IND vs AUS: ഇനി കണ്ണുകൾ ഗാബയിലേക്ക് ! ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? റിപ്പോർട്ട്
Team India Gabba Test: ഓസ്ട്രേലിയൻ വിജയങ്ങളുടെ ഉരുക്കു കോട്ടയായ ഗാബയിൽ ഇതിന് മുമ്പ് അവരെ അടിയറവ് പറയിപ്പിച്ച ആത്മവിശ്വാസത്തിലാണ് ഡിസംബർ 14-ന് ഇന്ത്യ വീണ്ടും ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്.
അഡ്ലെയ്ഡിൽ ഓസീസിനോട് കണക്ക് തീർക്കാൻ ഇറങ്ങിയ രോഹിത്തിനും സംഘത്തിനും അടിപതറി. പെർത്തിലെ പൊള്ളലിന് ഓസ്ട്രേലിയ ഇന്ത്യയോട് പകരം വീട്ടിയത് 10 വിക്കറ്റിന്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇനി ബാക്കിയുള്ളത് മൂന്ന് ടെസ്റ്റ് മത്സരങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നം കാണണമെങ്കിൽ ആ മൂന്ന് മത്സരങ്ങളും ജയിക്കണം.
പിങ്ക് ബോൾ ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ മടക്കിയാണ് ഓസീസ് ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചത്. മിച്ചൽ സ്റ്റാർക്ക് തുടക്കം കുറിച്ച ഈ പേസ് ആക്രമണം അവസാനിച്ചത് മൂന്നാം ദിനം മുഹമ്മദ് സിറാജിനെ സ്‌കോട്ട് ബോലൻഡ് ട്രാവിസ് ഹെഡിന്റെ കെെകളിൽ എത്തിച്ചപ്പോഴായിരുന്നു. പെർത്തിൽ മെെറ്റി ഓസീസിനെ ഇന്ത്യ തോൽവിപ്പിച്ചത് എങ്ങനെയാണോ അതേ രീതിയിലായിരുന്നു പാറ്റ് കമ്മിൻസും സംഘവും അഡ്ലെയ്ഡിൽ പകരം വീട്ടിയത്.
റെഡ് ബോളിനേക്കാൾ കൂടുതൽ സ്വിംഗും ടേണും ലഭിക്കുന്ന പിങ്ക് ബോളിൽ ഇന്ത്യൻ പേസർമാരുടെ ആക്രമണത്തിന്റെ മൂർച്ച നഷ്ടമായപ്പോൾ മറുവശത്ത് മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും സ്‌കോട്ട് ബോലൻഡും തീതുപ്പുന്ന പന്തുകളുമായി ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കി കൊണ്ടേ ഇരുന്നു. പെർത്തിലെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഓസ്ട്രേലിയ അഡ്ലെയ്ഡിൽ കളിക്കാനിറങ്ങിയതെങ്കിൽ അമിത ആത്മവിശ്വാസമാണ് രോഹിത്തിനും സംഘത്തിനും തിരിച്ചടിയായത്.
ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കുക അത്ര വലിയ എളുപ്പമല്ലെന്ന് ഓസീസിനറിയാം. അതുകൊണ്ട് തന്നെ ഓരോ ബാറ്റർമാരെയും നേരിടാനെത്തിയത് വ്യക്തമായ പ്ലാനിംഗിലൂടെയാണ്. പിങ്ക് ബോളിൽ തുടക്കത്തിലെ സ്വീം കുറയാൻ തുടങ്ങിയതോടെ സ്ക്രാംബിൾഡ് സ്വീമാണ് കമ്മിൻസും സംഘവും പരീക്ഷിച്ചത്. പന്തിന്റെ സ്വീം അൽപം ചെരിച്ച് പിടിച്ച് എറിയുന്ന രീതിയാണിത്.
കെഎൽ രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഈ ബൗൺസർ കെണിയിൽ വീണു പോയി. പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ജയം സമ്മാനിച്ച യശസ്വി ജയ്സ്വാൾ- കെ രാഹുൽ സഖ്യത്തെ അഡ്ലെയ്ഡിലെ രണ്ട് ഇന്നിംഗ്സുകളിലും തുടക്കത്തിലെ മടക്കാൻ ഓസീസ് ബൗളർമാർക്ക് സാധിച്ചത് കാര്യങ്ങൾ എളുപ്പമാക്കി. ആദ്യ ഇന്നിംഗ്സിൽ മിച്ചൽ സ്റ്റാർക്കും രണ്ടാം ഇന്നിംഗ്സിൽ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പേസ് ആക്രമണം. ബുമ്രയെ മാത്രം ആശ്രയിച്ച് ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകാനാവും ? ബ്രേക്ക് ത്രൂ നൽകാനും ന്യൂബോളിൽ വിക്കറ്റ് എടുക്കാനും ഇന്ത്യൻ നിരയിൽ ബുമ്ര തന്നെ വേണം.
അഡ്ലെയ്ഡിൽ 2021-ഡിസംബറിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിലും ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു. ലെെനും ലെംഗ്ത്തും കണ്ടെത്താൻ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ പാടുപ്പെട്ടു. ട്രാവിസ് ഹെഡിൽ പെർത്തിൽ കൂടാരം കയറ്റിയ ഹർഷിത് റാണ പിങ്ക് ബോൾ ടെസ്റ്റിൽ നിറം മങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 86 റൺസാണ് താരം ആതിഥേയർക്ക് വിട്ടുകൊടുത്തത്. അഡ്ലെയ്ഡിൽ ജയിക്കാനാവില്ലെന്ന മനോഭാവത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ബൗളിംഗ് റോട്ടേഷനിലും ഫീൽഡ് സെറ്റിംഗിലുമെല്ലാം നായകൻ രോഹിത് ശർമ്മയുടെ പ്ലാനുകളെല്ലാം പാളിപ്പോയി.
രണ്ടാം ടെസ്റ്റിലെ വമ്പൻതോൽവി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നങ്ങൾക്ക് കൂടിയാണ് കരിനിഴൽ വീഴ്ത്തിയത്. ഒന്നിൽ നിന്ന് മൂന്നിലേക്ക് ഇന്ത്യ കൂപ്പുകുത്തിയപ്പോൾ ഓസ്ട്രേലിയ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. ഡിസംബർ 14 മുതൽ ഗാബയിലാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ്. ഗാബയിൽ ഓസീസിനെ തകർത്തുവിട്ട ചരിത്രം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.
ഗാബ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ
1.സ്പിന്നർ ആർ അശ്വിന് പകരം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും.
2.ഹർഷിത് റാണക്ക് പകരമായി ഗാബ ടെസ്റ്റിൽ ആകാശ് ദീപ് അരങ്ങേറും.
3.പ്രസിദ്ധ് കൃഷ്ണയും പേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും.