5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : കിംഗ് കോലി ഈസ് ബാക്ക്!; എറിഞ്ഞുതളർന്ന ഓസീസിന്റെ വിജയലക്ഷ്യം 534 റൺസ്

IND vs AUS BGT 2024 Virat Kohli Scores Century : ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 534 റൺസ്. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി കോലിയും ജയ്സ്വാളും സെഞ്ചുറി തികച്ചു.

IND vs AUS : കിംഗ് കോലി ഈസ് ബാക്ക്!; എറിഞ്ഞുതളർന്ന ഓസീസിന്റെ വിജയലക്ഷ്യം 534 റൺസ്
വിരാട് കോലി (Image Credits - PTI)
abdul-basith
Abdul Basith | Published: 24 Nov 2024 15:08 PM

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ വിരാട് കോലി സെഞ്ചുറി തികച്ചു. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടുന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനിൽ തന്നെ സിക്സറടിച്ച് യശസ്വി സെഞ്ചുറി തികച്ചു. പിന്നാലെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ ടീം ടോട്ടലിനോട് 29 റൺസ് കൂടി കൂട്ടിച്ചേർക്കവെ കെഎൽ രാഹുൽ പുറത്താവുകയായിരുന്നു. 77 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി. മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ ജയ്സ്വാളിന് ഉറച്ച പിന്തുണ നൽകി. 74 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ദേവ്ദത്തിനെ (25) ഹേസൽവുഡ് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ കോലി മികച്ച ഫോമിലായിരുന്നു. ആധികാരികമായി ക്രീസിലുറച്ച കോലി ഓസീസ് ബൗളർമാരെ അനായാസം നേരിട്ടു. ഇതിനിടെ, ടോപ്പ് സ്കോറർ യശസ്വി ജയ്സ്വാൾ നിർഭാഗ്യകരമായി പുറത്തായി. മിച്ചൽ മാർഷിൻ്റെ പന്തിൽ ഒരു തകർപ്പൻ കട്ട് ഷോട്ട് കളിച്ചെങ്കിലും പന്ത് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ ഋഷഭ് പന്ത് (1) ലിയോണിൻ്റെ പന്തിലും ധ്രുവ് ജുറേൽ (1) കമ്മിൻസിൻ്റെ പന്തിലും പവലിയനിലേക്ക് മടങ്ങി.

Also Read : Yashasvi Jaiswal: പെർത്തിൽ കങ്കാരു മർദ്ദനം, സെഞ്ചുറിക്കൊപ്പം റെക്കോഡുകളും തൂക്കി യശ്വസി ജയ്‌സ്വാൾ

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിൽ നിന്ന് ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ കോലിക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. 89 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷം വാഷിംഗ്ടൺ മടങ്ങി. 29 റൺസ് നേടിയ താരത്തെ നതാൻ ലിയോൺ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. കോലി സെഞ്ചുറിക്കരികെ ആയതിനാൽ സെഞ്ചുറിക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരുന്നു ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നീക്കം. അതുകൊണ്ട് തന്നെ സുന്ദറിന് ശേഷം എട്ടാം നമ്പരിൽ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ടി20 മൂഡിലാണ് ബാറ്റ് ചെയ്തത്. ഡിക്ലയർ നിർദ്ദേശമുള്ളതുകൊണ്ട് തന്നെ കോലിയും ആക്രമിച്ചുകളിച്ചു. കോലിയുടെ സെഞ്ചുറി വൈകിക്കാൻ നെഗറ്റീവ് ബൗളിംഗ് വരെ പരീക്ഷിച്ച ഓസ്ട്രേലിയയെ അമ്പയർ താക്കീത് ചെയ്യുകയും ചെയ്തു. ഒടുവിൽ മാർനസ് ലബുഷെയ്നെ സ്വീപ്പ് ചെയ്ത് ബൗണ്ടറി കണ്ടെത്തിയ കോലി തൻ്റെ സെഞ്ചുറി തികച്ചു. കരിയറിലെ 80ആം സെഞ്ചുറിയാണ് കോലി തികച്ചത്. ടെസ്റ്റ് കരിയറിൽ താരത്തിൻ്റെ 30ആം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. കോലിയും (100) നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 38) നോട്ടൗട്ടാണ്.

ഈ ഇന്നിംഗ്സോടെ ഓസീസിനെതിരെ തൻ്റെ 9ആം സെഞ്ചുറിയാണ് കോലി തികച്ചത്. ഇതിൽ ഏഴെണ്ണവും ഓസ്ട്രേലിയയിലാണ്. തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിവിധ റെക്കോർഡുകളും കോലി സ്വന്തമാക്കി.