുറത്തായത്. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററുടെ വിക്കറ്റ് വീഴ്ത്തിയത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.

ബട്ട്‌ലര്‍, ബ്രൂക്ക് എന്നിവരെ കൂടാതെ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്ന ജോഫ്ര ആര്‍ച്ചറുടെ വിക്കറ്റ് ഹാര്‍ദ്ദിക് പാണ്ഡ്യ സ്വന്തമാക്കി. 10 പന്തില്‍ 12 റണ്‍സെടുത്ത ആര്‍ച്ചറെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഒരു റണ്‍സെടുത്ത മാര്‍ക്ക് വുഡിനെ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീല വീണു. 11 പന്തില്‍ എട്ട് റണ്‍സെടുത്ത ആദില്‍ റഷീദ് പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ രവി ബിഷ്‌ണോയിക്ക് മാത്രമാണ് വിക്കറ്റ് നേടാനാകാത്തത്. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മറ്റ് ബൗളര്‍മാരെല്ലാം രണ്ട് വിക്കറ്റ് വീതം പങ്കിട്ടെടുത്തു.