IND vs AUS : ബുംറ ഫയറല്ല, വൈൽഡ് ഫയർ!; രണ്ടാം ഇന്നിംഗ്സിൽ വിറച്ചുവീണ് ഓസ്ട്രേലിയ; മൂന്ന് വിക്കറ്റ് നഷ്ടം
IND vs AUS BGT 2024 Australia Lost 3 Wickets : പെർത്ത് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം. മൂന്നാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 12 റൺസെടുക്കുന്നതിനിടെയാണ് ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായത്. മൂന്നിൽ രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ സ്വന്തമാക്കി.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ 534 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 12 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നതാൻ മക്സ്വീനി, നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മാർനസ് ലബുഷെയ്ൻ എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റ് ബുംറ നേടിയപ്പോൾ ഒരു വിക്കറ്റ് സിറാജ് സ്വന്തമാക്കി.
റെക്കോർഡ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് നാലാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. പിച്ചിലെ അൺ ഈവൻ ബൗൺസ് ഫലപ്രദമായി ഉപയോഗിച്ച ബുംറ കന്നി ടെസ്റ്റ് കളിക്കാനിറങ്ങിയ നതാൻ മക്സ്വീനിയെ (0) വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലും മക്സ്വീനി ബുംറയ്ക്ക് മുന്നിലാണ് വീണത്. മൂന്നാം നമ്പറിൽ നൈറ്റ് വാച്ച്മാനായി പാറ്റ് കമ്മിൻസ് ക്രീസിലെത്തി. എന്നാൽ, 8 റൺസ് നേടിയ കമ്മിൻസിനെ സിറാജ് സ്ലിപ്പിൽ കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ലബുഷെയ്നും പിച്ചിൻ്റെ അണീവൻ ബൗൺസിൽ വീണു. ബുംറയുടെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ചെങ്കിലും താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഇതോടെ ഇന്നത്തെ കളി അവസാനിപ്പിച്ചു. വെറും 4.2 ഓവറാണ് ഇന്ന് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്. രണ്ട് ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ഇനി 522 റൺസ് കൂടി വേണം.
രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിരാട് കോലിയും ഇന്ത്യക്കായി സെഞ്ചുറി തികച്ചു. 16 മാസങ്ങൾക്ക് ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടുന്നത്. താരം നോട്ടൗട്ടാണ്.
Also Read : IND vs AUS : കിംഗ് കോലി ഈസ് ബാക്ക്!; എറിഞ്ഞുതളർന്ന ഓസീസിന്റെ വിജയലക്ഷ്യം 534 റൺസ്
വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ആദ്യ സെഷനിൽ തന്നെ ജയ്സ്വാൾ സെഞ്ചുറി തികച്ചു. പിന്നാലെ, തലേദിവസത്തെ ടീം ടോട്ടലിനോട് 29 റൺസ് കൂടി കൂട്ടിച്ചേർക്കവെ കെഎൽ രാഹുൽ പുറത്തായി. 77 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്ക് ആണ് മടക്കി അയച്ചത്. ജയ്സ്വാളിന് ഉറച്ച പിന്തുണ നൽകിയ ദേവ്ദത്ത് പടിക്കൽ (25) ഹേസൽവുഡിൻ്റെ ഇരയായി മടങ്ങിയതോടെ ക്രീസിലെത്തിയ കോലി മികച്ച ഫോമിലായിരുന്നു. ഇതിനിടെ യശസ്വി ജയ്സ്വാളിനെ മിച്ചൽ മാർഷിൻ്റെ പന്തിൽ സ്റ്റീവ് സ്മിത്ത് പിടികൂടി. ഋഷഭ് പന്ത് (1), ധ്രുവ് ജുറേൽ (1) എന്നിവർ വേഗം മടങ്ങിയതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി.
എന്നാൽ, ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ കോലിക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കളിയിലേക്ക് തിരികെവന്നു. 89 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷം വാഷിംഗ്ടൺ (29) മടങ്ങി. താരത്തെ നതാൻ ലിയോൺ ആണ് പുറത്താക്കിയത്. എട്ടാം നമ്പരിൽ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ടി20 മൂഡിലാണ് കളിച്ചത്. കോലിയും ആക്രമിച്ചുകളിച്ചു. ഒടുവിൽ കോലി അർഹിച്ച സെഞ്ചുറി തികച്ചതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. കോലിയും (100) നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 38) നോട്ടൗട്ടാണ്.
ആകെ കരിയറിൽ 80ആം സെഞ്ചുറിയും ടെസ്റ്റ് കരിയറിൽ തൻ്റെ 30ആം സെഞ്ചുറിയുമാണ് രോഹിത് നേടിയത്. ഓസീസിനെതിരെ കോലിയുടെ 9ആം സെഞ്ചുറിയാണിത്. ഇതിൽ ഏഴെണ്ണവും ഓസ്ട്രേലിയയിലാണ്.