IND vs AUS : കഴിഞ്ഞ തവണ ഇന്ത്യ ജയിച്ചതിനാൽ ഓസീസിന് ഗാബപ്പേടി?; പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതെന്ന് സംശയം
IND vs AUS BGT 2024 Gabba Pitch : ഗാബ പിച്ചിൽ നിന്ന് സ്വിങ് ലഭിക്കുന്നില്ലെന്ന് ജസ്പ്രീത് ബുംറ. ആദ്യ ദിനം ബൗളർമാരെ തുണയ്ക്കുന്ന കാലാവസ്ഥയായിരുന്നിട്ടും അതിൻ്റെ ഗുണമൊന്നും ഇന്ത്യൻ ബൗളർമാർക്ക് ലഭിച്ചില്ല. ഇതോടെ ഗാബയിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതാക്കിയോ എന്നതാണ് സംശയം.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഇന്ന് ബ്രിസ്ബനിലെ ഗാബ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. മത്സരത്തിൻ്റെ ആദ്യ ദിനമായ ഇന്ന് വെറും 13.2 ഓവറുകളേ എറിയാൻ കഴിഞ്ഞുള്ളൂ. ടോസ് നേടി ഇന്ത്യ ബാറ്റിംഗിനയച്ച ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെടുക്കുമ്പോഴേക്കും മഴ പെയ്യുകയായിരുന്നു. പിന്നെ കളി തുടരാനായില്ല.
മത്സരത്തിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയ സംശയമുന്നയിക്കുന്നത്. ആദ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാരുടെ ലൈൻ മോശമായിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ച് കൃത്യതയോടെ പന്തെറിയാൻ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് യൂണിറ്റിന് സാധിച്ചു. മേഘാവൃതമായ ആകാശവും മഴസാധ്യതയും ബൗളിംഗിനെ പിന്തുണയ്ക്കുമെന്ന് കണക്കുകൂട്ടിയാവും ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തത്. എന്നാൽ, ബൗളിംഗിന് പ്രത്യേകിച്ച് ഒരു സഹായവും പിച്ചിൽ നിന്ന് ലഭിച്ചില്ല. ആദ്യ ഓവറുകളിൽ പോലും ബുംറ അടക്കമുള്ള ബൗളർമാർക്ക് സ്വിങ് ലഭിച്ചില്ല. ഇക്കാര്യം ബുംറ പറയുന്നത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.
മത്സരത്തിൻ്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. ആദ്യ ഓവർ എറിഞ്ഞ ബുംറ പന്ത് ഫുള്ളർ ലെംഗ്തിൽ ആയതുകൊണ്ടാണ് സ്വിങ് ലഭിക്കാത്തതെന്ന് ശുഭ്മൻ ഗില്ലിനോട് പറയുന്നത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. പിന്നാലെ ലെംഗ്തും ലൈനും മാറ്റി പന്തെറിഞ്ഞുനോക്കിയെങ്കിലും ബുംറയ്ക്ക് സ്വിങ് ലഭിച്ചില്ല. അഞ്ചാം പന്തിന് ശേഷം “എന്ത് ചെയ്തിട്ടും സ്വിങ് ലഭിക്കുന്നില്ല” എന്ന് അമർഷത്തോടെ ബുംറ പറയുന്നതും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു.
Ah, oh! 😮💨
What will #TeamIndia pull out of their armory for the first breakthrough? 🙊#AUSvINDOnStar 👉 3rd Test, Day 1, LIVE NOW only on Star Sports! #ToughestRivalry #BorderGavaskarTrophy pic.twitter.com/kAX2Suh557
— Star Sports (@StarSportsIndia) December 14, 2024
പേസർമാരുടെ പറുദീസയെന്നാണ് ഗാബ അറിയപ്പെടുന്നത്. ഫാസ്റ്റ് ബൗളർമാർക്ക് മികച്ച പേസും ബൗൺസും പരമ്പരാഗതമായി പിച്ചിൽ നിന്ന് ലഭിക്കാറുണ്ട്. ഓസ്ട്രേലിയയിലെത്തന്നെയുള്ള സ്റ്റേഡിയങ്ങളിൽ പേസർമാരെ ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു പിച്ച് വേറെയില്ല. മേഘാവൃതമാവുമ്പോഴും മഴ പെയ്യുമ്പോഴും അന്തരീക്ഷത്തിലുണ്ടാവുന്ന ഈർപ്പവും ഫാസ്റ്റ് ബൗളർമാരെ സഹായിക്കുന്നതാണ്. അന്തരീക്ഷത്തിൽ ഈർപ്പമുണ്ടാവുമ്പോൾ കൂടുതൽ സ്വിങ് ലഭിക്കുന്നതാണ് പതിവ്. ഇതും ഇത്തവണ ഗാബയിൽ ഇല്ല. ഇതോടെ, കഴിഞ്ഞ തവണ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയ്ക്ക് ഗാബപ്പേടിയാണെന്നാണ് ആരാധകർ സംശയിക്കുന്നത്.
2021 ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ഗാബ ടെസ്റ്റിൽ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഋഷഭ് പന്ത് മുന്നിൽ നിന്ന് നയിച്ചതോടെ 328 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയയിൽ ഐതിഹാസിക പരമ്പര നേടാനും ഇന്ത്യക്ക് സാധിച്ചു. പല താരങ്ങളും പരിക്കേറ്റ് പുറത്തിരുന്ന പരമ്പരയിൽ റിസർവ് താരങ്ങളടക്കം കളിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ തോൽവി ഓസ്ട്രേലിയയെ സാരമായി ബാധിച്ചു. പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ചെങ്കിലും ഇക്കൊല്ലം ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ വീണ്ടും ഓസ്ട്രേലിയ തോറ്റു. രണ്ട് ഇന്നിംഗ്സുകളിലായി 8 വിക്കറ്റ് നേടിയ ഷമാർ ജോസഫാണ് ഈ കളി ഓസീസിനെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് പുറത്തായ ഷമാർ ജോസഫ് ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ചത്. ഈ പരാജയവും ഓസ്ട്രേലിയക്ക് തിരിച്ചടിയായി. ഇതോടെ, ഓസ്ട്രേലിയ ഗാബ പിച്ചിലെ ബൗളർമാർക്കുള്ള പിന്തുണ മാറ്റി ബാറ്റിംഗ് പിച്ചാക്കിയെന്നാണ് അഭ്യൂഹം.