5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : പെർത്തിൽ ജയിക്കുന്ന ആദ്യ എവേ ടീമായി ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് 295 റൺസിന്

IND vs AUS BGT 2024 India Won Against Australia : ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയം. 295 റൺസിനാണ് ഇന്ത്യ ഓസീസിനെ തകർത്തെറിഞ്ഞത്. ഇതോടെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വിജയിക്കുന്ന ആദ്യ എവേ ടീം എന്ന റെക്കോർഡും ഇന്ത്യ നേടി. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

IND vs AUS : പെർത്തിൽ ജയിക്കുന്ന ആദ്യ എവേ ടീമായി ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് 295 റൺസിന്
ഇന്ത്യൻ ക്രിക്കറ്റ് (Image Credits – PTI)
abdul-basith
Abdul Basith | Published: 25 Nov 2024 16:05 PM

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം. 295 റൺസിന് പെർത്ത് ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വിജയിക്കുന്ന ആദ്യ എവേ ടീമാണ് ഇന്ത്യ. രണ്ട് ഇന്നിംഗ്സുകളിലുമായി 8 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. ഡിസംബർ ആറിന് അഡലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

534 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചത്. നാലാം ദിനം കളിയാരംഭിച്ച് ഏറെ വൈകാതെ ഉസ്മാൻ ഖവാജ (4) മുഹമ്മദ് സിറാജിൻ്റെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ഓസീസ് ഇന്നിംഗ്സിനെ രക്ഷപ്പെടുത്തിയെടുക്കാൻ ശ്രമം നടത്തി. എന്നാൽ, 17 റൺസ് നേടിയ സ്മിത്തിനെ പന്തിൻ്റെ കൈകളിലെത്തിച്ച് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഹെഡിനൊപ്പം 62 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷമാണ് സ്മിത്ത് പുറത്തായത്.

Also Read : Virat Kohli: കോലിയുടെ 30-ാം സെഞ്ചുറി നേട്ടത്തില്‍ വികാരീധനയായി അനുഷ്‌ക ശര്‍മ; ​ഭാര്യക്ക് ഫ്ലൈയിം​ഗ് കിസ് നൽകി താരം; വീഡിയോ വൈറൽ

തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഹെഡിനൊപ്പം മിച്ചൽ മാർഷ് കൂടി എത്തിയതോടെ ഓസ്ട്രേലിയ വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ആക്രമിച്ചുകളിച്ചു. ജസ്പ്രീത് ബുംറയെ കൗശലപൂർവം ഒഴിവാക്കിയ ഇരുവരും മറ്റ് ബൗളർമാരെ ആക്രമിച്ചാണ് സ്കോർ ഉയർത്തിയത്. 82 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. ഇതിനിടെ ഹെഡ് ഫിഫ്റ്റിയടിക്കുകയും ചെയ്തു. ഒടുവിൽ ബുംറ തന്നെ വേണ്ടിവന്നു ഈ കൂട്ടുകെട്ട് പൊളിക്കാൻ. 101 പന്തിൽ 89 റൺസ് നേടിയ ഹെഡിനെ ബുംറ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ മിച്ചൽ മാർഷിനെ (47) ക്ലീൻ ബൗൾഡാക്കി നിതീഷ് റെഡ്ഡി ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്ക് (12), നതാൻ ലിയോൺ (0) എന്നിവരെ വാഷിംഗ്ടൺ സുന്ദർ മടക്കിയപ്പോൾ അലക്സ് കാരി (36) അവസാന വിക്കറ്റായി ഹർഷിത് റാണയ്ക്ക് മുന്നിൽ കീഴടങ്ങി.

റെക്കോർഡ് വിജയലക്ഷ്യവുമായി ഇന്നലെ ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്നിംഗ്സിലെ നാലാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കന്നി ടെസ്റ്റ് കളിക്കാനിറങ്ങിയ നതാൻ മക്സ്വീനിയെ (0) വിക്കറ്റിന് മുന്നിൽ കുരുക്കി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചു. മൂന്നാം നമ്പറിൽ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയത് പാറ്റ് കമ്മിൻസ് ആയിരുന്നു. എന്നാൽ, 8 റൺസ് നേടിയ കമ്മിൻസിനെ സിറാജ് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ലബുഷെയ്നും (3) ബുംറയുടെ ഇരയായി മടങ്ങി. ഇതോടെ ഇന്നലത്തെ കളി അവസാനിപ്പിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടിയാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. 161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയി. വിരാട് കോലിയും ഇന്ത്യക്കായി സെഞ്ചുറി തികച്ചു. 16 മാസങ്ങൾക്ക് ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടുന്നത്. 100 റൺസ് നേടിയ കോലി നോട്ടൗട്ടാണ്.

Latest News