IND vs AUS: ഇനി നിർണായക മത്സരങ്ങൾ, രണ്ടും കൽപ്പിച്ച് ടീം ഇന്ത്യ; ബോക്സിംഗ് ഡേ ടെസ്റ്റിൽ മാറ്റം? റിപ്പോർട്ട്
Team India Boxing Day Test Update: ഇന്ത്യക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണർ നഥാൻ മക്സ്വീനിയും പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡും ടീമിലില്ല.
മെൽബൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നമാണെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് സജീവമാകണം. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലുമെല്ലാം ഇന്ത്യൻ താരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരേണ്ടതുണ്ട്. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇനി രണ്ട് ടെസ്റ്റ് പരമ്പരകളാണ് അവശേഷിക്കുന്നത്. ഡിസംബർ 26-ന് മെൽബണിൽ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ
ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്.
അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിലും ഗാബ ടെസ്റ്റിലും ക്യാപ്റ്റൻ രോഹിത് ശർമ്മ മധ്യനിരയിലാണ് ബാറ്റിംഗിനിറങ്ങിയത്. ഈ രണ്ട് ടെസ്റ്റുകളിലും താരത്തിന് തിളങ്ങാനായിരുന്നില്ല. അഡ്ലെയ്ഡ് ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് 10 റൺസും ഗാബയിൽ ആദ്യം ഇന്നിംഗ്സിൽ 10 മാത്രം സ്കോർ ചെയ്താണ് താരം കൂടാരം കയറിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പെർത്ത് ടെസ്റ്റിൽ നിന്ന് രോഹിത് വിട്ടുനിന്നതോടെയാണ് ഓപ്പണർ റോളിലേക്ക് കെ എൽ രാഹുലിന് പ്രമോഷൻ ലഭിച്ചത്. കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യതയില്ലാത്തതിനാൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ രോഹിത് മൂന്നാം നമ്പറിൽ ബാറ്റിംഗിലിറങ്ങുമെന്നാണ് റിപ്പോർട്ട്. അഡ്‌ലെയ്ഡിലും ഗാബയിലും ആറാം നമ്പറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.
രോഹിത് മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയാൽ ശുഭ്മാൻ ഗിൽ ബെഞ്ചിലിരിക്കേണ്ടി വരും. തള്ളവിരലിനേറ്റ പരിക്കിനെ തുടർന്ന് പെർത്ത് ടെസ്റ്റിൽ കളിക്കാതിരുന്ന ഗില്ലിന് അഡ്‌ലെയ്ഡിലും ഗാബയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അഡ്‌ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 31 റൺസും, രണ്ടാം ഇന്നിംഗ്സിൽ 28 റൺസും സ്കോർ ചെയ്ത ഗിൽ ഗാബയിൽ ഒരു റണ്ണെടുത്ത് കൂടാരം കയറുകയായിരുന്നു. ഈ സാഹചര്യത്തിൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഗിൽ പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താകുമ്പോൾ ആറാം നമ്പറിൽ സർഫറാസ് ഖാനോ ധ്രുവ് ജുറോലോ ഇടംപിടിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
കെ എൽ രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണർമാരായി തുടരും. മൂന്നാം നമ്പറിൽ രോഹിതും, കോലി നാലാം നമ്പറിലും ഋഷഭ് പന്ത് അഞ്ചാം നമ്പറിലുമിറങ്ങും. സ്പിൻ ഓൾ റൗണ്ടറായി വാഷിംഗ്ടൺ സുന്ദറിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. താരം മികച്ച ഫോമിലുമാണ്. നിതീഷ് കുമാർ റെഡ്ഡിക്കും ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ഉണ്ടായേക്കും. നിതീഷ് കുമാർ ഏഴാം നമ്പറിലിറങ്ങിയാൽ എട്ടാമനായാവും വാഷിംഗ്ടൺ സുന്ദർ ക്രീസിലെത്തുക. പേസർമാരായി ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ തന്നെ തുടരും.
അതേസമയം, ഇന്ത്യക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണർ നഥാൻ മക്സ്വീനിയും പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡും ടീമിലില്ല.
ഓസീസ് ടീം:
പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോൺ ആബട്ട്, സ്കോട്ട് ബോളാണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.