U19 Womens Asia Cup : ആൺകുട്ടികൾക്ക് കഴിയാത്തത് പെൺകുട്ടികൾക്ക് കഴിയുമോ?; പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് നാളെ മുതൽ
Inaugural U19 Womens Asia Cup : പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടും. ഡിസംബർ 15ന് പകൽ 11.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ ടീമിൽ ഒരു മലയാളി താരവും ഉൾപ്പെട്ടിട്ടുണ്ട്.
പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ഈ മാസം 15ന് ആരംഭിക്കും. മലേഷ്യയാണ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മലേഷ്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും പാകിസ്താനും തമ്മിലാണ് ടൂർണമെൻ്റിലെ രണ്ടാമത്തെ മത്സരം. ഇന്ത്യൻ സമയം പകൽ 11.30ന് ആരംഭിക്കുന്ന മത്സരം കുലാലംപൂരിലാണ് നടക്കുക. സോണി ആണ് ടൂർണമെൻ്റിൻ്റെ ഔദ്യോഗിക സംപ്രേഷകർ. ടെലിവിഷനിൽ സോണി ടെൺ 5 ചാനലിലും ഒടിടിയിൽ സോണിലിവിലും മത്സരം തത്സമയം കാണാം.
നികി പ്രസാദിൻ്റെ കീഴിലാണ് യുവ ഇന്ത്യൻ ടീം അണിനിരക്കുക. മലയാളി താരം ജോഷിത വിജെയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കമാലിനി ജി, ജി ട്രിഷ, മിഥില വിനോദ് തുടങ്ങിയ താരങ്ങൾ ഈ ടൂർണമെൻ്റോടെ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ജോഷിത, കമാലിനി, ട്രിഷ, മിഥില തുടങ്ങിയ താരങ്ങൾ ഈ മാസം 15ന് നടക്കാനിരിക്കുന്ന ഡബ്ല്യുപിഎൽ ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സൂഫിഷാൻ അയ്യാസ് ആണ് പാകിസ്താൻ്റെ ക്യാപ്റ്റൻ.
എ ഗ്രൂപ്പിൽ പാകിസ്താനും നേപ്പാളുമാണ് ഇന്ത്യയ്ക്കൊപ്പം മത്സരിക്കുക. ഈ മാസം 17നാണ് ഇന്ത്യൻ ടീമിൻ്റെ അടുത്ത മത്സരം. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ. ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക എന്നീ ടീമുകൾ കളിയ്ക്കും. രണ്ട് ഗ്രൂപ്പിൽ നിന്നും ആദ്യ സ്ഥാനത്തെത്തുന്ന രണ്ട് പേർ സൂപ്പർ ഫോറിലെത്തും. ഇവർ പരസ്പരം കളിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫൈനലിൽ മാറ്റുരയ്ക്കും. ഡിസംബർ 22നാണ് ഫൈനൽ.
Also Read : IND vs AUS : കഴിഞ്ഞ തവണ ഇന്ത്യ ജയിച്ചതിനാൽ ഓസീസിന് ഗാബപ്പേടി?; പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതെന്ന് സംശയം
ഇക്കഴിഞ്ഞ ആൺകുട്ടികളുടെ അണ്ടർ 19 ഏഷ്യാ കപ്പിൽ ബംഗ്ലാദേശാണ് കിരീടം നേടിയത്. ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ബംഗ്ലാദേശ് തങ്ങളുടെ കിരീടം നിലനിർത്തിയത്. മലയാളി താരം മുഹമ്മദ് ഇനാൻ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും പാകിസ്താനെതിരായ ആദ്യ കളി മാത്രമേ കളിച്ചുള്ളൂ. ആ കളി ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.
ഫൈനലിൽ 59 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 198 റൺസിലൊതുക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 139 റൺസിന് ഓൾഔട്ടായി. തകർപ്പൻ പ്രകടനം കാഴ്ചവച്ച ബൗളർമാരാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. കഴിഞ്ഞ തവണത്തെ ഏഷ്യാ കപ്പിലും ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയിരുന്നു. സെമിഫൈനലിലാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്പിച്ചത്. നാല് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ ജയം. പിന്നീട് ഫൈനലിൽ യുഎഇയെയും തോല്പിച്ച് ബംഗ്ലാദേശ് കിരീടമുയർത്തുകയായിരുന്നു. ഇതുവരെ ഏഴ് തവണ ജേതാക്കളായ ഇന്ത്യയാണ് ഏറ്റവുമധികം തവണ ചാമ്പ്യന്മാരായ ടീം.
വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ സാധ്യതാ ടീം : നികി പ്രസാദ്, സാനിക ചൽകെ, ജി ട്രിഷ, കമാലിനി ജി, ഈശ്വരി അവാസരെ, മിഥില വിനോദ്, ജോഷിത വിജെ, ആയുഷി ശുക്ല, അനന്ദിത കിഷോർ, എംഡി ശബ്നം, നന്ദന എസ്
പാകിസ്താൻ്റെ സാധ്യതാ ടീം : സൂഫിഷാൻ അയ്യാസ്, കോമൾ ഖാൻ, ഹനിയ അഹ്മർ, റോസിന അക്രം, അരീഷ അൻസാരി, മഹം അനീസ്, ഷഹർ ബാനോ, ഫാത്തിമ ഖാൻ, അലീസ മുഖ്തിയാർ, ഖുറതുൽ ഐൻ, മഹ്നൂർ സെബ്