India vs England: തങ്ങൾ 12 പേരെ ടീമിലെടുക്കുമെന്ന് ജോസ് ബട്ട്ലർ; വിവാദങ്ങൾക്കിടെ ഇന്ന് അഞ്ചാം ടി20
IND vs ENG 5th T20 Today: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി20 മത്സരം ഇന്ന്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ ആണ് മത്സരത്തിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാന് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 3-1ന് സീരീസ് സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ടീമിൽ ഇന്ന് ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തിലെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് വിവാദത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. പരിക്കേറ്റ ശിവം ദുബേയ്ക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ടീമിലെത്തിയ ഹർഷിത് റാണ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ഇതിനെ വിമർശിച്ച് രംഗത്തുവന്നു. അടുത്ത മത്സരത്തിന് മുൻപ് ടോസിടുമ്പോൾ തങ്ങളും 12 പേരെ പ്രഖ്യാപിക്കുമെന്ന് ബട്ട്ലർ പറഞ്ഞിരുന്നു.
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തി മാച്ച് വിന്നിങ് പ്രകടനം നടത്തിയ ഹർഷിത് ടീമിൽ സ്ഥാനം നിലനിർത്തും. അർഷ്ദീപിനെ പുറത്തിരുത്തി പകരം മുഹമ്മദ് ഷമിയും ടീമിലെത്തിയേക്കും. ശിവം ദുബേയ്ക്ക് പകരം രമൺദീപ് സിംഗിനും ടീമിൽ ഇടം ലഭിച്ചേക്കും. രവി ബിഷ്ണോയ് പുറത്തിരിക്കാനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസൺ ഇതുവരെ ഫോമിലെത്തിയിട്ടില്ലെങ്കിലും താരം ടീമിൽ സ്ഥാനം നിലനിർത്തും. ഇന്ത്യൻ ടീമിൽ ഇടം സുരക്ഷിതമാക്കുന്നതിന് സഞ്ജുവിൻ്റെ അവസാന അവസരമാണ് ഇത്. രാത്രി ഏഴ് മണി മുതൽ ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും മത്സരം തത്സമയം കാണാം.




ടൂർണമെൻ്റിൽ ഇത് വരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ നടത്തിയത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 132 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 34 പന്തിൽ 79 റൺസ് നേടിയ അഭിഷേക് ശർമ്മയായിരുന്നു ഇന്ത്യയുടെ വിജയശില്പി. മത്സരത്തിൽ സഞ്ജു 20 പന്തിൽ 26 റൺസെടുത്ത് പുറത്തായി.
Also Read: India vs England: ആവേശം അവസാന ഓവർ വരെ; വിവാദ കൺകഷനിലൂടെ ഇന്ത്യക്ക് ജയവും പരമ്പരയും
രണ്ടാം മത്സരത്തിൽ ഒന്ന് പതറിയെങ്കിലും രണ്ട് വിക്കറ്റിന് ഇന്ത്യ ജയം പിടിച്ചു. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വേഗം വിക്കറ്റുകൾ നഷ്ടമായെങ്കിലും 55 പന്തിൽ 72 റൺസ് നേടി പുറത്താവാതെ നിന്ന തിലക് വർമ്മ അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഈ കളി സഞ്ജു എടുത്തത് അഞ്ച് റൺസ്.
രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് 26 റൺസിന് വിജയിച്ചു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് നേടിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ കളി സഞ്ജുവിൻ്റെ സ്കോർ 3. പൂനെയിൽ നടന്ന കഴിഞ്ഞ കളി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 181 റൺസെടുത്തു. ഇംഗ്ലണ്ട് 166 റൺസിന് ഓളൗട്ടായി. ഇന്ത്യക്ക് 15 റൺസ് ജയം. സഞ്ജുവിൻ്റെ സ്കോർ ഒന്ന്.