India vs England : ഇംഗ്ലണ്ടിന്റെ തിരിച്ചുവരവോ ഇന്ത്യയുടെ പരമ്പര നേട്ടമോ?; രണ്ടാം ഏകദിനം എവിടെ, എങ്ങനെ കാണാം?
Streaming Details Of IND vs ENG: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം ഫെബ്രുവരി 9, ഞായറാഴ്ച നടക്കും. ഉച്ചക്ക് 1.30ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം നാളെ. ഫെബ്രുവരി 9, ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി ഇന്ത്യ വിജയിച്ചിരുന്നു. ഈ കളി വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ, കളി ജയിച്ച് പരമ്പരയിൽ തിരികെവരാനാവും ഇംഗ്ലണ്ടിൻ്റെ ശ്രമം. ഇന്ത്യക്കെതിരെ ടി20 പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് ഏകദിന പരമ്പരയെങ്കിലും നേടേണ്ടതുണ്ട്.
ആദ്യ കളി ബൗളർമാരും മധ്യനിര താരങ്ങളുമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഹർഷിത് റാണയും ഏകദിനത്തിൽ ആദ്യ മത്സരം കളിച്ചു. തല്ല് വാങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് മത്സരത്തിൽ തിളങ്ങി. എന്നാൽ, ജയ്സ്വാളിന് 15 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ കളി പരിക്കേറ്റതിനെ തുടർന്ന് കളിക്കാതിരുന്ന വിരാട് കോലി ഈ കളി തിരികെയെത്തിയേക്കുമെന്നാണ് ടീം മാനേജ്മെൻ്റ് അറിയിച്ചത്. കോലിയുടെ അഭാവത്തിൽ ആദ്യ കളി കളിച്ച ശ്രേയാസ് അയ്യർ തകർപ്പൻ ഫിഫ്റ്റി കണ്ടെത്തിയതോടെ യശസ്വി ജയ്സ്വാൾ ആവും പുറത്താവുക. ശുഭ്മൻ ഗിൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. കോലിയാവും മൂന്നാം നമ്പറിൽ.
കളിയുടെ വിവരങ്ങൾ
ഒഡീഷയിലെ കട്ടക്കിൽ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഡേ – നൈറ്റ് മത്സരമായതിനാൽ ഉച്ചയ്ക്ക് 1.30നാവും കളി ആരംഭിക്കുക. മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല.




കളി എവിടെ, എങ്ങനെ കാണാം?
സ്റ്റാർ ആണ് പരമ്പരയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് ചാനലിലും ഒടിടിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻ്റെ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും സൗജന്യമായി മത്സരം സ്ട്രീം ചെയ്യാം.
Also Read: Harshit Rana : അരങ്ങേറ്റത്തില്‍ ആരും ആഗ്രഹിക്കാത്തത്; ആ റെക്കോഡ് ഹര്‍ഷിത് റാണ കൊണ്ടുപോയി
ആദ്യ കളിയിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 39ആം ഓവറിൽ വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീതം നേടിയ ഹർഷിത് റാണയും രവീന്ദ്ര ജഡേജയും തിളങ്ങിയപ്പോൾ ബാറ്റിംഗിൽ ശുഭ്മൻ ഗിൽ (87), ശ്രേയാസ് അയ്യർ (59), അക്സർ പട്ടേൽ (52) എന്നിവർ മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്ട്ലർ (52), ജേക്കബ് ബെഥൽ (51) എന്നിവർ ബാറ്റിംഗിലും രണ്ട് വിക്കറ്റ് വീതം നേടിയ സാഖിബ് മഹ്മൂദ്, ആദിൽ റഷീദ് എന്നിവർ ബൗളിംഗിലും തിളങ്ങി.