India vs Australia : പന്തുകള്‍ അടിച്ചുപറത്തി ‘പന്ത്’; ബോളണ്ടിന്റെ ബോളില്‍ കുരുങ്ങി ഇന്ത്യ; സിഡ്‌നി ടെസ്റ്റിന് ആവേശമേറുന്നു
India vs Australia Sydney Test : സിഡ്‌നിയില്‍ ഋഷഭ് പന്ത് ടി20 മൂഡിലായിരുന്നു. ഓസീസ് ബൗളര്‍മാര്‍ക്ക് കണക്കിന് കിട്ടി. 61 റണ്‍സെടുക്കാന്‍ ഋഷഭ് പന്തിന് വേണ്ടിവന്നത് 33 പന്തുകള്‍ മാത്രം. പന്തിന് മാത്രം സിഡ്‌നിയിലേത് ബാറ്റിംഗ് പിച്ചാണെന്ന് തോന്നിച്ച മത്സരത്തില്‍ താരം അടിച്ചുകൂട്ടിയത് ആറു ഫോറും നാല് സിക്‌സറും. ഒടുവില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി താരത്തിന്റെ മടക്കം
സിഡ്‌നി: കൊള്ളാമെന്നും പറയാനാകില്ല, മോശമെന്നും വിമര്‍ശിക്കാനാകില്ല ! സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെയാണ്. ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 145 റണ്‍സിന്റെ ലീഡ് സ്വന്തം. ഋഷഭ് പന്തിന്റെ ടി20 ശൈലിയിലെ ബാറ്റിംഗാണ് രണ്ടാം ദിനത്തെ ഹൈലൈറ്റ്. 61 റണ്‍സെടുക്കാന്‍ ഋഷഭ് പന്തിന് വേണ്ടിവന്നത് 33 പന്തുകള്‍ മാത്രം. പന്തിന് മാത്രം സിഡ്‌നിയിലേത് ബാറ്റിംഗ് പിച്ചാണെന്ന് തോന്നിച്ച മത്സരത്തില്‍ താരം അടിച്ചുകൂട്ടിയത് ആറു ഫോറും നാല് സിക്‌സറും. ഒടുവില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി താരത്തിന്റെ മടക്കം.
35 പന്തില്‍ 22 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് അല്‍മെങ്കിലും പോരാടിയ മറ്റൊരു ബാറ്റര്‍. ഏകദിന ശൈലിയിലാണ് താരം ബാറ്റ് വീശിയത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങി. പതിവുപോലെ മറ്റ് ബാറ്റര്‍മാര്‍ അമ്പേ പരാജയമായി.
ആദ്യ ഇന്നിംഗ്‌സിന്റെ പകര്‍ന്നാട്ടമാണ് രണ്ടാം ഇന്നിംഗ്‌സിലും ബോളണ്ട് കാഴ്ചവച്ചത്. ഇന്ത്യയ്ക്ക് നഷ്ടമായ ആറില്‍ നാല് വിക്കറ്റുകളും കൊണ്ടുപോയത് ബോളണ്ടാണ്. കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, നിതീഷ് കുമാര്‍ റെഡ്ഡി എന്നിരായിരുന്നു ബോളണ്ടിന്റെ മറ്റ് ഇരകള്‍.
20 പന്തില്‍ 13 റണ്‍സെടുത്ത രാഹുലിനെ കുറ്റി തെറിപ്പിച്ചാണ് ബോളണ്ട് മടക്കിയത്. പതിവുപോലെ കോഹ്ലി വന്നപോലെ മടങ്ങി. സമ്പാദ്യം 12 പന്തില്‍ ആറു റണ്‍സ്. സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു ‘കിങി’ന്റെ മടക്കം. 21 പന്തില്‍ നാല് റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കി മടങ്ങി.
Read Also : രോഹിത് വിരമിക്കുമെന്ന് കരുതിയോ ? എങ്കില്‍ തെറ്റി; കളി മതിയാക്കില്ലെന്ന് താരം; വമ്പന്‍ പ്രഖ്യാപനം
രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം ബാറ്റു കൊണ്ടും പന്ത് കൊണ്ടും ബ്യൂ വെബ്സ്റ്ററും ഭംഗിയാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോററായിരുന്ന താരം രണ്ടാം ഇന്നിംഗ്‌സില്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റും സ്വന്തമാക്കി. 15 പന്തില്‍ 13 റണ്‍സെടുത്ത ഗില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്. 39 പന്തില്‍ എട്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും, 17 പന്തില്‍ ആറു റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 181 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടിയിരുന്നു. മൂന്ന് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ ബൗളിംഗിന് മുന്നില്‍ ആതിഥേയര്‍ നിഷ്പ്രഭരായി. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് പ്രസിദ്ധ് കൃഷ്ണ ഗംഭീരമാക്കി.
ഇതിനിടെ ബുംറ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. താരം ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തിയെങ്കിലും പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പുറംവേദനയാണ് താരത്തെ അലട്ടുന്നതെന്നാണ് വിവരം. താരം സ്‌കാനിംഗിനും വിധേയനായി. ബുംറയുടെ അഭാവത്തില്‍ കോഹ്ലിയായിരുന്നു ടീമിനെ നയിച്ചത്.