IND vs AUS: ഇന്ത്യൻ ഡ്രസിങ് റൂം രണ്ട് ചേരി?; ചരിത്രത്തിലാദ്യമായി ക്യാപ്റ്റനെ പുറത്താക്കുമോ ഗംഭീർ?; ഇന്ത്യൻ ടീമിൽ വിവാദങ്ങൾ തുടർക്കഥ
Indian Dressing Room Has Divided To 2 Groups : ഇന്ത്യൻ ടീമിൻ്റെ ഡ്രസിങ് റൂമിൽ രണ്ട് ചേരിയെന്ന് റിപ്പോർട്ട്. വിവിധ മാധ്യമങ്ങളാണ് ഇന്ത്യൻ ഡ്രസിങ് റൂമിലെ അവസ്ഥ വളരെ മോശമാണെന്ന റിപ്പോർട്ടുകൾ നൽകിയത്. അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ്മയെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് നല്ല വാർത്തകളല്ല കഴിഞ്ഞ കുറച്ചുദിവസമായി വരുന്നത്. മെൽബൺ ടെസ്റ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗൗതം ഗംഭീർ(Gautam Gambhir) ഡ്രസിങ് റൂമിൽ പൊട്ടിത്തെറിച്ചതും ഒരു മുതിർന്ന താരം ടീമിനെ നയിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏത് താരമായാലും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ടീമിൽ പരിഗണിക്കില്ല എന്ന് ഗംഭീർ താക്കീത് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ എക്സ്പ്രസ് ആണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം വാർത്ത പുറത്തുവിട്ടത്. ഇതിൽ ഗംഭീർ മുതിർന്ന താരങ്ങളെ വിമർശിച്ചതായിരുന്നു പ്രധാന വാർത്ത. കഴിഞ്ഞ ആറ് മാസമായി താൻ അവസരം നൽകുകയാണെന്നും മുതിർന്ന താരങ്ങൾ അവരവർക്ക് തോന്നുന്ന രീതിയിലാണ് കളിക്കുന്നതെന്നും ഗംഭീർ പറഞ്ഞതായാണ് റിപ്പോർട്ട്. ഈ നില തുടർന്നാൽ ആരായാലും ടീമിൽ നിന്ന് പുറത്താക്കുമെന്നും ഗംഭീർ പറഞ്ഞു. രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ള മുതിർന്ന താരങ്ങളെയാണ് പേരെടുത്ത് പറയാതെ ഗംഭീർ വിമർശിച്ചതെന്ന് സൂചനയുണ്ട്.
Also Read: Gautam Gambhir: ‘എനിക്ക് മതിയായി; ഇനിയില്ല’, സീനിയർ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
ഇതിന് പിന്നാലെ, ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ട് കസേരകളാണ് ഉണ്ടായിരുന്നത്. മുൻപ് ഈ പരമ്പരയിലെ വാർത്താസമ്മേളനത്തിനായി രണ്ട് കസേരകളിട്ടത് ആർ അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോഴായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നു. എന്നാൽ, വാർത്താസമ്മേളനത്തിന് എത്തിയത് ഗംഭീർ മാത്രം. ഇതിനിടെ രോഹിത് ടീമിൽ കളിക്കുമോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് വളരെ ഉദാസീനമായ മറുപടിയാണ് ഗംഭീർ നൽകിയത്. ‘ഫൈനൽ ഇലവൻ തീരുമാനിക്കുന്നത് പിച്ച് പരിഗണിച്ചാണ്’ എന്നതായിരുന്നു മറുപടി. ടീം ക്യാപ്റ്റൻ പ്ലെയിങ് ഇലവനിൽ 100 ശതമാനം ഉറപ്പുള്ള താരമാണ്. എന്നാൽ, ഗംഭീറിൻ്റെ മറുപടി ഇതിനെ തിരുത്തുന്നതാണെന്ന അഭ്യൂഹങ്ങളുയർന്നു. രോഹിതിനെ സിഡ്നി ടെസ്റ്റിനുള്ള ടീമിൽ നിന്ന് മാറ്റുമെന്നതായിരുന്നു പിന്നീടുള്ള അഭ്യൂഹങ്ങൾ.
ഈ അഭ്യൂഹത്തെ സാധൂകരിക്കുന്ന തെളിവുകളും സോഷ്യൽ മീഡിയ കണ്ടെത്തി. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുമായി ഗംഭീർ ഏറെ നേരം മാറിയിരുന്ന് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നിരത്തി. രോഹിതിൻ്റെ അഭാവത്തിൽ ഇന്ത്യയെ നയിച്ച ബുംറ കളി വിജയിച്ചിരുന്നു. പരമ്പരയിൽ ഇതുവരെ ആ ഒരു കളി മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതുകൊണ്ട് തന്നെ രോഹിതിനെ മാറ്റി ബുംറയെ സ്ഥിരം ക്യാപ്റ്റനാക്കാനാണ് ഗംഭീറിൻ്റെ തീരുമാനമെന്ന സൂചനകളുയർന്നു. ഒപ്പം, കിറ്റ് ബാഗില്ലാതെയാണ് രോഹിത് നെറ്റ് പ്രാക്ടീസിനെത്തിയത് എന്നും സോഷ്യൽ മീഡിയ കണ്ടെത്തി. ഇതൊക്കെ രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിച്ചെന്ന അഭ്യൂഹങ്ങൾക്ക് എരിവ് പകർന്നു. പിന്നാലെ, രോഹിത് ശർമ്മ നെറ്റ് പ്രാക്ടീസ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും രോഹിതുമായി ബന്ധപ്പെട്ട് ഇപ്പോഴും ഒരു സംശയം നിലനിൽക്കുന്നുണ്ട്.
ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറ വച്ച നാണക്കേടുമായാണ് ടീം ഇന്ത്യ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്കായി ഓസ്ട്രേലിയയിൽ എത്തുന്നത്. ന്യൂസീലൻഡ് പരമ്പര അവസാനിച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഏറെക്കുറെ അവസാനിച്ചെങ്കിലും നിലവിൽ അത് പൂർണമായും അവസാനിച്ചിട്ടുണ്ട്. ന്യൂസീലൻഡ് പരമ്പര മുതൽ മോശം ഫോമിലായ രോഹിത് ഈ പരമ്പരയിലും വളരെ മോശം പ്രകടനങ്ങളാണ് നടത്തുന്നത്. ആറാം നമ്പരിലും പിന്നീട് ഓപ്പണിംഗിലും കളിച്ചെങ്കിലും രോഹിത് ഇതുവരെ ഫോമിലെത്തിയിട്ടില്ല.
ഇതിനോടൊപ്പം ചേർന്ന് വന്ന മറ്റൊരു റിപ്പോർട്ടാണ് ടീമിലെ ഒരു സീനിയർ താരം ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റവാനാൻ ആഗ്രഹിക്കുന്നു എന്നത്. അത് ആരാണെന്ന് റിപ്പോർട്ടിൽ ഇല്ലായിരുന്നെങ്കിലും വിരാട് കോലിയാണ് ആ താരമെന്ന് ചില സൂചനകളിലൂടെ സോഷ്യൽ മീഡിയ കണ്ടെത്തി.
Also Read : Gautam Gambhir: സീനിയർ താരങ്ങളുടെ മോശം പ്രകടനം, പൂജാരയെ ടീമിലെത്തിക്കാൻ ഗംഭീർ, ആവശ്യം തള്ളി സെലക്ടർമാർ
ഇതിനിടെ, ഡ്രസിങ് റൂമിലെ സംസാരം മാധ്യമപ്രവർത്തകർക്ക് എങ്ങനെ കിട്ടിയെന്ന വളരെ പ്രസക്തമായ ചോദ്യമാണ് മുൻ താരങ്ങളിൽ പലരും ചോദിക്കുന്നത്. ഡ്രസിങ് റൂമിലെ സംസാരം പുറത്തുപോകുന്നത് ആരോഗ്യകരമായ അന്തരീക്ഷമല്ല കാണിക്കുന്നത് എന്നതാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഡ്രസിങ് റൂമിൽ നിന്ന് ഇതൊക്കെ ആരോ ചോർത്തിക്കൊടുക്കുന്നുണ്ടെന്നും അത് ടീമിൽ വിള്ളലുകളുണ്ടെന്നതിൻ്റെ തെളിവാണെന്നും ഈ താരങ്ങൾ പറയുന്നു.
പുറത്തുവന്ന റിപ്പോർട്ടുകളിൽ, ഗൗതം ഗംഭീർ ചേതേശ്വർ പൂജാരയെ ടീമിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സെലക്ടർമാർ അതിന് തയ്യാറായില്ലെന്ന വിവരവുമുണ്ട്. അത് മുൻനിർത്തി ഗംഭീർ ഈ ചേരിചേരാനയത്തിൽ ഇല്ലെന്ന മറ്റ് ചില കണ്ടെത്തലുമുണ്ട്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ടെസ്റ്റിൽ പരിഗണിച്ചതും സഞ്ജു സാംസണെ ടി20യിൽ ഓപ്പണിംഗിൽ പരിഗണിച്ചതും ഉൾപ്പെടെ ഗംഭീർ നടപ്പിലാക്കിയ തീരുമാനങ്ങളൊക്കെ വിജയിച്ചതിനാൽ ഈ രക്തത്തിൽ ഇന്ത്യൻ പരിശീലകന് പങ്കില്ലെന്നതാണ് ഇവരുടെ വാദം.
എന്ത് തന്നെയായാലും ടീം ഇന്ത്യ കടുത്ത സമ്മർദ്ദത്തിലാണ്. ഈ മാസം മൂന്നിന് അഞ്ചാം ടെസ്റ്റിൻ്റെ ടോസ് വരെ, പുറത്തുവന്ന റിപ്പോർട്ടുകളിൽ എത്രത്തോളം സത്യമുണ്ടെന്ന് നമുക്കറിയാൻ കഴിയില്ല. ഒരു കാര്യം ഉറപ്പാണ്. ഈ പ്രകടനങ്ങൾ കൊണ്ട് രോഹിതിനും കോലിയ്ക്കും ഇന്ത്യൻ ടീമിൽ ഏറെ നാൾ തുടരാനാവില്ല. അതുകൊണ്ട് തന്നെ സിഡ്നിയിലെ അഞ്ചാം ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്സുകൾ ഒരുപക്ഷേ, ഇവരുടെ കരിയറിലെ തന്നെ ഏറ്റവും നിർണായകമായ രണ്ട് ഇന്നിംഗ്സുകളാവുമെന്നതിൽ സംശയമില്ല.