അങ്ങനെ നാണക്കേട് പൂർണം; ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലും തോൽവി; പരമ്പര തൂത്തുവാരി ന്യൂസീലൻഡ് | IND vs NZ 3rd Test India Lost To New Zealand 3 0 Clean Sweep For The Visitors For The First Time In History Malayalam news - Malayalam Tv9

IND vs NZ : അങ്ങനെ നാണക്കേട് പൂർണം; ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലും തോൽവി; പരമ്പര തൂത്തുവാരി ന്യൂസീലൻഡ്

IND vs NZ 3rd Test India Lost To New Zealand : മൂന്നാം മത്സരത്തിലും ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് പരാജയം. 25 റൺസിനാണ് ന്യൂസീലൻഡ് വിജയിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരാൻ ന്യൂസീലൻഡിന് സാധിച്ചു.

IND vs NZ : അങ്ങനെ നാണക്കേട് പൂർണം; ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലും തോൽവി; പരമ്പര തൂത്തുവാരി ന്യൂസീലൻഡ്

ന്യൂസീലൻഡ് (Image Credits - PTI)

Published: 

03 Nov 2024 13:22 PM

ഇന്ത്യൻ മണ്ണിൽ ചരിത്രം രചിച്ച് ന്യൂസീലൻഡ്. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരവും വിജയിച്ച ന്യൂസീലൻഡ് പരമ്പര തൂത്തുവാരി. മുംബൈ വാംഖഡെയിൽ നടന്ന മൂന്നാം മത്സരത്തിൽ 25 റൺസിനാണ് ന്യൂസീലൻഡിൻ്റെ ജയം. 64 റൺസ് നേടി പുറത്തായ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ന്യൂസീലൻഡിനായി അജാസ് പട്ടേൽ ആറ് വിക്കറ്റ് വീഴ്ത്തി.

147 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയത്. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, മോശം ഷോട്ടുകൾ കളിച്ച ബാറ്റർമാരും തകർപ്പൻ ബൗളിംഗും ഫീൽഡിലും കാഴ്ച വച്ച ന്യൂസീലൻഡും ചേർന്ന് ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. മോശം ഷോട്ട് കളിച്ച് രോഹിത് ശർമ (11) വേഗം മടങ്ങി. പിന്നാലെ അജാസ് പട്ടേലിൻ്റെ പന്ത് ലീവ് ചെയ്ത ശുഭ്മൻ ഗിൽ (1) ബൗൾഡായി. വിരാട് കോലി (1), യശസ്വി ജയ്സ്വാൾ (5), സർഫറാസ് ഖാൻ (1) എന്നിവർ ജാഥയായി മടങ്ങുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 29. അവിടെനിന്ന് ഋഷഭ് പന്തിൻ്റെ കൗണ്ടർ അറ്റാക്ക്. രവീന്ദ്ര ജഡേജ പിടിച്ചുനിന്നതോടെ ആറാം വിക്കറ്റിൽ 42 റൺസിൻ്റെ കൂട്ടുകെട്ടുയർന്നു. എന്നാൽ, ജഡേജയെ (6) വീഴ്ത്തി അജാസ് പട്ടേൽ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 57 പന്തിൽ 64 റൺസ് നേടി ഋഷഭ് പന്ത് മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകളൊക്കെ അവസാനിച്ചു. പന്തായിരുന്നു അജാസ് പട്ടേലിൻ്റെ അഞ്ചാം വിക്കറ്റ്.

Also Read : IND vs NZ : തോറ്റാൽ പതിറ്റാണ്ടുകൾ നീളുന്ന നാണക്കേട്; ഇന്ത്യക്ക് ഇന്ന് നിർണായക ദിവസം

അശ്വിനും വാഷിംഗ്ടൺ സുന്ദറും പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്താൻ അത് മതിയാവുമായിരുന്നില്ല. അശ്വിനെയും (8) ആകാശ് ദീപിനെയും (0) ഗ്ലെൻ ഫിലിപ്സ് മടക്കിയപ്പോൾ അവസാന വിക്കറ്റായി വാഷിംഗ്ടൺ സുന്ദറെ (12) വീഴ്ത്തി അജാസ് പട്ടേൽ ആറ് വിക്കറ്റ് നേട്ടം തികച്ചു. ഇതോടെ മത്സരത്തിൽ അജാസ് പട്ടേലിന് 11 വിക്കറ്റായി. ആദ്യ ഇന്നിംഗ്സിൽ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു.

ചരിത്രത്തിലാദ്യമായാണ് ഒരു വിസിറ്റിങ് ടീം മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയിൽ തൂത്തുവാരുന്നത്. ബെംഗളൂരുവിൽ നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ച ന്യൂസീലൻഡ് പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 113 റൺസിനാണ് വിജയിച്ചത്. ഇന്ന്, വാംഖഡെയിൽ അവസാനിച്ച ടെസ്റ്റിൽ ന്യൂസീലൻഡിൻ്റെ ജയം 25 റൺസിന്.

2000ന് ശേഷം ഒരു വിസിറ്റിങ് ടീം ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത് ഇത് ആദ്യമാണ്. അന്ന് രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര ഹാൻസി ക്രോണ്യയുടെ ദക്ഷിണാഫ്രിക്ക തൂത്തുവാരി. സച്ചിൻ തെണ്ടുൽക്കറായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. 1983 ന് ശേഷം ടെസ്റ്റ് പരമ്പരയിൽ മൂന്നോ അതിലധികമോ മത്സരങ്ങളിൽ പരാജയം എന്ന നാണക്കേടും ഈ പരമ്പ്രയോടെ ഇന്ത്യക്ക് ലഭിച്ചു. അന്ന് വെസ്റ്റ് ഇൻഡീസായിരുന്നു എതിരാളികൾ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നെണ്ണം വിൻഡീസ് ജയിച്ചപ്പോൾ രണ്ട് കളി സമനിലയായി.

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?