5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs NZ : വിൽ യങും ഡാരിൽ മിച്ചലും തുണച്ചു; ‘കുഴി’യിൽ വീണെങ്കിലും തകരാതെ ന്യൂസീലൻഡ്

IND vs NZ Third Test First Day : മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് 235 റൺസിന് ഓൾഔട്ട്. ഫിഫ്റ്റി നേടിയ വിൽ യങും ഡാരിൽ മിച്ചലും ന്യൂസീലൻഡിനായും 9 വിക്കറ്റുകൾ പങ്കിട്ട വാഷിംടൺ സുന്ദറും രവീന്ദ്ര ജഡേജയും ഇന്ത്യക്കായും തിളങ്ങി.

IND vs NZ : വിൽ യങും ഡാരിൽ മിച്ചലും തുണച്ചു; ‘കുഴി’യിൽ വീണെങ്കിലും തകരാതെ ന്യൂസീലൻഡ്
ഇന്ത്യ - ന്യൂസീലൻഡ് (Image Credits - PTI)
abdul-basith
Abdul Basith | Published: 01 Nov 2024 15:39 PM

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 235 റൺസിന് ഓൾഔട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിനായി വിൽ യങും ഡാരിൽ മിച്ചലുമാണ് തിളങ്ങിയത്. ഇരുവരും അർദ്ധസെഞ്ചുറികൾ നേടി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ചും വാഷിംഗ്ടൺ സുന്ദർ നാലും വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ഇന്ന് അഭിമാനം സംരക്ഷിക്കാൻ വിജയിച്ചേ മതിയാവൂ.

കഴിഞ്ഞ രണ്ട് കളി തോറ്റതോടെ ഈ കളി എങ്ങനെയും വിജയിക്കുക എന്ന ലക്ഷ്യത്തോടെ സ്പിൻ പിച്ചാണ് ഇന്ത്യ ഒരുക്കിയത്. വെറും 11 ഓവർ മാത്രമാണ് മത്സരത്തിൽ പേസ് എറിഞ്ഞത്. ഇതിനിടെ ഡെവോൺ കോൺവെയെ (4) വീഴ്ത്തി ആകാശ് ദീപ് ഇന്ത്യക്ക് നല്ല തുടക്കം നൽകി. പിന്നാലെ കളി സ്പിന്നർമാർ എറ്റെടുത്തു. ടോം ലാതം (28), രചിൻ രവീന്ദ്ര (5) എന്നിവരെ മടക്കി വാഷിംഗ്ടൺ സുന്ദർ ഇന്ത്യക്ക് മേൽക്കൈ നൽകി.

Also Read : Jasprit Bumrah : ബുംറയെ പിന്തള്ളി; ഐസിസി റാങ്കിംഗിൽ കഗീസോ റബാഡ ഒന്നാമത്; ജയ്സ്വാളിനും നേട്ടം

നാലാം വിക്കറ്റിൽ വിൽ യങിന് കൂട്ടായി ഡാരിൽ മിച്ചൽ എത്തിയതോടെ കിവീസ് കളി പിടിച്ചു. ഇന്ത്യൻ സ്പിൻ ത്രയത്തെ ഫലപ്രദമായി നേരിട്ട സഖ്യം സാവധാനത്തിലെങ്കിലും സ്കോർബോർഡ് ചലിപ്പിച്ചു. ഇതിനിടെ വിൽ യങ് ഫിഫ്റ്റി തികച്ചു. 87 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടിനൊടുവിലാണ് ഈ സഖ്യം വേർപിരിഞ്ഞത്. 71 റൺസ് നേടിയ വിൽ യങിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ച ജഡേജ പിന്നീട് ടോം ബ്ലണ്ടൽ (0), ഗ്ലെൻ ഫിലിപ്സ് (17), ഇഷ് സോധി (7), മാറ്റ് ഹെൻറി (0) എന്നിവരെക്കൂടി മടക്കി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ഇതിനിടെ അർദ്ധസെഞ്ചുറി തികച്ച ഡാരിൽ മിച്ചൽ ആക്രമിച്ച് കളിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ 82 റൺസ് നേടി ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായ മിച്ചലിനെയും അജാസ് പട്ടേലിനെയും (7) മടക്കി വാഷിംഗ്ടൺ സുന്ദർ ന്യൂസീലൻഡ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് സിറാജിനെ ടീമിൽ പരിഗണിച്ചു. ന്യൂസീലൻഡ് ആവട്ടെ ടിം സൗത്തി, മിച്ചൽ സാൻ്റ്നർ എന്നിവർക്ക് പകരം ഇഷ് സോധിയെയും മാറ്റ് ഹെൻറിയെയും ടീമിൽ ഉൾപ്പെടുത്തി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ പൂനെയിലെ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ടത് 113 റൺസിന്. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനവും ബുദ്ധിമുട്ടിലായി. 2012ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര പരാജയെപ്പെടുന്നത്. പരമ്പര പരാജയത്തോടെ നാട്ടിൽ 18 പരമ്പരകൾ നീണ്ട ഇന്ത്യയുടെ ജൈത്രയാത്ര ഇതോടെ അവസാനിച്ചു. തോൽവിയറിയാത്ത 18 ഹോം പരമ്പരകൾ ലോകറെക്കോർഡാണ്. 2012/13 സീസണിൽ ഇംഗ്ലണ്ടാണ് ഇന്ത്യയിൽ ഇതിന് മുൻപ് ഒരു ടെസ്റ്റ് പരമ്പര നേടുന്നത്.