India vs Srilanka : വെല്ലാലഗെയ്ക്ക് മുന്നിൽ വീണ്ടും തകർന്ന് ഇന്ത്യ; 1997ന് ശേഷം ഇന്ത്യക്കെതിരെ പരമ്പര നേടി ശ്രീലങ്ക
India Lost Against Srilanka : ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം. 110 റൺസിന് വിജയിച്ച ശ്രീലങ്ക 1997ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയെ ഒരു ഏകദിന പരമ്പരയിൽ കീഴടക്കുന്നത്. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ മൂന്നാം മത്സരത്തിലും ശ്രീലങ്കയുടെ വിജയശില്പിയായി.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് കനത്ത പരാജയം. 110 ഇന്ത്യയെ റൺസിന് പരാജയപ്പെടുത്തിയ ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയും ചെയ്തു. ശ്രീലങ്ക മുന്നോട്ടുവച്ച 249 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 138 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലാലഗെ തന്നെയാണ് ഈ കളിയിലും ഇന്ത്യയെ തകർത്തത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ശ്രീലങ്ക പിന്നീട് രണ്ട് മത്സരങ്ങളിലും ഇന്ത്യയെ ആധികാരികമായി കീഴടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ പാത്തും നിസങ്കയും അവിഷ്ക ഫെർണാണ്ടോയും ചേർന്ന് അനായാസം ഇന്ത്യൻ ബൗളിംഗിനെ നേരിട്ടു. 65 പന്തിൽ 45 റൺസ് നേടിയ നിസങ്കയെ പുറത്താക്കി അക്സർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 89 റൺസാണ് സഖ്യം ആദ്യ വിക്കയിൽ കൂട്ടിച്ചേർത്തത്. രണ്ടാം വിക്കറ്റിൽ അവിഷ്ക ഫെർണാണ്ടോ – കുശാൽ മെൻഡിസ് സഖ്യവും മികച്ച പ്രകടനം നടത്തി. 82 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഒടുവിൽ 96 റൺസ് നേടിയ ഫെർണാണ്ടോയെ പുറത്താക്കി റിയാൻ പരഗ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു.
ഈ വിക്കറ്റ് വീണതോടെ ശ്രീലങ്ക തകർന്നു. ക്യാപ്റ്റൻ ചരിത് അസലങ്ക (10), സദീര സമരവിക്രമ (0), ജനിത് ലിയാനഗെ (8), ദുനിത് വെല്ലാലഗെ (2) എന്നിവർ വേഗം പുറത്തായി. അസലങ്കയെയും വെല്ലാലഗയെയും റിയാൻ പരഗ് മടക്കിയപ്പോൾ സമരവിക്രമയെ മുഹമ്മദ് സിറാജും ലിയാനഗെയെ വാഷിംഗ്ടൺ സുന്ദറും പുറത്താക്കി. ഏഴാം വിക്കറ്റിൽ കുശാൽ മെൻഡിസും കമിന്ദു മെൻഡിസും ചേർന്ന് നേടിയ 36 റൺസ് കൂട്ടുകെട്ട് ശ്രീലങ്കയെ മാന്യമായ സ്കോറിലെത്തിച്ചു. 82 പന്തിൽ 59 റൺസ് നേടിയ അസലങ്കയെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. മെൻഡിസ് (19 പന്തിൽ 23) നോട്ടൗട്ടാണ്.
മറുപടി ബാറ്റിംഗിൽ ശുഭ്മൻ ഗിൽ (6) വേഗം മടങ്ങിയെങ്കിലും പതിവുപോലെ രോഹിത് ശർമ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. എന്നാൽ, വെല്ലാലഗെയെ നേരത്തെ കൊണ്ടുവന്ന ശ്രീലങ്കൻ നീക്കം മാസ്റ്റർ സ്ട്രോക്കായി. 20 പന്തിൽ 35 റൺസ് നേടിയ രോഹിത് ശർമയെ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച വെല്ലാലഗെ പിന്നീട് വിരാട് കോലിയെയും (18 പന്തിൽ 20), ശ്രേയാസ് അയ്യർ (7 പന്തിൽ 8), അക്സർ പട്ടേൽ (7 പന്തിൽ 2) വീഴ്ത്തി ഇന്ത്യയെ തകർത്തു. ഋഷഭ് പന്ത് (9) മഹേഷ് തീക്ഷണയ്ക്ക് മുന്നിലും റിയാൻ പരഗ് (13 പന്തിൽ 15), ശിവം ദുബെ (14 പന്തിൽ 9) എന്നിവർ ജെഫ്രി വണ്ടെർസേയ്ക്ക് മുന്നിലും വീണു. 9ആം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ പൊരുതിയെങ്കിലും വിജയം അകന്നുനിന്നു. 25 പന്തിൽ 30 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറെ മഹീഷ് തീക്ഷണയും 6 റൺസ് നേടിയ കുൽദീപ് യാദവിനെ വെല്ലാലഗെയും മടക്കി ശ്രീലങ്കൻ വിജയം പൂർണമാക്കി.