IND vs AUS : പുറത്താക്കാൻ സമ്മതിക്കില്ല; അവസാന ടെസ്റ്റിൽ നിന്ന് ‘മാറിനിൽക്കുന്നു’ എന്ന് രോഹിത് ശർമ്മ: റിപ്പോർട്ട്
Rohit Sharma Opts Out Of Sydney Test : ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്ന് രോഹിത് ശർമ്മ സ്വയം ഒഴിവായെന്ന് റിപ്പോർട്ട്. ഇക്കാര്യം ടീം മാനേജ്മെൻ്റിനെ അറിയിച്ചെന്നും മാനേജ്മെൻ്റ് ഇത് സമ്മതിച്ചു എന്നുമാണ് റിപ്പോർട്ടുകൾ.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്ന് മാറിനിൽക്കുന്നു എന്ന് രോഹിത് ശർമ്മ (Rohit Sharma) ടീം മാനേജ്മെൻ്റിനെ അറിയിച്ചതായി റിപ്പോർട്ട്. രോഹിതിനെ അവസാന ടെസ്റ്റിൽ നിന്ന് പുറത്താക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇതിനിടെയാണ് ടീമിൽ നിന്ന് മാറിനിൽക്കുന്നതായി രോഹിത് ശർമ്മ അറിയിച്ചു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രോഹിതിൻ്റെ അഭാവത്തിൽ ശുഭ്മൻ ഗിൽ ടീമിൽ മടങ്ങിയെത്തും. ജസ്പ്രീത് ബുംറയാവും ക്യാപ്റ്റൻ.
രോഹിതിനെ ടീമിൽ നിന്ന് പുറത്താക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. രോഹിത് ടീമിൽ കളിക്കുമോ എന്ന ചോദ്യത്തിന് പരിശീലകൻ ഗൗതം ഗംഭീർ കൃത്യമായ ഉത്തരം പറയാത്തതും സ്ലിപ്പ് കോർഡനിൽ രോഹിതിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ പരിശീലിപ്പിച്ചതുമൊക്കെ ഈ റിപ്പോർട്ടുകൾക്ക് ശക്തിപകർന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടീം ക്യാപ്റ്റനെ പരിശീലകൻ മാറ്റിനിർത്തുമെന്ന തരത്തിലായിരുന്നു വാർത്തകൾ. ഇതിനൊടുവിലാണ് താൻ സ്വയം മാറിനിൽക്കുന്നതായി രോഹിത് ശർമ്മ ടീം മാനേജ്മെൻ്റിനെ അറിയിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പരിശീലകൻ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും ഇക്കാര്യം അറിയിച്ചെന്നും അവർ ഇത് സമ്മതിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ ഇതോടെ രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിക്കും.
ബോർഡർ – ഗവാസ്കർ ട്രോഫിയിൽ വളരെ മോശം ഫോമിലാണ് രോഹിത്. അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറാം നമ്പരിലിറങ്ങിയ രോഹിത് ആദ്യ ഇന്നിംഗ്സിൽ മൂന്ന് റൺസിനും രണ്ടാം ഇന്നിംഗ്സിൽ ആറ് റൺസിനും പുറത്തായി. ഗാബയിലെ മൂന്നാം ടെസ്റ്റിലും രോഹിത് ആറാം നമ്പരിലാണ് കളിച്ചത്. ഈ കളി ആദ്യ ഇന്നിംഗ്സിൽ 10 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്തില്ല. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഓപ്പണിംഗിലേക്ക് തിരികെയെത്തിയ താരം 3, 9 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.
അതേസമയം, പരിക്കേറ്റ ആകാശ് ദീപും സിഡ്നി ടെസ്റ്റിൽ ഉണ്ടാവില്ല. ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയോ ഹർഷിത് റാണയോ കളിച്ചേക്കും.
ഇന്ത്യൻ ഡ്രസിങ് റൂമിൽ വിവാദങ്ങൾ പുകയുകയാണ്. ഗൗതം ഗംഭീർ ഡ്രസിങ് റൂമിൽ പൊട്ടിത്തെറിച്ചതും ഒരു മുതിർന്ന താരം ടീമിനെ നയിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതുമൊക്കെയാണ് അഭ്യൂഹങ്ങളായി പുറത്തുവരുന്നത്. ഏത് താരമായാലും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ടീമിൽ പരിഗണിക്കില്ല എന്ന് ഗംഭീർ പറഞ്ഞു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസമായി താൻ അവസരം നൽകുകയാണെന്നും മുതിർന്ന താരങ്ങൾ അവരവർക്ക് തോന്നുന്ന രീതിയിലാണ് കളിക്കുന്നതെന്നും ഗംഭീർ പറഞ്ഞെന്നാണ് റിപ്പോർട്ട്. ടീമിലെ ഒരു സീനിയർ താരം ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റവാനാൻ ആഗ്രഹിക്കുന്നു എന്ന തരത്തിൽ മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. വിരാട് കോലിയാണ് ആ താരമെന്ന് ചില സൂചനകളിലൂടെ സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തതയില്ല.