Ind vs Aus : വാലറ്റത്തെ വേഗം മടക്കിയെങ്കിലും ഇന്ത്യ ബാക്ക്ഫൂട്ടിൽ; ഓസ്ട്രേലിയയുടെ ലീഡ് 157 റൺസ്
Ind vs Aus BGT 2024 Australia All Out : ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 337 റൺസിന് ഓൾഔട്ട്. ഇതോടെ ആദ്യ ഇന്നിംഗ്സിൽ ഓസീസിന് 157 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 180 റൺസിന് ഓൾഔട്ടായിരുന്നു.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ രണ്ടാമത്തെ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മേൽക്കൈ. ആദ്യ ഇന്നിംഗ്സിൽ 157 റൺസ് റൺസ് ലീഡ് നേടിയ ഓസീസ് ഇതോടെ ഈ കളി വിജയിച്ച് പരമ്പരയിൽ സമനില പാലിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്ത്യ മുന്നോട്ടുവച്ച 180 റൺസിന് മറുപടിയായി ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 337 റൺസിന് ഓൾഔട്ടായിരുന്നു. 140 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയെ കണ്ടാൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ട്രാവിസ് ഹെഡ് ഒരിക്കൽ കൂടി പതിവ് തുടർന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ആദ്യ ദിനത്തിലെ ബൗളിംഗ് പിഴവുകൾ പരിഹരിച്ചതോടെ ഇന്ത്യക്ക് പ്രതിഫലം ലഭിച്ചു. നഥാൻ മക്സ്വീനി (39), സ്റ്റീവ് സ്മിത്ത് (2) എന്നിവർ ബുംറയ്ക്ക് മുന്നിൽ വീണു. 3 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിൽ കളി ബാലൻസ്ഡായിരുന്നു. എന്നാൽ, അഞ്ചാം നമ്പറിൽ ട്രാവിസ് ഹെഡ് എത്തിയതോടെ ഓസ്ട്രേലിയ പിടിമുറുക്കി. ആക്രമിച്ചുകളിച്ച ഹെഡിനൊപ്പം ലബുഷെയ്ൻ ഉറച്ചുനിന്നു. ഇതിനിടെ ലബുഷെയ്ൻ ഫിഫ്റ്റി തികച്ചു. 65 റൺസിൻ്റെ നാലാം കൂട്ടുകെട്ടിനൊടുവിൽ ലബുഷെയ്നെ (64) മടക്കി നിതീഷ് റെഡ്ഡിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ മിച്ചൽ മാർഷ് (9) അശ്വിനു മുന്നിൽ വീണു.
ഒരുവശത്ത് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും ആക്രമിച്ചുകളിച്ച ഹെഡ് ഫിഫ്റ്റിയും സെഞ്ചുറിയും കടന്ന് മുന്നേറി. ഒടുവിൽ അലക്സ് കാരിയെയും (15) ട്രാവിസ് ഹെഡിനെയും വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇന്ത്യയുടെ രക്ഷക്കെത്തി. അപ്പോഴേക്കും ഓസ്ട്രേലിയ ശക്തമായ നിലയിലെത്തിയിരുന്നു. പാറ്റ് കമ്മിൻസ് (12) ബുംറയ്ക്ക് മുന്നിൽ വീണപ്പോൾ മിച്ചൽ സ്റ്റാർക്ക് (18), സ്കോട്ട് ബോളണ്ട് (0) എന്നിവരെ വീഴ്ത്തി മുഹമ്മദ് സിറാജ് ആണ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 42 റൺസ് നേടിയ നിതീഷ് റെഡ്ഡി ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ധ്രുവ് ജുറേലിന് പകരം ടീമിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണിംഗ് സ്ഥാനം കെഎൽ രാഹുലിന് വിട്ടുകൊടുത്തു. ദേവ്ദത്ത് പടിക്കലിന് പകരം ശുഭ്മൻ ഗിൽ ടീമിലെത്തി. ടീം അക്കൗണ്ട് തുറക്കും മുൻപ് യശസ്വി ജയ്സ്വാളിനെ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ആയിരുന്നു ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ തകർത്തത്. കെഎൽ രാഹുൽ (37), വിരാട് കോലി (7), നിതീഷ് റെഡ്ഡി (42), ആർ അശ്വിൻ (22), ഹർഷിത് റാണ (0) എന്നിവരെ മടക്കിയ സ്റ്റാർക്ക് ആകെ ആറ് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ശക്തമായി തിരികെവരികയായിരുന്നു.