5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Cricket: വെല്ലുവിളി ഉയര്‍ത്താന്‍ പോലും ടീമുകളില്ല; വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് തുല്യം ഇന്ത്യ മാത്രം

India's dominance in the white ball format: വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ടീമിന്റെ മേധാവിത്വം തള്ളിക്കളയാനാകാത്ത വസ്തുതയാണ്. ചാമ്പ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തി രോഹിത് ശര്‍മയും സംഘവും ആ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി അതിന് അടിവരയിടുന്നു. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ പരിശോധിക്കാം

Indian Cricket: വെല്ലുവിളി ഉയര്‍ത്താന്‍ പോലും ടീമുകളില്ല; വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് തുല്യം ഇന്ത്യ മാത്രം
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 10 Mar 2025 07:17 AM

ത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും, പോരായ്മകള്‍ നിരത്തിയാലും ‘ഹേറ്റേഴ്‌സ്’ തന്നെ തുറന്നു സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ടീമിന്റെ മേധാവിത്വം. ചാമ്പ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തി രോഹിത് ശര്‍മയും സംഘവും ആ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ്. ഏകദിനമോ, ടി20യോ ആകട്ടെ, ഇന്ന് വൈറ്റ്‌ബോളില്‍ ഇന്ത്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു ടീമില്ല. അതാണ് വസ്തുതയും, കണക്കുകള്‍ തെളിയിക്കുന്നതും. 2023 ഏകദിന ലോകകപ്പ് മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ ജൈത്രയാത്രയുടെ നേര്‍ചിത്രം അവിടെ തെളിഞ്ഞു വരും. ഇതിന് ശേഷം ചുരുങ്ങിയ അവസരങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് കാലിടറിയത്.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പില്‍ ഫൈനലിലെത്തിയത്. അതായത് ഏതാണ്ട് 10 മത്സരങ്ങളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞേയില്ല. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. എങ്കിലും തലയുയര്‍ത്തി തന്നെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ മടക്കം. ഇതിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയായിരുന്നു വൈറ്റ് ബോളിലെ ഇന്ത്യയുടെ അടുത്ത അസൈന്‍മെന്റ്. നാല് മത്സരങ്ങളിലാണ് ഇന്ത്യ ഓസീസിനെ പറപറപ്പിച്ചത്. ഒരെണ്ണം മാത്രം ഓസ്‌ട്രേലിയ ജയിച്ചു. ആ പരമ്പര അങ്ങനെ ഇന്ത്യ സ്വന്തമാക്കി.

തുടര്‍ന്ന് നടന്ന മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പരമ്പര ഇന്ത്യ ഒപ്പം പിടിച്ചു. തൊട്ടുപിന്നാലെ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യയ്ക്കായിരുന്നു ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഈ പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ചുറിയായിരുന്നു ഇന്ത്യയ്ക്ക് രക്ഷയായത്.

പിന്നീട് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും കണ്ടത് ഇന്ത്യയുടെ തേരോട്ടം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. അധികം വൈകാതെ തന്നെ ടി20 ലോകകപ്പെത്തി. ഒരു മത്സരം പോലും തോല്‍ക്കാതെ രോഹിത് ശര്‍മയും സംഘവും ലോകകപ്പ് ജേതാക്കളായി. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും, രവീന്ദ്ര ജഡേജയും ലോകകപ്പ് ജയത്തോടെ ടി20യില്‍ നിന്ന് കളമൊഴിഞ്ഞപ്പോഴും, ‘കുഞ്ഞന്‍’ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പോരാട്ടവീര്യത്തിന് കുറവൊന്നും വന്നില്ല.

ലോകകപ്പ് ജയത്തിന് ശേഷം സിംബാബ്‌വെയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യയുടെ യുവനിര 4-1നാണ് സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യന്‍ ജയം ഏകപക്ഷീയമായിരുന്നു. പിന്നീട് നടന്ന ഏകദിന പരമ്പരയില്‍ മാത്രമാണ് ഈ കാലയളവില്‍ ഇന്ത്യയ്ക്ക് കാലിടറിയത്. മൂന്ന് മത്സരങ്ങലുടെ പരമ്പരയില്‍ ആദ്യ മത്സരം സമനിലയായി. രണ്ടും, മൂന്നും മത്സരങ്ങള്‍ ജയിച്ച് ലങ്ക ഇന്ത്യയെ ഞെട്ടിച്ച് ജേതാക്കളായി.

Read Also : Champions Trophy 2025: ന്യൂസീലൻഡ് ശാപം തീർത്ത് ഇന്ത്യ; രോഹിത് ശർമ്മയ്ക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തം

പിന്നീട് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയായിരുന്നു വൈറ്റ് ബോളിലെ ഇന്ത്യയുടെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം പോലും ബംഗ്ലാദേശിന് വിജയിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തോല്‍വി രുചിച്ചത് ഒരേയൊരു മത്സരത്തില്‍ മാത്രം.

അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഒരു മത്സരത്തില്‍ മാത്രം തോറ്റു. ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ജേതാക്കളായി. തുടര്‍ന്നായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ അപരാജിതരായി ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഒരു മത്സരത്തില്‍ പോലും ഇന്ത്യന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരു ടീമിനും സാധിച്ചില്ല.

2023ലെ ഏകദിന ലോകകപ്പ് മുതല്‍ ഏകദേശം 64 മത്സരങ്ങളിലാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇതില്‍ ഏതാണ്ട് ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഒരെണ്ണം സമനിലയിലുമായി. അതായത്‌ അതായത് 85 ശതമാനത്തോളമാണ് ഇന്ത്യയുടെ വിജയനിരക്ക്. വൈറ്റ് ബോളില്‍ ഇന്ത്യ പുലര്‍ത്തുന്ന അപ്രമാദിത്യം അടിവരയിടുന്ന കണക്ക്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പകരം വയ്ക്കാനില്ലാത്ത ടീമായി ഇന്ത്യ തുടരുമ്പോഴും, റെഡ് ബോളിലെ പാളിച്ചകളാണ് കല്ലുകടി. അതാണ് ഇന്ത്യന്‍ ടീമിലെ വലയ്ക്കുന്നതും, ആരാധകരെ നിരാശയിലാക്കുന്നതും.