India vs Australia : ‘അതെന്താ ട്രോഫി കൊടുക്കാൻ എന്നെ വിളിക്കാത്തത്?’; ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ ഗവാസ്കർ
Sunil Gavaskar Against Cricket Australia : ട്രോഫി കൊടുക്കാൻ തന്നെ വിളിച്ചില്ലെന്ന് കാട്ടി ക്രിക്കറ്റ് ഓസ്ട്രേലിയയെ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. പരമ്പരയിൽ ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് ട്രോഫി സമ്മാനിക്കാൻ തന്നെ ക്ഷണിക്കാത്തത് ശരിയായില്ലെന്ന് ഗവാസ്കർ പറഞ്ഞു.
ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ. പരമ്പരയിൽ ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് ട്രോഫി സമ്മാനിക്കാൻ തന്നെ ക്ഷണിച്ചില്ലെന്ന് കാണിച്ചാണ് ഗവാസ്കറിൻ്റെ വിമർശനം. ഓസ്ട്രേലിയയുടെ മുൻ താരമായ അലൻ ബോർഡറിൻ്റെയും ഇന്ത്യയുടെ മുൻ താരമായ സുനിൽ ഗവാസ്കറിൻ്റെയും പേരിലുള്ളതാണ് ബോർഡർ – ഗവാസ്കർ ട്രോഫി (BGT 2024). ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് ട്രോഫി സമ്മാനിക്കാൻ അലൻ ബോർഡർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാൻ ഞാനും വേണ്ടിയിരുന്നു. പ്രസൻ്റേഷൻ സെറിമണിയിൽ ഞാനും ഉൾപ്പെടണമായിരുന്നു. ഇത് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണിത്. ഞാനിവ്ടെ സ്റ്റേഡിയത്തിലുണ്ട്. പ്രസൻ്റേഷനിലേക്ക് വരുമ്പോൾ ഓസ്ട്രേലിയ ജയിച്ചു എന്നത് എന്നെ സംബന്ധിച്ച് പ്രശ്നമല്ല. അവർ നന്നായി കളിച്ചതിനാൽ വിജയിച്ചു. സുഹൃത്ത് അലൻ ബോർഡറിനൊപ്പം ട്രോഫി സമ്മാനിക്കാൻ ഞാനും അവിടെ വേണമായിരുന്നു.”- ഗവാസ്കർ പറഞ്ഞു.
എന്നാൽ, പരമ്പരയിൽ ഓസ്ട്രേലിയ വിജയിച്ചത് കാരണമാണ് അലൻ ബോർഡറിനെ മാത്രം ക്ഷണിച്ചതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. സിഡ്നി ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയാക്കിയിരുന്നെങ്കിൽ ജസ്പ്രീത് ബുംറയ്ക്ക് കിരീടം സമ്മാനിയ്ക്കാൻ സുനിൽ ഗവാസ്കറെ ക്ഷണിച്ചേനെ എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു. എന്നാൽ, അലൻ ബോർഡറും സുനിൽ ഗവാസ്കറും വേദിയിയിലുണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു.
സിഡ്നി ടെസ്റ്റ്
സിഡ്നി ടെസ്റ്റിൽ ആറ് വിക്കറ്റിന് വിജയിച്ചാണ് ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ ട്രോഫി തിരിച്ചുപിടിച്ചത്. ആദ്യ കളി പരാജയപ്പെട്ട ഓസ്ട്രേലിയ പിന്നീട് തിരികെവന്ന് 3-1ന് പരമ്പര നേടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിന് പുറത്തായപ്പോൾ ഓസ്ട്രേലിയ 181 റൺസിന് മുട്ടുമടക്കി. ഇന്ത്യക്ക് നാല് റൺസ് ലീഡ്. 40 റൺസ് നേടിയ ഋഷഭ് പന്തായിരുന്നു ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. സ്കോട്ട് ബോളണ്ട് ഓസ്ട്രേലിയക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഓസീസ് ഇന്നിംഗ്സിൽ അരങ്ങേറ്റക്കാരനായ ബ്യൂ വെബ്സ്റ്റർ (57) ടോപ്പ് സ്കോററായി. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റാണ് നേടിയത്. പരിക്കേറ്റ ബുംറ ഓസീസ് ഇന്നിംഗ്സിനിടെ കളം വിട്ടിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ തകർന്നടിഞ്ഞ ഇന്ത്യ വെറും 157 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ഋഷഭ് പന്ത് (61) തന്നെയായിരുന്നു വീണ്ടും ടോപ്പ് സ്കോറർ. സ്കോട്ട് ബോളണ്ട് ആറ് വിക്കറ്റ് വീഴ്ത്തി. 162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്കെതിരെ ബുംറ പന്തെറിയാൻ ഇറങ്ങിയില്ല. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. രണ്ടാം ഇന്നിംഗ്സിൽ ഉസ്മാൻ ഖവാജ (41) ഓസീസ് ടോപ്പ് സ്കോററായപ്പോൾ ബ്യൂ വെബ്സ്റ്റർ (39 നോട്ടൗട്ട്) വീണ്ടും തിളങ്ങി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി.