5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025: ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവിയെന്ത് ? അന്തിമ തീരുമാനം ഉടന്‍; ഇന്ത്യയുടെ ‘ഹൈബ്രിഡ് മോഡല്‍’ നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നു

വെള്ളിയാഴ്ചത്തെ യോഗത്തിലാണ് ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് അസോസിയേഷനുകള്‍ പിന്തുണ നല്‍കിയത്. ശനിയാഴ്ച വീണ്ടും ഐസിസി യോഗം ചേരുന്നുണ്ട്. നിര്‍ണായക തീരുമാനം ഈ യോഗത്തില്‍ പ്രതീക്ഷിക്കാം

ICC Champions Trophy 2025: ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവിയെന്ത് ? അന്തിമ തീരുമാനം ഉടന്‍; ഇന്ത്യയുടെ ‘ഹൈബ്രിഡ് മോഡല്‍’ നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നു
രോഹിത് ശര്‍മയും ബാബര്‍ അസമും (image credits: Alex Davidson-ICC/Getty Images)
jayadevan-am
Jayadevan AM | Published: 29 Nov 2024 23:08 PM

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ‘ഹൈബ്രിഡ് മോഡലില്‍’ നടത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം പാകിസ്ഥാന്‍ ഒഴികെയുള്ള എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും പിന്തുണച്ചതായി റിപ്പോര്‍ട്ട്. ഫലത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒന്നുകില്‍ ഹൈബ്രിഡ് മോഡല്‍ പിന്തുണയ്ക്കുക, അല്ലെങ്കില്‍ ആതിഥേയത്വത്തില്‍ നിന്ന് പിന്മാറുക എന്നീ രണ്ട് ഓപ്ഷനുകളാണ് പിസിബിക്ക് ഇനി മുന്നിലുള്ളത്.

പാകിസ്ഥാന് ആതിഥേയ അവകാശം നിലനിര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റ് മറ്റൊരിടത്ത് നടത്താനും സാധിക്കും. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവി സംബന്ധിച്ച് ഐസിസിയുടെ അന്തിമ തീരുമാനം ഉടന്‍ പുറത്തുവന്നേക്കും. വെള്ളിയാഴ്ച ഐസിസി വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു. ഇമ്രാന്‍ ഖ്വാജ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ടീമുകളുടെയും അസോസിയേഷനുകള്‍ യോഗത്തില്‍ ഭാഗമായി. ഏതാണ്ട് 20 മിനിറ്റ് മാത്രമാണ് വെള്ളിയാഴ്ചത്തെ യോഗം നീണ്ടുനിന്നത്.

അന്തിമ തീരുമാനം ശനിയാഴ്ച ?

വെള്ളിയാഴ്ചത്തെ യോഗത്തിലാണ് ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് അസോസിയേഷനുകള്‍ പിന്തുണ നല്‍കിയത്. ശനിയാഴ്ച വീണ്ടും ഐസിസി യോഗം ചേരുന്നുണ്ട്. നിര്‍ണായക തീരുമാനം ഈ യോഗത്തില്‍ പ്രതീക്ഷിക്കാം.

ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാകിസ്ഥാന്‍. പിസിബി കര്‍ശന നിലപാട് തുടര്‍ന്നാല്‍ ഒരു പക്ഷേ, ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാരുമായി കൂടിയാലോചിക്കാന്‍ പിസിബി സാവകാശം തേടിയിട്ടുണ്ട്.

പാക് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പിസിബി ഹൈബ്രിഡ് മോഡലിന് സമ്മതിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. ഹൈബ്രിഡ് മോഡലിന് പാകിസ്ഥാന്‍ സമ്മതിച്ചാല്‍, ഇന്ത്യയുടെ മത്സരങ്ങളും, സെമി ഫൈനലും, ഫൈനലും ദുബായില്‍ നടക്കാനാണ് സാധ്യത. മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും. ഒപ്പം ആതിഥേയ അവകാശങ്ങള്‍ പിസിബി നിലനിര്‍ത്തുകയും ചെയ്യും.

പിസിബി ഹൈബ്രിഡ് മോഡല്‍ എതിര്‍ത്താല്‍, ഐസിസിക്ക് ഉറച്ച് നിലപാട് സ്വീകരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പാകിസ്ഥാന്റെ ആതിഥേയ അവകാശങ്ങള്‍ അസാധുവാക്കി, മറ്റൊരു രാജ്യത്തിന് നല്‍കേണ്ടി വരും. എന്നാല്‍ ഇങ്ങനെ സംഭവിച്ചാല്‍, പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നതിന് ഇത് കാരണമായേക്കാം.

ഷെഡ്യൂള്‍ പ്രഖ്യാപനം

ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ നവംബര്‍ 11ന് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ നിലവിലെ സംഭവവികാസങ്ങള്‍ മൂലം ഷെഡ്യൂള്‍ പുറത്തുവിടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ നടത്താനായിരുന്നു പിസിബിയുടെ പദ്ധതി. ബിസിസിഐയുടെയും ഇന്ത്യൻ സർക്കാരിൻ്റെയും താൽപ്പര്യങ്ങൾക്കനുസൃതമായി ചാമ്പ്യൻസ് ട്രോഫി മാറ്റരുതെന്ന് പിസിബി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാനില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും, ഇന്ത്യന്‍ ടീം അങ്ങോട്ടേക്ക് പോകാന്‍ സാധ്യതയില്ലെന്നും ബിസിസിഐ പ്രസ്താവനയിറക്കിയിട്ടുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.