India vs Australia : ‘വിരാട് കോലി എൻ്റെ ആരാധനാപാത്രം; കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നു’; പ്രതികരിച്ച് സാം കോൺസ്റ്റാസ്
Sam Konstas Says Virat Kohli Is His Idol: വിരാട് കോലിയെ പുകഴ്ത്തി ഓസ്ട്രേലിയൻ യുവ ഓപ്പണർ സാം കോൺസ്റ്റാസ്. കോലി തൻ്റെ ആരാധനാപാത്രമാണെന്നും കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും കോൺസ്റ്റാസ് പ്രതികരിച്ചു.
വിരാട് കോലി തൻ്റെ ആരാധനാപാത്രമാണെന്ന് ഓസ്ട്രേലിയൻ യുവതാരം സാം കോൺസ്റ്റാസ്. തൻ്റെ കുടുംബം മുഴുവൻ കോലിയെ സ്നേഹിക്കുന്നു. അദ്ദേഹം വളരെ സാധാരണക്കാരനാണെന്നും കോൺസ്റ്റാസ് പ്രതികരിച്ചു. മെൽബൺ ടെസ്റ്റിനിടെ കോൺസ്റ്റാസും വിരാട് കോലിയും (Virat Kohli) തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിലാണ് കോൺസ്റ്റാസ് വിശദീകരണവുമായി രംഗത്തുവന്നത്.
“മത്സരത്തിന് ശേഷം ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. താൻ അദ്ദേഹത്തെ ആരാധിക്കുന്നു എന്നും എതിരെ കളിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ഞാൻ പറഞ്ഞു. അദ്ദേഹം വളരെ സാധാരണക്കാരനാണ്. സ്നേഹമുള്ളയാളാണ്. അദ്ദേഹം എനിക്ക് എല്ലാ ആശംസകളും നേർന്നു. ശ്രീലങ്കൻ പര്യടനത്തിൽ നന്നായി കളിക്കാനാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.”- കോൺസ്റ്റാസ് പറഞ്ഞു.
കോലിയും കോൺസ്റ്റാസും തമ്മിൽ നടന്ന ഉരസൽ
Sam Konstas on Virat Kohli🗣️
“I had a little chat after game, telling him I idolise him & it’s obviously a huge honour playing against him. He’s very down to earth, a lovely person & wished me all the best, said hopefully I go well on tour of Sri Lanka.”pic.twitter.com/2J6eiRi3uF
— ICC Asia Cricket (@ICCAsiaCricket) January 8, 2025
നഥാൻ മക്സ്വീനി തുടരെ പരാജയപ്പെട്ടതോടെയാണ് സെലക്ടർമാർ സാം കോൺസ്റ്റാസിനെ ഉസ്മാൻ ഖവാജയുടെ ഓപ്പണിംഗ് പങ്കാളി ആക്കിയത്. മെൽബണിലെ നാലാം ടെസ്റ്റിലും സിഡ്നിയിലെ അഞ്ചാം ടെസ്റ്റിലും കോൺസ്റ്റാസ് ആണ് ഖവാജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മെൽബൺ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ താരം 60 റൺസ് നേടി പുറത്തായിരുന്നു. ഈ ഇന്നിംഗ്സിനിടെയാണ് കോലിയും കോൺസ്റ്റാസും തമ്മിൽ വാക്കേറ്റമുണ്ടായത്. മത്സരത്തിനിടെ കോൺസ്റ്റാസിൻ്റെ ചുമലിൽ കോലി ഇടിയ്ക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. സിഡ്നി ടെസ്റ്റിൽ ജസ്പ്രീത് ബുംറയുമായും കോൺസ്റ്റാസ് ഉരസിയിരുന്നു.
Also Read : Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ 3-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു. 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. ഈ ടെസ്റ്റ് അവസാനിച്ചതോടെ രോഹിത് തിരികെയെത്തി. രോഹിതിൻ്റെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രാഹുൽ മികച്ച പ്രകടനം നടത്തിയതോടെ അഡലെയ്ഡിലും ഈ പൊസിഷൻ തുടർന്നു. ഇതോടെ രോഹിത് ആറാം സ്ഥാനത്തേക്കിറങ്ങി. എന്നാൽ, അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ 10 വിക്കറ്റിന് വിജയിച്ച് പരമ്പരയിൽ സമനില പിടിച്ചു. ഗാബയിലായിരുന്നു മൂന്നാം ടെസ്റ്റ്. രാഹുൽ ഓപ്പണിംഗിലും രോഹിത് ആറാം നമ്പരിലും തുടർന്നു. ഈ കളി മഴയുടെ സഹായത്തോടെ ഇന്ത്യ സമനിലയാക്കി.
മെൽബൺ ടെസ്റ്റിൽ രോഹിത് ശർമ്മ ഓപ്പണിംഗിലേക്ക് തിരികെയെത്തി. കെഎൽ രാഹുൽ മൂന്നാം നമ്പറിലാണ് കളിച്ചത്. ഈ കളിയിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. 184 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. ഈ കളിയിലും മോശം പ്രകടനം തുടർന്നതോടെ രോഹിത് അടുത്ത കളിയിൽ പുറത്തിരുന്നു. സിഡ്നിയിൽ നടന്ന മത്സരത്തിൽ രോഹിതിന് പകരം ശുഭ്മൻ ഗിൽ ടീമിൽ തിരികെയെത്തി. എന്നാൽ, ഈ കളിയും ഇന്ത്യ കൈവിട്ടു. ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതോടെ താരം രണ്ടാം ഇന്നിംഗ്സിൽ പന്തെറിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. മത്സരത്തിൽ ആറ് വിക്കറ്റിന് ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ഇന്ത്യ പുറത്തായി.