കോലിയും രോഹിതും മാറിനിൽക്കാൻ സമയമായോ?; ടെസ്റ്റ് ക്രിക്കറ്റിൽ പുനർവിചിന്തനത്തിന് സാധ്യതയേറുന്നു | IND vs NZ Virat Kohli And Rohit Sharmas Disastrous Home Test Performances An In Depth Analysis Malayalam news - Malayalam Tv9

IND vs NZ : കോലിയും രോഹിതും മാറിനിൽക്കാൻ സമയമായോ?; ടെസ്റ്റ് ക്രിക്കറ്റിൽ പുനർവിചിന്തനത്തിന് സാധ്യതയേറുന്നു

IND vs NZ Virat Kohli And Rohit Sharma : ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൂടി അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി വിരാട് കോലിയും രോഹിത് ശർമയാണ്. വർഷങ്ങളായി ഹോം ടെസ്റ്റുകളിലെ മോശം പ്രകടനങ്ങൾ ടീം മാനേജ്മെൻ്റിനെ കടുത്ത തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചേക്കും. ഈ മാസം അവസാനം ആരംഭിക്കുന്ന ബോർഡർ - ഗവാസ്കർ ട്രോഫിയാവൂം ഇരുവരുടെയും അവസാന അവസരം.

IND vs NZ : കോലിയും രോഹിതും മാറിനിൽക്കാൻ സമയമായോ?; ടെസ്റ്റ് ക്രിക്കറ്റിൽ പുനർവിചിന്തനത്തിന് സാധ്യതയേറുന്നു

രോഹിത് ശർമ, വിരാട് കോലി (Image Credits - PTI, Getty Images)

Updated On: 

04 Nov 2024 11:38 AM

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്തൊരു തരം പരിഭ്രാന്തിയാണുയരുന്നത്. വെറുമൊരു പരമ്പര തോൽവിയല്ല അതിന് കാരണം. ഇന്ത്യൻ ടീം മുൻപും പരമ്പരകൾ തോറ്റിട്ടുണ്ട്. ലോകകപ്പിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിട്ടുണ്ട്. എന്നാൽ, അപ്പോഴൊന്നും ഇത്ര വലിയൊരു പ്രതിസന്ധി ഇന്ത്യൻ ടീമിനെ പൊതിഞ്ഞിട്ടില്ല. അത്തരം പ്രതിസന്ധികളിൽ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ആ സമയത്ത് തന്നെ ലഭിച്ചിരുന്നു. 2007 ഏകദിന ലോകകപ്പിൻ്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായപ്പോൾ 2007 ടി20 ലോകകപ്പിൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ യുവാക്കളെ അയക്കാനുള്ള ഓപ്ഷൻ ബിസിസിഐയ്ക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ഓപ്ഷനില്ലെന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പരിഭ്രാന്തരാക്കുന്നത്.

Also Read : World Test Championship: ഓസ്ട്രേലിയയിൽ ചിലത് സംഭവിക്കണം, ഇന്ത്യയുടെയും സീനിയർ താരങ്ങളുടെയും ഭാവി തുലാസിൽ

ന്യൂസീലൻഡിനെതിരായ പരമ്പരയോടെ ഇന്ത്യൻ ടീമിൽ നിലവിലെ ഏറ്റവും വലിയ ബാധ്യതകൾ ടീമിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളായ രോഹിത് ശർമയും വിരാട് കോലിയും തന്നെയാണെന്നത് എല്ലാവർക്കും മനസിലായിട്ടുണ്ട്. കഴിഞ്ഞ 21 ഇന്നിംഗ്സുകളിൽ രോഹിത് ശർമയുടെ ശരാശരി വെറും 29.40 ആണ്. 2019ൽ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശം ശരാശരി. ഈ സമയത്ത് നേടിയത് രണ്ട് വീതം സെഞ്ചുറിയും ഹാഫ് സെഞ്ചുറിയും. ഈ പരമ്പരയിൽ 15.16 ശരാശരിയിൽ രോഹിത് നേടിയത് 91 റൺസ്. ഇക്കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര കൂടി പരിഗണിച്ചാൽ, അഞ്ച് ടെസ്റ്റുകൾ. 10 ഇന്നിംഗ്സ്. അതിൽ 13.30 ശരാശരിയിൽ 133 റൺസ് മാത്രമാണ് രോഹിതിൻ്റെ സമ്പാദ്യം. അതിൽ ഒരേയൊരു അർദ്ധസെഞ്ചുറി.

2019 വരെ ഹോം ടെസ്റ്റുകളിൽ ലെഫ്റ്റ് ആം സ്പിന്നർമാർക്കെതിരെ കോലിയുടെ ശരാശരി 123.80 ആയിരുന്നു. 2019ന് ശേഷം ഇത് വെറും 23.08 ആയി താഴ്ന്നു. തമ്മിൽ ഭേദം തൊമ്മൻ എന്നതാണ് കോലിയുടെ അവസ്ഥ. ബംഗ്ലാദേശ്, ന്യൂസീലൻഡ് പരമ്പരകളിലെ 10 ഇന്നിംഗ്സുകളിൽ നിന്ന് കോലിയുടെ സമ്പാദ്യം 192 റൺസ്. ശരാശരി 21.33. ഒരൊറ്റ ഫിഫ്റ്റി. ഈ വർഷം 12 ഇന്നിംഗ്സുകൾ കളിച്ച കോലി 22.72 ശരാശരിയിൽ ഒരു ഫിഫ്റ്റിയടക്കം നേടിയത് വെറും 250 റൺസ്. മൂന്ന് കൊല്ലം മുൻപ് സച്ചിൻ്റെ റെക്കോർഡുകൾ തകർക്കുമെന്ന് കരുതിയിരുന്ന താരമാണ്. ഇപ്പോൾ ജോ റൂട്ടിനും പിന്നിൽ നിന്ന് കിതയ്ക്കുന്നു.

കണക്കുകളിലെ ഇടിവിനൊപ്പം ഇരുവരുടെയും ടെക്നിക്കുകളിലെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനാവുന്നുണ്ട്. തുടരെ ബൗൾഡാവുന്നതും സ്ലിപ്പിലും കീപ്പറിനുമൊക്കെ ക്യാച്ച് നൽകി മടങ്ങുന്നതുമൊക്കെ ഇരുവരുടെയും ടെക്നിക്കിലെ അപാകതകളാണ്. അത് മറ്റാരെക്കാളും നന്നായി അവർക്ക് സ്വയം മനസിലാവുന്നുണ്ട്. അത് രോഹിത് ശർമ സമ്മതിക്കുകയും ചെയ്തു.

ആദ്യ കളി ഒഴികെ ന്യൂസീലൻഡിനെതിരെ ഇന്ത്യ വീണത് സ്പിന്നിന് മുന്നിലാണ്. മുൻപെങ്ങും ഇന്ത്യൻ ടീമിലുണ്ടായിട്ടില്ലാത്ത പ്രതിസന്ധി. ഇന്ത്യൻ സബ് കോണ്ടിനെൻ്റിലെ ബാറ്റർമാർ പൊതുവേ സ്പിന്നിൽ മുട്ടിടിക്കാത്തവരാണ്. ആഭ്യന്തര ക്രിക്കറ്റിലെ സ്പിൻ വൈവിധ്യത്തെ നിരന്തരം അഭിമുഖീകരിച്ച് ഇന്ത്യൻ ബാറ്റർമാർ സ്പിന്നിൽ ഇമ്മ്യൂണിറ്റി നേടിയിരുന്നു. ഇതിനൊപ്പം ഉപഭൂഖണ്ഡത്തിലെ സ്ലോ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണ് എന്നതും സ്പിൻ ബൗളിംഗ് എന്നത് നമുക്കൊരു ഭീഷണി ആയിരുന്നില്ല. ഈ പതിവ് കുറച്ചുകാലം മുൻപ് തെറ്റുന്നുണ്ട്. സമീപകാലത്തായി ഇന്ത്യൻ ബാറ്റർമാർ സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നുണ്ട്. ശ്രീലങ്കയിലെ പരമ്പര പരാജയത്തിന് പിന്നിൽ ഈ സ്പിൻ വൾനറബിലിറ്റി ഉണ്ടായിരുന്നു. ദുനിത് വല്ലാലഗെയുടെ നേതൃത്വത്തിലാണ് പാതി സടകൊഴിഞ്ഞ സിംഹളർ ഇന്ത്യയുടെ ഫുൾ സ്ട്രെങ്ത് ടീമിനെ ചോക്ക് ചെയ്തതത്. അതിന് മുൻപും സ്പിൻ ഡോമിനൻസ് എന്ന ഇന്ത്യൻ ബാറ്റർമാരുടെ സ്വഭാവം സാവധാനം കുറഞ്ഞുവരുന്നതായി കാണാം.

വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോൾ സേന രാജ്യങ്ങളിലെ ടെസ്റ്റ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ടീമിൽ ഒരു പേസ് ബൗളിംഗ് സംസ്കാരം വളർത്തിയെടുത്തിരുന്നു. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും പിന്നെ ആഭ്യന്തര ക്രിക്കറ്റിലെ പലരും ചേർന്നൊരു കില്ലിങ് മെഷീൻ. ആ സംസ്കാരം നമുക്ക് മഹത്തായ നേട്ടങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഗാബയിൽ ഓസീസിനെ വീഴ്ത്തി പരമ്പര നേടിയതടക്കം വിരാട് കോലിയുടെ ഈ ചിന്ത ഇന്ത്യയ്ക്ക് നൽകിയത് അവിസ്മരണീയ വിജയങ്ങളാണ്. അതിൻ്റെ ചുവടുപിടിച്ചാണ് ഹർഷിത് റാണയും മായങ്ക് യാദവും പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപുമൊക്കെ അടങ്ങുന്ന യുവ പേസ് ബാറ്ററി ആഭ്യന്തര ക്രിക്കറ്റിൽ രൂപം കൊള്ളുന്നത്. എന്നാൽ, ആ സമയത്ത് മറുവശത്ത് നമുക്ക് സ്പിൻ ഗെയിം നഷ്ടപ്പെട്ടു എന്നത് ആരും ശ്രദ്ധിച്ചില്ല.

Also Read : IND vs NZ : അങ്ങനെ നാണക്കേട് പൂർണം; ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലും തോൽവി; പരമ്പര തൂത്തുവാരി ന്യൂസീലൻഡ്

അശ്വിനും ജഡേജയ്ക്കും ശേഷം ഇന്ത്യൻ ടീമിൽ നിർബന്ധമായും വേണമെന്ന് തോന്നുന്ന സ്പിന്നർമാർ എത്രപേരുണ്ടാവും? അക്സർ പട്ടേലിനെയും വാഷിംഗ്ടൺ സുന്ദറിനെയും ഇന്ത്യക്ക് വേണ്ടവിധം ഉപയോഗിക്കാനാവുന്നില്ലെന്ന് വെയ്ക്കാം. ആകെയുള്ളത് ഒരു കുൽദീപ് യാദവാണ്. പക്ഷേ, കുൽദീപ് യാദവിന് വയസ് 29 ആയി. രവി ബിഷ്ണോയ് ഇതുവരെ ടെസ്റ്റിൽ കളിച്ചിട്ടില്ല. തമിഴ്നാടിൻ്റെ ക്യാപ്റ്റൻ സായ് കിഷോർ ഈ പ്രൊഫൈലിലേക്ക് വളരെ കൃത്യമായി ഫിറ്റാവുന്ന താരമാണ്. എല്ലാ രഞ്ജി സീസണിലും നല്ല പ്രകടനങ്ങൾ നടത്തുന്ന സായ് കിഷോറും ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. വേറെ ഒരാളും സ്പെഷ്യലൈസ്ഡ് സ്പിന്നർ ആയി നിലവിൽ എടുത്തുപറയാൻ ഇല്ല. ഇത് ഇന്ത്യൻ ക്രിക്കറ്റിൽ പതിവുള്ളതല്ല. മലയാളി താരം മുഹമ്മദ് ഇനാനെപ്പോലെ, മുംബൈ താരം ഹിമാൻശു സിംഗിനെപ്പോലെ ചില പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും നിലവിൽ ആരുമില്ല. കഴിഞ്ഞ അണ്ടർ 19 ലോകകപ്പുകളിൽ ഉയർന്നുകേട്ട വിക്കി ഓസ്‌വാളിനെപ്പോലുള്ള താരങ്ങൾ ഏജ് ഗ്രൂപ്പ് ക്രിക്കറ്റിന് ശേഷം സീനിയർ തലത്തിൽ എവിടെയുമെത്തുന്നില്ല.

കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന ഈ സ്പിൻ വൾനറബിലിറ്റി ന്യൂസീലൻഡ് കൃത്യമായി മനസിലാക്കി പ്രവർത്തിച്ചു. അവിടെ ഇന്ത്യ വീണു. സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റു എന്നതിനപ്പുറം ഇതാവും ടീം മാനേജ്മെൻ്റിനെ സമ്മർദ്ദത്തിലാക്കുന്നത്. ടെസ്റ്റിൽ സ്പിന്നറുടെ ഫുൾ ടോസുകളിൽ പോലും പുറത്താവുന്ന താരങ്ങളുടെ ടെക്നിക്ക് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

ഈ ടീം ഓസ്ട്രേലിയയിൽ പോയി ഇത്ര മോശം പ്രകടനങ്ങൾ നടത്തുമെന്ന് കരുതുന്നില്ല. ഓസ്ട്രേലിയൻ പിച്ചുകൾ കുറച്ചുകൂടി ബൗൺസ് ഉള്ളതാണ്. പേസി ആണ്. ഒരുപക്ഷേ, ഇന്ത്യൻ ബാറ്റർമാർക്ക് അവിടെ കുറച്ചുകൂടി നല്ല പ്രകടനം നടത്താൻ കഴിഞ്ഞേക്കും. എന്നാൽ, ഓസ്ട്രേലിയയിൽ കളിക്കുന്ന അഞ്ച് ടെസ്റ്റുകളിൽ നാലും ജയിച്ചാലേ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാവൂ എന്ന പ്രതിസന്ധി ഇന്ത്യയ്ക്ക് തിരിച്ചടി ആയേക്കും. അങ്ങനെ നടക്കുക എന്നത് നിലവിൽ അസാധ്യമാണ്. അങ്ങനെയെങ്കിൽ രോഹിത് ശർമയുടെ ടെസ്റ്റ് കരിയർ അവസാനിക്കും. വിരാട് കോലി ഒന്നോ രണ്ടോ വർഷം കൂടി തുടർന്നേക്കും.

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?