5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ind vs Aus : മൈറ്റി ഓസീസ് റിട്ടേണ്‍സ്‌, അഡ്‌ലെയ്ഡില്‍ ഇന്ത്യ അടപടലം ! തോറ്റത് 10 വിക്കറ്റിന്‌

Ins Vs Aus Border Gavaskar Trophy 2024 : മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ വെറും 47 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

Ind vs Aus : മൈറ്റി ഓസീസ് റിട്ടേണ്‍സ്‌, അഡ്‌ലെയ്ഡില്‍ ഇന്ത്യ അടപടലം ! തോറ്റത് 10 വിക്കറ്റിന്‌
വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും മത്സരത്തിനിടെ (image credits: PTI)
jayadevan-am
Jayadevan AM | Updated On: 08 Dec 2024 11:48 AM

അഡ്‌ലെയ്ഡ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഒരു ഘട്ടത്തില്‍ പോലും ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയര്‍ത്താനാകാതെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ കീഴടങ്ങി. 10 വിക്കറ്റിനാണ് ആതിഥേയരുടെ തകര്‍പ്പന്‍ ജയം.

മൈറ്റി ഓസീസിന്റെ തിരിച്ചുവരവ് എന്ന് തോന്നിപ്പിച്ച മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റര്‍മാരെ ആതിഥേയ ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. അഡ്‌ലെയ്ഡില്‍ കളി മറക്കുന്ന പതിവ് ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. സ്‌കോര്‍: ഇന്ത്യ-ആദ്യ ഇന്നിംഗ്‌സില്‍ 180, രണ്ടാം ഇന്നിംഗ്‌സില്‍ 175. ഓസ്‌ട്രേലിയ-ആദ്യ ഇന്നിംഗ്‌സില്‍ 337, രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19.

എല്ലാം പെട്ടെന്നായിരുന്നു

മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ വെറും 47 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

28 റണ്‍സെടുത്ത ഋഷഭ് പന്തിനെയാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ഏഴ് റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനും മടങ്ങി. അടുത്ത ഊഴം ഹര്‍ഷിത് റാണയുടേതായിരുന്നു. അക്കൗണ്ട് ഓപ്പണ്‍ ചെയ്യും മുമ്പേ റാണയും പുറത്തായി. ആദ്യ ഇന്നിംഗ്‌സിലും റാണ പൂജ്യത്തിനാണ് പുറത്തായത്.

വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഒരുവശത്ത് അചഞ്ചലമായി നിലയുറപ്പിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും പിന്നാലെ പുറത്തായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 47 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ മക്‌സീനി ക്യാച്ചെടുത്താണ് നിതീഷ് പുറത്തായത്. ആദ്യ ഇന്നിംഗ്‌സിലും നിതീഷ് 42 റണ്‍സാണ് നേടിയത്. രണ്ട് ഇന്നിംഗ്‌സിലും നിതീഷായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോര്‍ എന്നത് മറ്റൊരു അപൂര്‍വത. ഏഴ് റണ്‍സെടുത്ത മുഹമ്മദ് സിറാജ് കൂടി പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് പരിസ്മാപ്തി. രണ്ട് റണ്‍സുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.

ALSO READ: ഗാബ ടെസ്റ്റില്‍ പേസ് ആക്രമണം ശക്തമാക്കാന്‍ ഇന്ത്യ, മുഹമ്മദ് ഷമി പരിഗണനയില്‍; മുന്നിലുള്ളത് ഒരേ ഒരു കടമ്പ

ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് പിഴുതു. സ്‌കോട്ട് ബോളണ്ട് മൂന്നും, മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. 19 റണ്‍സായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. പ്രതീക്ഷിച്ചതുപോലെ പെട്ടെന്ന് തന്നെ ആതിഥേയര്‍ കളി തീര്‍ത്തു. 12 പന്തില്‍ 10 റണ്‍സുമായി നഥാന്‍ മക്‌സീനിയും, എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി ഉസ്മാന്‍ ഖവാജയും പുറത്താകാതെ നിന്നു.

ആവേശമേറും

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരം ഓസ്‌ട്രേലിയ ജയിച്ചതോടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ഇതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ആവേശമേറും. ഡിസംബര്‍ 14നാണ് മൂന്നാം മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള പ്രവേശനം എളുപ്പമാകണമെങ്കില്‍ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.