5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : പ്രതിരോധത്തിലായ ഇന്ത്യയെ മഴ കനിഞ്ഞു; മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

IND vs AUS BGT 2024 Rain Interruption : മഴ മൂലം ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ മൂലം കളി ഉപേക്ഷിക്കുന്നത്.

IND vs AUS : പ്രതിരോധത്തിലായ ഇന്ത്യയെ മഴ കനിഞ്ഞു; മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു
കെഎൽ രാഹുൽ (Image Credits - PTI)
abdul-basith
Abdul Basith | Published: 16 Dec 2024 13:26 PM

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ മൂന്നാമത്തെ മത്സരത്തിന് ഭീഷണിയായി മഴ. തുടരെ മഴ പെയ്തതിനാൽ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിൽ പതറുമ്പോഴാണ് മഴ മൂലം കളി ഉപേക്ഷിച്ചത്. ഒന്നാം ഇന്നിംഗ്സിൽ 445 റൺസ് നേടി ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസ് നേടിയ യശസ്വി ജയ്സ്വാളിനെ മിച്ചൽ സ്റ്റാർക്ക് മിച്ചൽ മാർഷിൻ്റെ കൈകളിലെത്തിച്ചു. കണ്ണടച്ചുതുറക്കും മുൻപ് ശുഭ്മൻ ഗിൽ (1), വിരാട് കോലി (3), ഋഷഭ് പന്ത് (9) എന്നിവരും പവലിയനിൽ മടങ്ങിയെത്തി. ഒരുവശത്ത് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചുനിന്ന കെഎൽ രാഹുലാണ് ഇന്ത്യൻ സ്കോർ ചലിപ്പിച്ചത്. മത്സരത്തിനിടെ പലതവണ മഴ പെയ്യുകയും കളി ഇടയ്ക്കിടെ നിർത്തിവെക്കുകയും ചെയ്തിരുന്നു. ആറാം നമ്പരിൽ രോഹിത് ശർമ്മ ക്രീസിലെത്തിയെങ്കിലും ഇതുവരെ റൺസെടുക്കാൻ കഴിഞ്ഞിട്ടില്ല. 33 റൺസെടുത്ത കെഎൽ രാഹുലും രോഹിതും ക്രീസിൽ തുടരുകയാണ്.

രണ്ട് ദിവസം കൂടി ബാക്കിനിൽക്കെ ഇന്ത്യക്ക് മുന്നിൽ സമനില, തോൽവി എന്നീ രണ്ട് ഓപ്ഷനുകളേയുള്ളൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കളി സമനിലയാക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അടുത്ത ഒരു ദിവസമെങ്കിലും മഴ പെയ്ത് നഷ്ടപ്പെടാനാവും ഇന്ത്യൻ ആരാധകരുടെ ആഗ്രഹം.

Also Read : IND vs AUS : ഇത്രയും റൺസൊക്കെ ആരടിച്ചെടുക്കാനാണ്!; ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിന് ഓൾ ഔട്ട്

ഓസ്ട്രേലിയ മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ ഓൾ ഔട്ടായിരുന്നു. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. അലക്സ് കാരി ഫിഫ്റ്റി നേടി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്കായി മികച്ചുനിന്നത്.

ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായി. സ്മാൻ ഖവാജ(21), നഥാൻ മക്സ്വീനി (9), മാർനസ് ലബുഷെയ്ൻ (12) എന്നിവർ പുറത്തായപ്പോൾ സ്കോർ ബോർഡിൽ 75 റൺസ്. നാലാം വിക്കറ്റിലാണ് സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ഒരുമിച്ചത്. ഈ സഖ്യം ഇന്ത്യയിൽ നിന്ന് കളിയുടെ നിയന്ത്രണം സ്വന്തമാക്കി. ഹെഡ് പതിവുപോലെ ആക്രമിച്ചുകളിച്ചപ്പോൾ സ്മിത്ത് സാവധാനം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ പലതവണ ഭാഗ്യം സ്മിത്തിനെ പിന്തുണച്ചു. 241 റൺസിൻ്റെ മാച്ച് വിന്നിങ് കൂട്ടുകെട്ടൊരുക്കിയ സഖ്യം ആകെ സ്കോർ 316ലെത്തിയപ്പോഴാണ് വേർപിരിഞ്ഞത്. ഇതിനകം സ്മിത്തും ഹെഡും സെഞ്ചുറി തികച്ചു. 101 റൺസ് നേടിയ സ്മിത്തിനെ മടക്കി ഈ കൂട്ടുകെട്ട് തകർത്ത ബുംറ പിന്നാലെ 152 റൺസ് നേടിയ ട്രാവിസ് ഹെഡിനെയും വീഴ്ത്തി. മിച്ചൽ മാർഷും (5) ബുംറയുടെ ഇരയായി മടങ്ങി.

ആറ് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിൽ അലക്സ് കാരിയുടെ കൗണ്ടർ അറ്റാക്ക്. ആക്രമിച്ചുകളിച്ച കാരി വേഗത്തിൽ സ്കോർ ചെയ്തു. പാറ്റ് കമ്മിൻസ് (20), മിച്ചൽ സ്റ്റാർക്ക് (18) എന്നിവർ കാരിയ്ക്ക് ഉറച്ചപിന്തുണ നൽകിയപ്പോൾ ഓസീസ് സ്കോർ 400 കടന്ന് കുതിച്ചു. ഒടുവിൽ 70 റൺസെടുത്ത കാരിയെ പുറത്താക്കി ആകാശ് ദീപ് മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.