ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് കെണിയിൽ വീണ്ടും വീണ് കോലി; ഗ്യാലറിയിൽ അനുഷ്ക ശർമ്മയുടെ പ്രതികരണം വൈറൽ
Virat Kohli Gets Out Anushka Sharma Reaction : ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ഇന്നിംഗ്സിൽ വിരാട് കോലി ഔട്ടായത് കഴിഞ്ഞ ഇന്നിംഗ്സുകളിലേതിന് സമാനമായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റ് വെച്ചായിരുന്നു താരം ഔട്ടായത്. ഇതിനോട് ഭാര്യ അനുഷ്ക ശർമ്മയുടെ പ്രതികരണം വൈറലാവുകയാണ്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ഓൾഔട്ടായ ഇന്ത്യ (India vs Australia) മറ്റൊരു പരാജയത്തിൻ്റെ ഭീഷണിയിലാണ്. ബാറ്റർമാരെല്ലാം പതിവുപോലെ നിരാശപ്പെടുത്തിയപ്പോൾ മറ്റൊരു ബാറ്റിംഗ് തകർച്ചയ്ക്കാണ് സിഡ്നി സാക്ഷ്യം വഹിച്ചത്. ഓഫ്സ്റ്റമ്പിന് പുറത്ത് വരുന്ന പന്തിൽ ബാറ്റ് വച്ച് ഔട്ടാവുന്നത് പതിവാക്കിയ കോലി ഈ ഇന്നിംഗ്സിലും അത് തുടർന്നു. സ്കോട്ട് ബോളണ്ടാണ് വീണ്ടും കോലിയെ വീഴ്ത്തിയത്. കോലി പുറത്തായപ്പോൾ ഗ്യാലറിയിലുണ്ടായിരുന്ന ഭാര്യ അനുഷ്ക ശർമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ അരങ്ങേറ്റക്കാരനായ ബ്യൂ വെബ്സ്റ്റർ പിടിച്ചാണ് കോലി പുറത്തായത്. ഫിഫ്ത് സ്റ്റമ്പ് ലൈനിൽ വന്ന പന്തിൽ കോലി ബാറ്റ് വെക്കുകയായിരുന്നു. എഡ്ജായ പന്ത് വെബ്സ്റ്റർ സ്ലിപ്പിൽ പിടികൂടി. വിക്കറ്റ് വീണതോടെ ഗ്യാലറിയിലുണ്ടായിരുന്ന അനുഷ്ക ശർമ്മയുടെ പ്രതികരണം ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
Virat Kohli Lady Luck Anushka Sharma present in Sydney to support Virat
Hope He scored big Runs today #INDvsAUS #ViratKohli𓃵 pic.twitter.com/jM9mMUN14z— Cricktainment (@Cricktainments) January 3, 2025
നേരിട്ട ആദ്യ പന്തിൽ തന്നെ കോലി സമാനമായി പന്ത് എഡ്ജ് ചെയ്തിരുന്നു. സ്ലിപ്പിൽ സ്മിത്തിന് പന്ത് ശരിയായി പിടികൂടാനായില്ല. സ്മിത്ത് ഫ്ലിക്ക് ചെയ്ത പന്ത് ഗള്ളിയിൽ ഫീൽഡർ പിടികൂടിയെങ്കിലും പന്ത് നിലത്ത് തട്ടിയെന്ന് തേർഡ് അമ്പയർ പിടിച്ചു. പിന്നീട് 68 പന്തുകൾ കൂടി നേരിട്ട കോലി 17 റൺസ് നേടിയാണ് പുറത്തായത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തുകളിൽ അതുവരെ ബാറ്റ് വെക്കാതിരുന്ന കോലിയ്ക്ക് ഒടുവിൽ പിഴച്ചു.
ആദ്യ ഇന്നിംഗ്സിൽ 40 റൺസ് നേടിയ ഋഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ (26), ജസ്പ്രീത് ബുംറ (22) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ഓസ്ട്രേലിയയ്ക്കായി സ്കോട്ട് ബോളണ്ട് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ രണ്ടെണ്ണത്തിൽ വിജയിച്ച ഓസ്ട്രേലിയ നിലവിൽ 2-1ന് പരമ്പരയിൽ മുന്നിലാണ്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ബുംറ നായകനായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യ വിജയിച്ചത്. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലായിരുന്നു പരമ്പരയിലെ ആദ്യ മത്സരം. 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ ഗാബയിലെ മൂന്നാം മത്സരം സമനിലയായി. തുടർന്ന് മെൽബണിൽ നടന്ന നാലാം മത്സരത്തിൽ വിജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ അപരാജിത ലീഡ് സ്വന്തമാക്കുകയായിരുന്നു.
ഇതിനിടെ ജസ്പ്രീത് ബുംറയും ഓസീസ് യുവ ഓപ്പണർ സാം കോൺസ്റ്റാസും തമ്മിലുള്ള വാക്കേറ്റം വൈറലായി. മനപൂർവം കളി വൈകിയ്ക്കാൻ ശ്രമിച്ച ഉസ്മാൻ ഖവാജയോട് തൻ്റെ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു ബുംറ. ഇതോടെ ബുംറയെ സാം കോൺസ്റ്റാസ് ചൊറിഞ്ഞു. ‘എന്താ സഹോദരാ, വിക്കറ്റൊന്നും കിട്ടുന്നില്ലേ?’ എന്നായിരുന്നു ഓസീസ് താരത്തിൻ്റെ പരിഹാസം. തൊട്ടടുത്ത പന്തിൽ ഖവാജയെ പുറത്താക്കിയ ബുംറ തിരിഞ്ഞ് കോൺസ്റ്റാസിനെ തുറിച്ചുനോക്കുകയായിരുന്നു. ഇതോടൊപ്പം വിവിധ ഫീൽഡിംഗ് പൊസിഷനുകളിൽ നിന്ന് ഇന്ത്യൻ താരങ്ങൾ ആക്രോശവുമായി കോൺസ്റ്റാസിനെ വട്ടമിട്ടു. ഇതോടെ ആ ദിവസത്തെ കളി അവസാനിക്കുകയായിരുന്നു.