5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs Australia : രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് നിര ‘ചീട്ടുകൊട്ടാരം’; ഓസീസിന് ജയിക്കാന്‍ വേണ്ടത് 162 റണ്‍സ്; പ്രതീക്ഷ ബൗളര്‍മാരില്‍

India vs Australia Border Gavaskar Trophy : സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ 157 റണ്‍സിനാണ് ഇന്ത്യ പുറത്തായി. ഇന്നലെ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ബോര്‍ഡില്‍ വെറും 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റുകള്‍ കൂടി നഷ്ടമായി. 45 പന്തില്‍ 13 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ജഡേജയ്ക്ക് പിഴച്ചു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്

India vs Australia : രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് നിര ‘ചീട്ടുകൊട്ടാരം’; ഓസീസിന് ജയിക്കാന്‍ വേണ്ടത് 162 റണ്‍സ്; പ്രതീക്ഷ ബൗളര്‍മാരില്‍
സിഡ്‌നി ടെസ്റ്റ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 Jan 2025 06:52 AM

സിഡ്‌നി: നിര്‍ണായകമായ സിഡ്‌നി ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളി മറന്നു. രണ്ടാം ടെസ്റ്റില്‍ 157 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ഇന്നലെ കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ബോര്‍ഡില്‍ വെറും 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് അവശേഷിച്ച വിക്കറ്റുകള്‍ കൂടി നഷ്ടമായി. 45 പന്തില്‍ 13 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ജഡേജയ്ക്ക് പിഴച്ചു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്. തൊട്ടുപിന്നാലെ വാഷിംഗ്ടണ്‍ സുന്ദറിനെയും കമ്മിന്‍സ് പുറത്താക്കി. 43 പന്തില്‍ 12 റണ്‍സെടുത്ത സുന്ദറെ കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് 11 പന്തില്‍ നാല് റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി. ഉസ്മാന്‍ ഖവാജ ക്യാച്ചെടുത്താണ് താരം ഔട്ടായത്. ഉടന്‍ തന്നെ വെറും മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ കുറ്റി ബോളണ്ട് പിഴുതു. ഇതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. ഒരു റണ്‍സുമായി പ്രസിദ്ധ് കൃഷ്ണ പുറത്താകാതെ നിന്നു.

ഓസീസിന് വേണ്ടി സ്‌കോട്ട് ബോളണ്ട് ആറു വിക്കറ്റ് പിഴുതു. യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തിയത് ബോളണ്ടാണ്‌. പരമ്പരയില്‍ ഉജ്ജ്വല ഫോം തുടരുന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പുതുമുഖ താരം ബ്യൂ വെബ്സ്റ്ററിനും ഒരു വിക്കറ്റ് ലഭിച്ചു.

33 പന്തില്‍ 61 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആറു ഫോറും നാല് സിക്‌സും സഹിതമാണ് ടി20 ശൈലിയില്‍ പന്ത് ബാറ്റ് വീശിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് സമ്മാനിച്ചാണ് പന്ത് ഔട്ടായത്. യശ്വസി ജയ്‌സ്വാള്‍-35 പന്തില്‍ 22, കെഎല്‍ രാഹുല്‍-20 പന്തില്‍ 13, ശുഭ്മന്‍ ഗില്‍-15 പന്തില്‍ 13, വിരാട് കോഹ്ലി-12 പന്തില്‍ 6, നിതീഷ് കുമാര്‍ റെഡ്ഡി-21 പന്തില്‍ നാല് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

Read Also : മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം 

ആദ്യ ഇന്നിംഗ്‌സിലെ സ്‌കോറിനൊപ്പമെത്താന്‍ പോലും ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ സാധിച്ചില്ല. ആദ്യ ഇന്നിംഗ്‌സില്‍ 185 റണ്‍സായിരുന്നു നേടിയത്. ആദ്യ ഇന്നിംഗ്‌സിലും ഋഷഭ് പന്തായിരുന്നു ടോപ് സ്‌കോറര്‍. 98 പന്തില്‍ 40 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ താരം നേടിയത്. ആദ്യ ഇന്നിംഗ്‌സിലും സ്‌കോട്ട് ബോളണ്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് താരം കീശയിലിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും, പാറ്റ് കമ്മിന്‍സ് രണ്ടും, നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ബാറ്റര്‍മാര്‍ പതിവുപോലെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി. ഓസീസിനെ 181 റണ്‍സിന് പുറത്താക്കി ഇന്ത്യ നാല് റണ്‍സ് ലീഡും സ്വന്തമാക്കിയിരുന്നു. മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതവും, നിതീഷ് കുമാര്‍ റെഡ്ഡിയും, ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ പ്രതീക്ഷ ബൗളര്‍മാരിലാണ്.