India vs Australia : ബുംറ ബാറ്റിംഗിനിറങ്ങും; പന്തെറിയുമോ എന്ന് ഇതുവരെ തീരുമാനമായില്ലെന്ന് റിപ്പോർട്ട്
Jasprit Bumrah Fit To Bat Says Reports: ബോർഡർ - ഗവാസ്കർ ട്രോഫി അഞ്ചാം മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങുമെന്ന് റിപ്പോർട്ട്. രണ്ടാം ഇന്നിംഗ്സിൽ പന്തെറിയുമോ എന്ന കാര്യത്തിൽ അഞ്ചാം തീയതി രാവിലെയാവും തീരുമാനമെടുക്കുക.
സിഡ്നി ടെസ്റ്റിനിടെ പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങുമെന്ന് റിപ്പോർട്ട്. എന്നാൽ, രണ്ടാം ഇന്നിംഗ്സിൽ (IND vs AUS) താരം പന്തെറിയുമോ എന്നതിൽ തീരുമാനമായിട്ടില്ല. അഞ്ചാം തീയതി രാവിലെ ബുംറയുടെ സ്ഥിതി അനുസരിച്ചാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിനിടെ പരിക്കേറ്റ് മടങ്ങിയ ബുംറ സ്കാനിങിനായി ആശുപത്രിയിലേക്ക് പോയിരുന്നു.
ബുംറയ്ക്ക് മുതുകിൽ പേശീവലിവ് ആണെന്നാണ് പേസർ പ്രസിദ്ധ് കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. അവർ പറയുന്നതനുസരിച്ച് നമ്മൾക്ക് കാര്യങ്ങൾ അറിയാൻ കഴിയുമെന്നും രണ്ടാം ദിവസത്തെ കളിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രസിദ്ധ് കൃഷ്ണ പറഞ്ഞു.
രണ്ടാം ദിനത്തിൽ, ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ രണ്ടാം സെഷന്‍ തുടങ്ങിയതിന് പിന്നാലെയാണ് ബുംറ ഗ്രൗണ്ട് വിട്ടത്. സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർ അൻഷുമാൻ ഉപാധ്യായയ്ക്കും ടീം ഡോക്ടർക്കുമൊപ്പം താരം സ്കാനിങിനായി പോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ഒരു ഓവർ മാത്രമാണ് ബുംറ എറിഞ്ഞത്. ബുംറയുടെ അഭാവത്തില്‍ വിരാട് കോലിയാണ് പിന്നീട് ടീമിനെ നയിച്ചത്. പരമ്പരയില്‍ ഇതുവരെ 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ ഇന്ത്യയുടെ പ്രധാന ബൗളറായിരുന്നു. റെക്കോർഡ് നേട്ടത്തിലേക്ക് കുതിയ്ക്കുന്നതിനിടെയാണ് താരം പരിക്കേറ്റ് കളം വിട്ടത്.
സിഡ്നി ടെസ്റ്റ്
സിഡ്നി ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ നാല് റൺസിൻ്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. 145 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ വെറും 185 റൺസ് നേടി പുറത്തായിരുന്നു. 40 റൺസ് നേടിയ ഋഷഭ് പന്തായിരുന്നു ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. കുറഞ്ഞ സ്കോറിന് പുറത്തായെങ്കിലും ഓസ്ട്രേലിയയെ 181 റൺസിന് മടക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ഇന്ത്യക്ക് നാല് റൺസ് ലീഡ് ലഭിച്ചു. അരങ്ങേറ്റക്കാരനായ ബ്യൂ വെബ്സ്റ്റർ (57) ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയത്. സ്റ്റീവ് സ്മിത്ത് 33 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റാണ് നേടിയത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിംഗ് തകർച്ച നേരിട്ടു. 33 പന്തിൽ 61 റൺസ് നേടി വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ ടോപ്പ് സ്കോറർ. ആറ് ബൗണ്ടറിയും നാല് സിക്സറും സഹിതമാണ് പന്തിൻ്റെ ഇന്നിംഗ്സ്. നഷ്ടമായ ആറ് വിക്കറ്റിൽ നാലും സ്കോട്ട് ബോളണ്ട് സ്വന്തമാക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രവീന്ദ്ര ജഡേജയും (8) വാഷിംഗ്ടൺ സുന്ദറും (6) ക്രീസിൽ തുടരുകയാണ്.