5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: ആവേശം അവസാന ഓവർ വരെ; വിവാദ കൺകഷനിലൂടെ ഇന്ത്യക്ക് ജയവും പരമ്പരയും

Ind vs Eng India Wins vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്പര. നാലാം മത്സരത്തിൽ 15 റൺസിന് വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യ രണ്ട് കളി ഇന്ത്യ വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

India vs England: ആവേശം അവസാന ഓവർ വരെ; വിവാദ കൺകഷനിലൂടെ ഇന്ത്യക്ക് ജയവും പരമ്പരയും
ഇന്ത്യ - ഇംഗ്ലണ്ട്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 31 Jan 2025 22:40 PM

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് ജയം. ഇംഗ്ലണ്ടിനെ 15 റൺസിന് വീഴ്ത്തിയ ഇന്ത്യ ഇതോടെ പരമ്പരയും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 166 റൺസിന് ഓളൗട്ടായി. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഫിഫ്റ്റിയടിച്ചു. ഇംഗ്ലണ്ട് നിരയിൽ ഹാരി ബ്രൂക്കും അർദ്ധസെഞ്ചുറി കണ്ടത്തി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവി ബിഷ്ണോയും ശിവം ദുബെയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ഹർഷിത് റാണയുമാണ് ബൗളിംഗിൽ ഇന്ത്യക്കായി തിളങ്ങിയത്.

പതിവുപോലെ സഞ്ജു വേഗം മടങ്ങി. ഒരു റൺസെടുത്ത സഞ്ജു ഇത്തവണ പക്ഷേ ആർച്ചറിന് വിക്കറ്റ് നൽകിയില്ല. പകരം സാഖിബ് മഹ്മൂദ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ പുറത്തായി. ഒരു റൺസെടുത്ത താരം പതിവുപോലെ ഷോർട്ട് ബോളിൽ ഡീപ് സ്ക്വയർ ലെഗിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ആ ഓവറിൽ തന്നെ സൂര്യകുമാർ യാദവ് (0), തിലക് വർമ്മ (0) എന്നിവരെയും സാഖിബ് മടക്കി. ഇതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിലായി. 19 പന്തിൽ 29 റൺസ് നേടിയ അഭിഷേക് ശർമ്മയെ ആദിൽ റഷീദും 26 പന്തിൽ 30 റൺസ് നേടിയ റിങ്കു സിംഗിനെ ബ്രൈഡൻ കാഴ്സും മടക്കി അയച്ചതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.

ആറാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 87 റൺസിൻ്റെ അതിനിർണായക കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. 30 പന്തിൽ 53 റൺസ് നേടിയ ഹാർദികിനെ പുറത്താക്കി ജേമി ഓവർട്ടൺ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്നിംഗ്സിലെ അവസാന പന്തിൽ 34 പന്തിൽ 53 റൺസെടുത്ത ശിവം ദുബെ റണ്ണൗട്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം ലഭിച്ചു. കഴിഞ്ഞ മത്സരത്തിൽ നിർത്തിയേടത്തുനിന്ന് തുടങ്ങിയ ബെൻ ഡക്കറ്റും അർഷ്ദീപ് വെല്ലുവിളി അതിജീവിച്ച ഫിൽ സാൾട്ടും ചേർന്ന് ആദ്യ വിക്കറ്റിൽ 62 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 19 പന്തിൽ 39 റൺസെടുത്ത ഡക്കറ്റിനെ മടക്കി അയച്ച് രവി ബിഷ്ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഫിൽ സാൾട്ട് (21 പന്തിൽ 23) അക്സർ പട്ടേലിന് മുന്നിൽ വീണു. ജോസ് ബട്ട്ലറെയും (2) വീഴ്ത്തിയ ബിഷ്ണോയ് ഇന്ത്യക്ക് മേൽക്കൈ നൽകി. ലിയാം ലിവിങ്സ്റ്റൺ (9) വേഗം മടങ്ങിയെങ്കിലും ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്ക് ഇംഗ്ലണ്ട് പ്രതീക്ഷ നിലനിർത്തി. 26 പന്തിൽ 51 റൺസ് നേടിയ ബ്രൂക്കിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ജേക്കബ് ബെഥൽ (6), ബ്രൈഡൻ കാഴ്സ് (0), ജോഫ്ര ആർച്ചർ (0) എന്നിവരൊക്കെ വേഗം മടങ്ങി. എന്നാൽ, അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ജേമി ഓവർട്ടൺ, ആദിൽ റഷീദ് സഖ്യം ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ, 19 റൺസ് നേടിയ ഓവർട്ടണെ മടക്കി ഹർഷിത് റാണ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. അവസാന ഓവറിൽ സാഖിബ് മഹ്മൂദിനെ (1) മടക്കി അർഷ്ദീപ് സിംഗ് ഇന്ത്യയുടെ ജയം പൂർണമാക്കി.