International Masters League Final: കപ്പടിക്കാന്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സ്; കരീബിയന്‍ കരുത്തിന് മറുപടി നല്‍കാന്‍ സച്ചിനും സംഘവും; മത്സരം എങ്ങനെ കാണാം?
International Masters League Final India Masters and West Indies Masters: മാസ്റ്റേഴ്‌സ് ലീഗിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ മാസ്റ്റേഴ്‌സും, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സും ഏറ്റുമുട്ടും. ഫോമിലുള്ള യുവരാജ് സിങിന്റെയും, സച്ചിന്റെയും പ്രകടനം ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ഫൈനല്‍ യാത്രയില്‍ നിര്‍ണായകമായി. വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ മാസ്റ്റേഴ്‌സും, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സും ഏറ്റുമുട്ടും. ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സിനെയും, ബ്രയാന്‍ ലാറ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെയും നയിക്കും. ഉജ്ജ്വല ഫോമിലാണ് സച്ചിന്‍ നയിക്കുന്ന ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനോട് മാത്രമാണ് തോറ്റത്. എന്നാല്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ തറപറ്റിച്ച് കണക്കുതീര്‍ത്താണ് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.
മാര്‍ച്ച് അഞ്ചിന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനോട് 95 റണ്‍സിനാണ് ഇന്ത്യ മാസ്‌റ്റേഴ്‌സ് തോറ്റത്. എന്നാല്‍ ഇരുടീമുകളും സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 94 റണ്‍സിനായിരുന്നു ഇന്ത്യന്‍ മാസ്‌റ്റേഴ്‌സിന്റെ വിജയം.
യുവരാജ് സിംഗ്-30 പന്തില്‍ 59 റണ്‍സ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍-30 പന്തില്‍ 42, സ്റ്റുവര്‍ട്ട് ബിന്നി-21 പന്തില്‍ 36, യൂസഫ് പത്താന്‍-10 പന്തില്‍ 23, ഇര്‍ഫാന്‍ പത്താന്‍ -7 പന്തില്‍ 19 നോട്ടൗട്ട് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യന്‍ മാസ്റ്റേഴ്‌സ് 20 ഓവറില്‍ 220 റണ്‍സ് നേടി. എന്നാല്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിന്റെ പോരാട്ടം 18.1 ഓവറില്‍ 126 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റെടുത്ത ഷഹബാസ് നദീം ഇന്ത്യന്‍ മാസ്‌റ്റേഴ്‌സിനായി തിളങ്ങി.




ഉജ്ജ്വല ഫോമിലുള്ള യുവരാജ് സിങിന്റെയും, സച്ചിന്റെയും പ്രകടനം ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ഫൈനല്‍ യാത്രയില്‍ നിര്‍ണായകമായി. യുവരാജ് സിങാണ് ഇന്ത്യ മാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 166 റണ്‍സ്. 159 റണ്‍സെടുത്ത സച്ചിന്‍ രണ്ടാമതുണ്ട്.
ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ നാല് റൺസിന്റെ വിജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഇംഗ്ലണ്ട് മാസ്റ്റേഴ്‌സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. തുടർന്ന് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. സെമി ഫൈനലില്‍ ശ്രീലങ്ക മാസ്റ്റേഴ്‌സിനെ കീഴടക്കിയാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.
ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. കളേഴ്‌സ് സിനിപ്ലെക്‌സിലും കളേഴ്‌സ് സിനിപ്ലെക്‌സ് സൂപ്പർഹിറ്റ്‌സ് ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യും.